ദയാബായിക്ക് നല്‍കിയ ഉറപ്പ് ജലരേഖയായി. കാസര്‍കോട് ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം

Print Friendly, PDF & Email

ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി 18 ദിവസം നിരാഹാര സമരം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴ്വാഗ്ദാനങ്ങള്‍ മാത്രം. മന്ത്രിമാര്‍ രേഖാമൂലം നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ 19 -ാം തിയതി ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാല്‍ 10 ദിവസം കഴിയുമ്പോള്‍ കാസര്‍കോട് ജില്ലയിലെ 34 നഴ്സിങ്ങ് ഓഫീസര്‍മാരെയാണ് (ഗ്രേഡ് 1) സര്‍ക്കാര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റിദയാബാിക്കു രേഖാമൂലം നല്‍കിയ വാഗ്നാനം ആരോഗ്യവകുപ്പ് കാറ്റില്‍ പറത്തിയത് . 34 നഴ്സിങ്ങ് ഓഫീസര്‍മാരെ മാറ്റിയതിന് പകരമായി ഒരൊറ്റയാളെ പോലും കാസര്‍കോട്ടേക്ക് നിയമിച്ചിട്ടില്ല. കാസർകോട് ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ 2 വർഷം തികയാതെ സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവിനെ അട്ടിമറിച്ചാണ് പല സ്ഥലം മാറ്റങ്ങളും നല്‍കിയിരിക്കുന്നത്.

കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 19 പേരെയും ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയുമാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്കാണ് ഇവര്‍ക്ക് പുതിയ പോസ്റ്റിങ്ങ് നല്‍കിയിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് ഈ കൂട്ട സ്ഥലം മാറ്റം. ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ ടാറ്റ കൊവിഡ് ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയിലാണ്. എന്നാല്‍, തുടങ്ങുമെന്ന് പറഞ്ഞ അമ്മയും കുഞ്ഞും ആശുപത്രിയും കടലാസില്‍ മാത്രമായി ഒതുങ്ങും. കാത്ത് ലാബ് അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ നേഴ്സിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നറിയിച്ച ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ മാറ്റി. ഇതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റും. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ അടക്കം ജില്ലയിലെ രോഗികള്‍ ചികിത്സയ്ക്കായി കര്‍ണ്ണാടകയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ വിദഗ്ദ ചികിത്സ കിട്ടാതെ മരിക്കുയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിതെന്നും ഓര്‍ക്കേണ്ടതുണ്ട്.

ദയാബായി

18 ദിവസം നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ദയാബായിയുടെ ആരോഗ്യാവസ്ഥ മോശമായിരുന്നു. ഇതിനിടെ സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായല്ല പെരുമാറുന്നതെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ ദയാ ബായിക്ക് പിന്തുണ നല്‍കി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയത് സര്‍ക്കാറിന് തിരിച്ചടിയായി. ഇതിനെ തുടര്‍ന്ന് സമരം എത്രയും പെട്ടെന്ന് അവസനാപ്പിക്കുകയെന്നത് സര്‍ക്കാറിന്‍റെ ആവശ്യമായി മാറി. അങ്ങനെയാണ് മന്ത്രിമാരായ വീണാ ജോര്‍ജ്ജും ആര്‍ ബിന്ദുവും ആശുപത്രിയിലെത്ത് ദയാബായിയെ കണ്ട് ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കിയത്. ആദ്യം വ്യക്തതയില്ലാത്ത ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കിയത് എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദയാ ബായി ഉറപ്പിച്ച് പറഞ്ഞതോടെ അനുനയവുമായി മന്ത്രിമാര്‍ രംഗത്തെത്തുകയായിരുന്നു. മന്ത്രിമാര്‍ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് ദയാ ബായി അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍, മന്ത്രിമാര്‍ ഉറപ്പ് നല്‍കി 10 ദിവസം പിന്നിടുമ്പോഴേക്കും 34 പേരെ സ്ഥലം മാറ്റിയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

ജില്ലയ്ക്ക് അനുവദിച്ച ഡോക്ടർമാരുടെ ആകെ തസ്തിക 321 ആണ്. ഇതിൽ 30 ഡോക്ടർമാരുടെ കുറവ് നിലനില്‍ക്കുകയാണ്. ജില്ലയ്ക്ക് അനുവദിച്ച ഒരു ചീഫ് കൺസൽറ്റന്‍റിന്‍റെ പോസ്റ്റ് തന്നെ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൂടുതല്‍ വിദഗ്ദരായ ഡോക്ടര്‍മാരെ ജില്ലയിലേക്ക് നിയോഗിക്കണമെന്ന ദയാബായിയുടെ ആവശ്യവും മന്ത്രിമാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വെറും രാഷ്ട്രീയ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തെളിയുകയാണ്.

ഡോക്ടര്‍മാരുടെ കുറവിനൊപ്പം നേഴ്സുമാരുടെ കുറവ് കൂടിയാകുമ്പോള്‍ ജില്ലയിലെ ആരോഗ്യ മേഖലയുടെ പതനം പൂര്‍ത്തിയാകും. എന്നാല്‍, ഈ സ്ഥലം മാറ്റം ഉത്തരവുകള്‍ ഓഫീഷ്യലി വന്നിട്ടില്ലെന്നാണ് ഡിഎംഒ പറയുന്നതെങ്കിലും സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി. ജില്ലയില്‍ നിന്ന് 34 പേരെ മാറ്റിയെങ്കിലും പകരം സംവിധാനമെന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും പ്രതിസന്ധി സങ്കീര്‍ണ്ണമാക്കുന്നു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവിനാല്‍ നേരത്തെ തന്നെ ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ഇതിനിടെയാണ് നഴ്സിങ്ങ് ഓഫീസര്‍മാരുടെ കൂട്ട സ്ഥലം മാറ്റം.

Pravasabhumi Facebook

SuperWebTricks Loading...