ദേശീയപാത -66 ന്റെ നിർമാണം അനന്തമായി നീളുന്നു.

Print Friendly, PDF & Email

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള ദേശീയപാത -66 ന്റെ നിർമാണം അടുത്തെങ്ങും പൂർത്തിയാകില്ല. 24 ഭാഗമായാണ് നിർമാണം. ഒരുഭാഗത്തിന് ഇതുവരെ കരാർ നൽകിയിട്ടില്ല. പത്ത് ഭാഗങ്ങളിൽ ഏതാനും മാസം മുൻപ്‌ മാത്രമാണ് കരാർ നൽകിയത്. രണ്ടുവർഷം മുൻപ്‌ കരാർ കിട്ടിയ കമ്പനികളിൽ പലതും 15 ശതമാനത്തിൽ താഴെയേ ജോലികൾ പൂർത്തിയാക്കിയിട്ടുള്ളു. 31,726.794 കോടി ചെലവിൽ 692.03 കിലോമീറ്റർ പാതയാണ് ആകെ നിർമിക്കുന്നത്. ജോലി പൂർത്തിയായ മുറയ്ക്ക് 3,804.24 കോടി രൂപയാണ് വിവിധ കമ്പനികൾക്ക് നൽകിയത്. ആകെ ആകെ ചെലവിന്റെ 12 ശതമാനത്തോളം മാത്രo.

26.798 കി.മീ.വരുന്ന തിരുവനന്തപുരത്ത് കഴക്കൂട്ടം-മുക്കോല ബൈപ്പാസ് മാത്രമാണ് പൂർത്തിയായത്. അത് തുറന്നുകൊടുക്കുകയും ചെയ്തു. മുക്കോല-കളിയിക്കാവിള, കഴക്കൂട്ടം-ടെക്‌നോപാർക്ക് മേൽപ്പാലം, പള്ളിക്കര മേൽപ്പാലം, പാലൊളി-മൂരാട് പാലങ്ങൾ, തലശ്ശേരി മാഹി ബൈപ്പാസ് എന്നീ ഭാഗങ്ങളാണ് പൂർത്തിയാകാറായത്. ബാക്കി മഹാഭൂരിഭാഗത്തും ജോലിയുടെ 15 ശതമാനത്തിൽ താഴെ മാത്രമാണ് പൂർത്തിയായത്. മലപ്പുറം ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണം വരെയുള്ള 250 കിലോമീറ്ററോളം ഭാഗത്തെ പണി എങ്ങുമെത്തിയിട്ടില്ല. കോവിഡും പ്രളയവും ക്വാറി പെർമിറ്റിന്റെ പ്രശ്നവുമാണ് വൈകലിന് കാരണമെന്ന് വിവരാവകാശ ചോദ്യത്തിന് ദേശീയപാത അതോറിട്ടി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.