രാജ്യം ‘5ജി’യിലേക്ക്…

Print Friendly, PDF & Email

രാജ്യത്തെ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രമായ 5ജി യിലേക്ക് രാജ്യവും കടക്കുന്നു. ഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഫറൻസ് (ഐഎംസി) വേദിയിൽ വെച്ച് നിരവധി ടെലികോം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘5ജി’ സേവനങ്ങൾ രാജ്യത്തിന് സമര്‍പ്പിച്ചു.

ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ന​ഗരങ്ങളിലായിരിക്കും 5ജി സേവനങ്ങൾ നടപ്പാക്കുക. ഡൽഹി, മുംബൈ, വാരണാസി, ബംഗളൂരു എന്നിവയുൾപ്പെടെ എട്ട് നഗരങ്ങളിൽ നാമമാത്രമായാണെങ്കിലും എയർടെൽ ഇന്ന് 5ജി സേവനങ്ങൾ ആരംഭിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ചണ്ഡീഗഡ്, ഗുരുഗ്രാം, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗർ, അഹമ്മദാബാദ്, ജാംനഗർ എന്നീ 13 നഗരങ്ങളിലായിരിക്കും ആദ്യം 5ജി സേവനങ്ങൾ ലഭിക്കുക. 2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാർച്ചോടെ ഇന്ത്യയിലുടനീളം എയർടെൽ 5G സേവനങ്ങൾ ലഭ്യമാക്കും.

അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യം മുഴുവൻ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം 5ജി സേവനങ്ങളുടെ നികുതി എത്രയായിരിക്കുമെന്ന് ടെലികോ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. മുൻ തലമുറ മൊബൈൽ നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് ഉയർന്ന മൾട്ടി-ജിബിപിഎസ് വേഗത, കുറഞ്ഞ ലേറ്റൻസി, ഉയർന്ന വിശ്വാസ്യത എന്നിവ അഞ്ചാം തലമുറ നെറ്റ്‌വർക്കുകളുടെ പ്രത്യേകതകളാണ്. ഇന്ത്യയിൽ നിലവിലുള്ള മിക്കവാറും എല്ലാ സ്മാർട്ട് ഫെണുകൾക്കും കണക്റ്റിവിറ്റി നൽകുന്ന 4G നെറ്റ്‌വർക്കിന്റെ പിൻഗാമിയാണ് 5ജി. എന്നാല്‍, അപ്‌ഡേറ്റ് ചെയ്‌ത ഹാൻഡ്‌സെറ്റുകളും സിം കാർഡുകളും ഉള്ളവര്‍ക്ക് മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ. അതോടെ ഫോണ്‍സെറ്റുകളും സിംകാര്‍ഡുകളും മാറുന്ന തിരക്കിലായിരിക്കും ഇനിയുള്ള നാളുകളില്‍ രാജ്യം.

കഴിഞ്ഞ ജൂലായ് അവസാനം ഏഴു ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് ഏറ്റവും കൂടുതല്‍ സ്പെക്ട്രം ലേലത്തില്‍ എടുത്തത്, സുനില്‍ മിത്തല്‍ (എയര്‍ടെല്‍), രവീന്ദര്‍ ടക്കര്‍(വൊഡാഫോണ്‍ ഐഡിയ) എന്നിവരും 5ജി സ്പെക്ട്രം ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.

ടെലകോം മേഖലയിലെ അഞ്ചാം തലമുറയുടെ ചുരുക്കപ്പേരായ 5G ഒരു പുതിയ ആഗോള വയർലെസ് സ്റ്റാൻഡായി മാറുകയാണ്. വേഗതയേറിയ നെറ്റ്‌വർക്ക്, മികച്ച സിഗ്നൽ ശക്തി, നിസ്സാരമായ കാലതാമസം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, വേഗതയേറിയ ഡാറ്റ ട്രാന്‍സ്ഫര്‍ തുടങ്ങിയവ ഉറപ്പു നല്‍കുന്ന 5ജിലേക്ക് രാജ്യം കടക്കുന്നതോടെ രാജ്യത്തെ ശാസ്ത്ര ആരോഗ്യ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങൾ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ വൈഫൈ സാങ്കേതിക വിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ 20 മടങ്ങ് വേഗത്തിലോ നിലവിലെ മൊബൈൽ ഡാറ്റാ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിനെ അപേക്ഷിച്ച് 50 മടങ്ങ് വേഗതയിലോ 5G നെറ്റ്‌വർക്ക് ഡാറ്റാ വേഗത നൽകും. യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് 5G വിന്യാസത്തിൽ ഇപ്പോള്‍ മുൻപന്തിയിലുള്ളത്.