ലോകത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിച്ച ഗോർബച്ചേവ് വിട പറഞ്ഞു

Print Friendly, PDF & Email

അത്യപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവും ഈ ലോകത്തോട് വിട പറഞ്ഞു. തൊണ്ണൂറുകളില്‍ സോവിയറ്റ് യൂണിയന്‍റെ അവസാനത്തെ പ്രസിഡന്‍റ്, സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്ന് ലോക രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിച്ച വ്യക്തി, സോവിയേറ്റ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ച വ്യക്തി, ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ്, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ വ്യക്തി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് എന്നീ സിദ്ധാന്തങ്ങൾ ലോകത്തിന് അവതരിപ്പിച്ചയാള്‍…. അങ്ങനെ റഷ്യയുടെയും ലോകരാഷ്ട്രീയത്തിന്‍റെയും ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു മിഖായേല്‍ ഗേര്‍ബച്ചേവ് എന്ന സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്.

അമേരിക്കയുടെ ക്യാപിറ്റലിസ്റ്റ് തന്ത്രങ്ങള്‍ക്ക് ഒരു ബദല്‍ എന്ന നിലയിലായിരുന്നു 90 കളുടെ തുടക്കം വരെ ലോകം റഷ്യയെ കണ്ടിരുന്നത്. എന്നാല്‍, മിഖായേല്‍ ഗോര്‍ബച്ചേവ് ഒറ്റ രാത്രി കൊണ്ട് ലോകത്തിന്‍റെ ഗതിവിഗതികളെ മാറ്റി മറിച്ചു. സോവിയേറ്റ് യൂണിയന്‍ എന്ന യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ച് കിടന്നിരുന്ന രാജ്യം ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പതിനഞ്ചോളം രാജ്യങ്ങളായി ചിതറി തെറിച്ചു. ഒരേ സമയം അദ്ദേഹം ലോകത്തിന് മറ്റൊരു ആശയധാരയെ പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിന്‍റെ കുഴമറിച്ചിലില്‍ മിഖായേല്‍ ഗോര്‍ബച്ചേവിനെ ഒരേ സമയം നായകനും വില്ലനുമാക്കി മാറ്റി. ഒരേ സമയം വിരുദ്ധ ധ്രുവങ്ങളെ പേറേണ്ടിവന്ന അത്യപൂര്‍വ്വം ലോക നേതാക്കളില്‍ ഒരാളായി തീര്‍ന്നു അദ്ദേഹം.

who is Mikhail Gorbachev
ആള്‍ക്കൂട്ടത്തിനു നടുവില്‍

മിഖായേൽ സെർജിയേവിച്ച് ഗോർബച്ചേവ്, എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. 1931 മാര്‍ച്ച് രണ്ടിന് അന്നത്തെ സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായ റഷ്യന്‍ സോവിയേറ്റ് ഫെഡറേറ്റിവ് സോഷ്യലിറ്റ് റിപ്പബ്ലിക്കിലെ (RSFSR) പ്രിവോൾനോയ് ഗ്രാമത്തിലാണ് മിഖായേല്‍ ഗോര്‍ബച്ചേവ് ജനിച്ചത്. ആ കാലത്തും പ്രിവോൾനോയെ വംശീയതയുടെ പേരില്‍ റഷ്യന്‍, യുക്രൈന്‍ എന്നിങ്ങനെ ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടിരുന്നു. ഗോര്‍ബച്ചേവിന്‍റെ പിതാവ് സെർജി ആൻഡ്രേവിച്ച് റഷ്യന്‍ വംശജനും അമ്മ മരിയ പന്തലെയേവ്‌ന ഗോർബച്ചേവ് യുക്രൈന്‍ വംശജയും. ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനിച്ച കുട്ടിക്ക് വിക്ടര്‍ എന്നായിരുന്നു ആദ്യ പേര്. എന്നാല്‍, അമ്മയുടെ നിര്‍ബന്ധത്തില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി കൊച്ചു വിക്ടറിനെ ജ്ഞാനസ്നാനം നടത്തി. അന്ന് മുതല്‍ അദ്ദേഹം മിഖായേല്‍ എന്ന് വിളിക്കപ്പെട്ടു.

കൊംസോമോള്‍ എന്നറിയപ്പെട്ടിരുന്ന യംഗ് കമ്മ്യൂണിസ്റ്റ് ലീഗില്‍ തന്‍റെ 15 മത്തെ വയസില്‍ മിഖായേല്‍ അംഗമായി. 1952 ൽ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലോ സ്കൂളിൽ ചേര്‍ന്ന മിഖായേല്‍ അവിടെ വച്ച് സോവിയേറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1955-ൽ നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും താഴെ തട്ടില്‍ നിന്നാണ് തന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1970-ൽ 39- മത്തെ വയസില്‍ മിഖായേല്‍ പ്രാദേശിക പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രായം കുറഞ്ഞ പാര്‍ട്ടി പ്രാദേശിക സെക്രട്ടറിയാക്കപ്പെട്ട മിഖായേല്‍ 1971 ല്‍ സോവിയറ്റ് യൂണിയന്‍റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി. ജീവചരിത്രകാരനായ സോറസ് മെദ്‌വദേവ് പറയുന്നത് ഗോർബച്ചേവ് “ഇപ്പോൾ പാർട്ടിയുടെ സൂപ്പർ-എലൈറ്റിൽ ചേർന്നു” എന്നാണ്. എന്നാല്‍, ആദ്യകാലത്ത് മിഖായേലിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പ്രധാനമായും പ്രദേശിക ഭരണത്തിലെ കെടുകാര്യസ്ഥതയും പാര്‍ട്ടി കേഡറുകളുടെ കാര്യക്ഷമതയില്ലായ്മയും സാമ്പത്തിക അച്ചടക്കമില്ലായ്മയുമൊക്കയായിരുന്നു ഉയര്‍ന്ന പരാതികള്‍. ഒടുവില്‍ മോസ്കോയുടെ കേന്ദ്രീകൃതമായ അമിതാധികാരമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വ്യഖ്യാനിക്കപ്പെട്ടു.

who is Mikhail Gorbachev
ഗോര്‍ബിച്ചേവ് വിദേശ പര്യടന വേളയില്‍

പാര്‍ട്ടി നേതാവെന്ന നിലയില്‍ രാജ്യത്തെ കാര്‍ഷികോല്‍പ്പാദനം ഉയര്‍ത്താനായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം. എന്നാല്‍, 1975 ലും 76 ലും ഉണ്ടായ ശക്തമായ വരള്‍ച്ച ഈ ദൗത്യത്തെയും പിന്നോട്ടടിച്ചു. എങ്കിലും ചില നേട്ടങ്ങള്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ അവകാശപ്പെടാനുണ്ട്. ഇതിന്‍റെ ഫലമായി 1972 ല്‍ ഓർഡർ ഓഫ് ഒക്‌ടോബർ വിപ്ലവം എന്ന മെഡല്‍ അദ്ദേഹത്തെ തേടിയെത്തി. ഇതിനിടെ പാര്‍ട്ടിയുടെയും രാജ്യത്തെയും ഏറ്റവും ഉയര്‍ന്ന നേതൃത്വവുമായും കെജിബിയുടെ തലവന്‍ യൂറി ആൻഡ്രോപോവുമായും അദ്ദേഹം നല്ല ബന്ധം വളര്‍ത്തിയെടുത്തിരുന്നു.

ഈ കാലഘട്ടത്തില്‍ അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്വന്തം നേതാക്കള്‍ക്കെതിരെ യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിമര്‍ശനങ്ങളുന്നയിക്കുന്നതില്‍ മിഖായേല്‍ ആശ്ചര്യം പൂണ്ടു. അന്നും റഷ്യയില്‍ സ്വതന്ത്രവിമര്‍ശനം അനുവദനീയമായിരുന്നില്ല. ഭാര്യയുമൊത്ത് താന്‍ നടത്തിയ ഈ യൂറോപ്യന്‍ സന്ദര്‍ശനങ്ങള്‍ “ബൂർഷ്വാ ജനാധിപത്യത്തേക്കാൾ സോഷ്യലിസ്റ്റിന്‍റെ ശ്രേഷ്ഠതയിലുള്ള ഞങ്ങളുടെ മുൻകാല വിശ്വാസത്തെ ഇളക്കിമറിച്ചു” എന്ന് അദ്ദേഹം പിന്നീട് എഴുതി. 1977-ൽ സുപ്രീം സോവിയറ്റ് യൂത്ത് അഫയേഴ്‌സ് സ്റ്റാൻഡിംഗ് കമ്മീഷൻ അധ്യക്ഷനായി ഗോര്‍ബച്ചേവ് നിയമിതനായി. 1985 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോൺസ്റ്റാന്റിൻ ചെർനെങ്കോയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് മിഖായേല്‍ ഗോര്‍ബച്ചേവിന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.

മിഖായേല്‍ ഗോര്‍ബച്ചേവിന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഗോര്‍ബച്ചേവിനെ അത്ഭുതപ്പെടുത്തി പോളിറ്റ് ബ്യൂറോ അദ്ദേഹത്തെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത്തെ സെക്രട്ടറിയായി ഏകകണ്ഠേന തെരഞ്ഞെടുത്തു. ആദ്യ കാലത്ത് സോവിയേറ്റ് യൂണിയനിലെ പ്രദേശിക പ്രശ്നങ്ങളെ പരിഹരിക്കാനും ഐക്യം ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹം നടത്തിയത്.

തന്‍റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാരോട് നേരിട്ട് സംസാരിക്കാന്‍ അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചു. അതോടൊപ്പം പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലുള്ള പുകഴ്ത്തലുകളെ അദ്ദേഹം അനുവദിച്ചിരുന്നുമില്ല. പോളിറ്റ് ബ്യൂറോ മീറ്റിംഗുകളിലും അതുവരെ നിലനിന്നിരുന്ന ഭയം നിറഞ്ഞ രഹസ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് തുറന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കി. യുഎസ് അടക്കമുള്ള നാറ്റോ രാജ്യങ്ങള്‍ മിഖായേലിനെ ഭീഷണി കുറഞ്ഞ നേതാവായി കണക്കാക്കി. മുന്‍ കാല നേതാക്കളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്‍റെ ഭാര്യ റൈസ ഗോർബച്ചേവ് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തിന്‍റെ പ്രധാന ഉപദേശകരില്‍ ഒരാളുമായിരുന്നു.

പാര്‍ട്ടിയില്‍ അന്നുവരെ തുടര്‍ന്ന് വന്നിരുന്ന അധികാരശ്രേണിയില്‍ സമൂലമായ മാറ്റത്തിന് മിഖായേല്‍ ഗോര്‍ബച്ചേവ് ആഗ്രഹിച്ചു. എന്നാല്‍, പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷ പിന്തുണ അതിന് വേണമായിരുന്നു. ഇതിനായി നിലവിലുള്ള അംഗങ്ങളുടെ വിരമിക്കലിന് അദ്ദേഹം അകമഴിഞ്ഞ പ്രോത്സാഹനം നല്‍കി. സോവിയറ്റ് നേതൃത്വത്തിലുള്ള തന്‍റെ വ്യക്തിപരമായ അധികാരം ഉറപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. സ്തംഭനാവസ്ഥയിലായിരുന്ന സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി. ഇതിനായി സാങ്കേതിക നവീകരണത്തിനും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. തന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനായി തന്‍റെ വിശ്വസ്തരെ അദ്ദേഹം പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നു. ഗ്രോമിക്കോ, എഡ്വേർഡ് ഷെവാർഡ്‌നാഡ്‌സെ, യാക്കോവ്‌ലേവ്, അനറ്റോലി ലുക്യാനോവ്, വാഡിം മെദ്‌വദേവ് എന്നിവര്‍ക്ക് ഉന്നത പദവികള്‍ നല്‍കപ്പെട്ടു. 1985 ല്‍ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായി ബോറിസ് യെൽറ്റ്‌സിനെ കൊണ്ടുവന്നു. സെക്രട്ടേറിയറ്റിലെ 23 വകുപ്പ് മേധാവികളിൽ 14 പേരെയും മാറ്റിക്കൊണ്ട് അദ്ദേഹം സമൂല പരിവര്‍ത്തനം തന്നെ കൊണ്ടുവന്നു. വളരെ ചെറിയ കാലത്തിനുള്ളില്‍ പാര്‍ട്ടിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ഇതുവഴി അദ്ദേഹത്തിന് കഴിഞ്ഞു.

who is Mikhail Gorbachev
അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനൊപ്പം

എന്നാല്‍, ഈ മാറ്റങ്ങള്‍ ഉപരിപ്ലവമായി മാത്രം നിലകൊണ്ടു. ഇതിനിടെ 1987-88 കാലഘട്ടത്തിൽ ഗോർബച്ചേവ് സോവിയറ്റ് സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയില്‍ ആഴത്തിലുള്ള പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഗ്ലാസ്‌നോസ്‌റ്റിന് കീഴിൽ ഒരു പ്രധാന സാംസ്‌കാരിക പരിഷ്കരണമായിരുന്നു ആദ്യത്തേത്. അതുവരെ രാജ്യത്ത് നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് ഇരുമ്പുമറ പൊളിക്കാനായി ആവിഷ്‌കാര സ്വാതന്ത്ര്യവും വിവര സ്വാതന്ത്ര്യവും അനുവദിക്കുന്നതിനായി ഗണ്യമായി പരിഗണന നല്‍കി. പത്ര റിപ്പോര്‍ട്ടിങ്ങിനും വിമര്‍ശനത്തിനും ഉണ്ടായിരുന്ന തടസങ്ങള്‍ നീക്കി, സ്വാതന്ത്രം അനുവദിച്ചു. സോവിയറ്റ് രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാനുള്ള ആദ്യ ശ്രമങ്ങളായി പെരിസ്ട്രോയിക്കയെ അദ്ദേഹം അവതരിപ്പിച്ചു. പാർട്ടി, സർക്കാർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതല്‍ മത്സരാര്‍ത്ഥികളെയും രഹസ്യ ബാലറ്റും കൊണ്ടുവന്നു. പെരെസ്ട്രോയിക്കയുടെ കീഴിൽ, സോവിയറ്റ് സമ്പദ്‌വ്യവസ്ഥയിൽ സ്വതന്ത്ര-വിപണി സംവിധാനങ്ങള്‍ പരിമിതമായെങ്കിലും അനുവദിക്കപ്പെട്ടു. എന്നാല്‍, പതിറ്റാണ്ടുകളായി രാജ്യത്തിന്‍റെ വിഭവം കൈയാളിയിരുന്ന പാര്‍ട്ടി സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇതോടെ എതിര്‍പ്പുകള്‍ ശക്തമായി.

രാജ്യത്ത് പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പം പടിഞ്ഞാറും കിഴക്കുമുള്ള വികസിത രാജ്യങ്ങളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. 1987 ല്‍ യുഎസുമായി അദ്ദേഹം കരാറുകളില്‍ ഒപ്പുവച്ചു. ഇതിന്‍റെ ഫലമായി യുഎസിന്‍റെ കൈവശമുള്ള ഇന്‍റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ-ടിപ്പ്ഡ് മിസൈലുകള്‍ നശിപ്പിക്കാന്‍ റൊണാൾഡ് റീഗൻ സമ്മതിച്ചു. ഒമ്പത് വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 1988-89-ൽ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്‍വാങ്ങി.

സര്‍ക്കാറിന്‍റെ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ നിയന്ത്രണം നീക്കാനായി യു.എസ്.എസ്.ആർ കോൺഗ്രസ് ഓഫ് പീപ്പിൾസ് ഡെപ്യൂട്ടീസ് എന്ന പേരിൽ ഒരു പുതിയ ദ്വിസഭ പാർലമെന്‍റ് രൂപീകരിച്ചു. അധികാര സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ക്ക് നേരിട്ട് മത്സരിക്കാന്‍ അനുവാദം നല്‍കി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സുപ്രീം സോവിയേറ്റിന്‍റെ ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ദേശീയ പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. സോവിയേറ്റ് യൂണിയന്‍റെ പരമാധികാരിയായതോടെ 1989 ന്‍റെ അവസാനത്തിലും 1990 ന്‍റെ ആദ്യത്തിലും യൂറോപ്പിന്‍റെ രാഷ്ട്രീയ ഘടനയെ മാറ്റിമറിച്ച ശീതയുദ്ധത്തിന്‍റെ അവസാനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 1989-ൽ കിഴക്കൻ യൂറോപ്പിലെ സോവിയറ്റ്-ബ്ലോക്ക് രാജ്യങ്ങളിലെ പരിഷ്‌കരണവാദികളായ കമ്മ്യൂണിസ്റ്റുകൾക്ക് അദ്ദേഹം അകമഴിഞ്ഞ പിന്തുണ നല്‍കി. എന്നാല്‍, അതുവരെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ നിലനിന്നിരുന്ന രഹസ്യാത്മതയ്ക്ക് കോട്ടം തട്ടിത്തുടങ്ങിയതോടെ കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തകര്‍ന്നു. ഗോര്‍ബച്ചേവിന് ഈ തോല്‍വികളെ നിശബ്ദമായി അംഗീകരിക്കേണ്ടിവന്നു.

1989-90 അവസാനത്തോടെ കിഴക്കൻ ജർമ്മനി, പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഇതര സർക്കാരുകൾ അധികാരത്തിൽ വന്നപ്പോൾ, ഗോർബച്ചേവ് ആ രാജ്യങ്ങളിൽ നിന്ന് സോവിയറ്റ് സൈനികരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങി. 1990-ലെ വേനൽക്കാലത്ത് അദ്ദേഹം പശ്ചിമ ജർമ്മനിയുമായി കിഴക്കന്‍ ജര്‍മ്മനിയുടെ പുനരേകീകരണത്തിന് സമ്മതിച്ചു. അതോടൊപ്പം ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍റെ ദീർഘകാല ശത്രുവായ യുഎസ് നേതൃത്വത്തിലുള്ള നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷനിൽ അംഗമാകാന്‍ അനുവദിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ നിലനിന്നിരുന്ന ഭരണകൂട ഇരുമ്പുമറ തകര്‍ത്ത് അവിടെ ജനാധിപത്യ പരിഷ്കരണത്തിന് ശ്രമം നടത്തിയതിന്‍റെ പേരില്‍ 1990-ൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ ജനാധിപത്യ ക്രമത്തിനുള്ള ഗോര്‍ബച്ചേവിന്‍റെ ശ്രമം സോവിയേറ്റ് യൂണിയനില്‍ ആഭ്യന്തര കലാപത്തിന് വഴിതെളിച്ചു. അസർബൈജാനിലും ജോർജിയയിലും ഉസ്ബെക്കിസ്ഥാനിലും ആഭ്യന്തര കലാപത്തിന് ആക്കം കൂടിയപ്പോള്‍ ലിത്വാനിയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. ഇതോടെ 1989-90 കാലഘട്ടത്തിൽ നിരവധി സെൻട്രൽ ഏഷ്യൻ റിപ്പബ്ലിക്കുകളിലെ രക്തരൂക്ഷിത വംശീയ കലഹങ്ങൾ അടിച്ചമർത്താൻ ഗോർബച്ചേവിന് സൈന്യത്തെ ഇറക്കേണ്ടിവന്നു. അതേസമയത്ത് തന്നെ യു.എസ്.എസ്.ആറിൽ നിന്ന് റിപ്പബ്ലിക്കുകളെ നിയമപരമായി വേർപെടുത്താൻ കഴിയുന്ന ഭരണഘടനാ സംവിധാനങ്ങൾക്കും അദ്ദേഹം രൂപം നല്‍കി.

സിപിഎസ്യുവിന്‍റെ അധികാരം ക്ഷയിച്ച് വരുന്നതിനൊപ്പം 1990-ൽ ഗോർബച്ചേവ് പാർട്ടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്ന നടപടി ശക്തമാക്കി. തുടര്‍ന്ന് 1990 മാര്‍ച്ചില്‍ കോൺഗ്രസ് ഓഫ് പീപ്പിൾസ് ഡെപ്യൂട്ടീസ് അദ്ദേഹത്തെ വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങളോടെ യു.എസ്.എസ്.ആറിന്‍റെ പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാപരമായി ഉറപ്പുനൽകിയ രാഷ്ട്രീയ അധികാര കുത്തക ഗോര്‍ബച്ചേവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നിർത്തലാക്കി, ഇത് മറ്റ് രാഷ്ട്രീയ പാർട്ടികളെ രാജ്യത്ത് നിയമവിധേയമാക്കുന്നതിന് വഴിയൊരുക്കി.

സോവിയറ്റ് ഭരണകൂടത്തിന്‍റെ ഭാഗമായിരുന്ന ഏകാധിപത്യ പ്രവണതയെ ഇല്ലാതാക്കി ജനാധിപത്യത്തെ പുനസ്ഥാപിക്കുന്നതില്‍ അദ്ദേഹം ചെറിയ തോതിലെങ്കിലും വിജയിച്ചു. എന്നാല്‍, കേന്ദ്രീക‍ൃത ഭരണകൂടത്തിന്‍റെ പിടിയില്‍ നിന്ന് സോവിയറ്റ് സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. സ്വകാര്യ ഉടമസ്ഥതയിലേക്കും സ്വതന്ത്ര വിപണി സംവിധാനങ്ങളിലേക്കു മുള്ള നിർണ്ണായകമായ മാറ്റത്തെ ഗോര്‍ബച്ചേവ് എതിര്‍ത്തു. രാഷ്ട്രീയ ജനാധിപത്യം കൊണ്ടുവന്നെങ്കിലും സമ്പദ്‍വ്യവസ്ഥയെ കേന്ദ്രീകൃത വ്യവസ്ഥയ്ക്ക് കീഴില്‍ മാത്രമായി നിര്‍ത്തിയത് പല പ്രശ്നങ്ങള്‍ക്കും തുടക്കം കുറിച്ചു. അപ്പോഴും പ്രസിഡന്‍റിന്‍റെ അധികാരം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പരാജയം നേരിട്ടു.

തകരുന്ന സമ്പദ്‌വ്യവസ്ഥ, വർദ്ധിച്ചുവരുന്ന പൊതു നിരാശ, ഘടക റിപ്പബ്ലിക്കുകളിലേക്കുള്ള അധികാരത്തിന്‍റെ തുടർച്ചയായ മാറ്റം എന്നിവയെ തുടര്‍ന്ന് സ്വന്തം അധികാരം ഉറപ്പിക്കാനായി 1990 അവസാനത്തോടെ ഗോർബച്ചേവ് പാർട്ടി യാഥാസ്ഥിതികരുമായും സുരക്ഷാ സംഘടനകളുമായും സഖ്യമുണ്ടാക്കിയെങ്കിലും അത് ഫലവത്തായില്ല. ഇതേ സമയം രാജ്യത്തെ കമ്മ്യൂണിസ്റ്റുകള്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ രാജ്യത്ത് അരാജത്വം ശക്തമായ 1991 ല്‍ അദ്ദേഹം രാജ്യത്തുണ്ടായ ഒരു ഹ്രസ്വകാല അട്ടിമറിയെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം വീട്ടുതടങ്കലിലായി. അട്ടിമറിക്ക് ശേഷം ബോറിസ് യെൽറ്റ്സിന്‍റെ നേതൃത്വത്തില്‍ വീണ്ടും പ്രസിഡന്‍റായി അദ്ദേഹം ചുമതലയേറ്റു. ഈ സമയത്ത് അദ്ദേഹം കേന്ദ്ര കമ്മിറ്റി പിരിച്ചുവിടുകയും കെജിബിയുടെയും സായുധ സേനയുടെയും മേലുള്ള പാർട്ടിയുടെ നിയന്ത്രണം ഇല്ലാതാക്കാനുള്ള നടപടികളെ പിന്തുണക്കുകയും ചെയ്തു. ഇതിനിടെ യെൽ‌സിനിന്‍റെ കീഴിലുള്ള റഷ്യൻ സർക്കാർ തകരുന്ന സോവിയറ്റ് ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. എന്നാല്‍, 1991 ഡിസംബർ 25-ന് ഗോർബച്ചേവ് സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. അതോടൊപ്പം സോവിയേറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതെയായി.

വീണ്ടും റഷ്യയുടെ ഭരണാധികാരിയാകാനുള്ള ശ്രമം ഗോര്‍ബച്ചേവ് നടത്തി. താന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും ഭരണത്തിലേറാനായി, 1996-ൽ ഗോർബച്ചേവ് റഷ്യയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു. എന്നാല്‍‌ വെറും ഒരു ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പിന്നീട് സ്പീക്കറായും റഷ്യൻ തിങ്ക് ടാങ്കുകളിലെ അംഗമായും അദ്ദേഹം പൊതുജീവിതം തുടര്‍ന്നു. 2006 ല്‍ റഷ്യൻ ശതകോടീശ്വരനും മുൻ നിയമനിർമ്മാതാവുമായ അലക്സാണ്ടർ ലെബെദേവുമായി അദ്ദേഹം സഖ്യം പ്രഖ്യാപിച്ചു. ഭരണകൂട വിമര്‍ശനം നടത്തിയിരുന്ന സ്വതന്ത്ര പത്രമായ നോവയ ഗസറ്റയുടെ പകുതിയോളം ഷെയറുകള്‍ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. 2008 സെപ്തംബർ 30-ന്, ഗോർബച്ചേവും ലെബെദേവും ചേർന്ന് ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഒരിക്കലും യാഥാർത്ഥ്യമായില്ല. റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനെ, ഗോർബച്ചേവ് ചില സമയങ്ങളിൽ വിമർശിച്ചിരുന്നു. എന്നാല്‍, 2014 ല്‍ തന്‍റെ സാമ്രാജത്വ നടപടിയുടെ ഭാഗമായി ക്രിമിയ പിടിച്ചെടുക്കാനുള്ള പുടിന്‍റെ ശ്രമങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.

ഏറെക്കാലമായി വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കുള്ളിലേക്ക് രാഷ്ട്രീയ ജനാധിപത്യ പരിഷ്ക്കരണ ശ്രമങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഭരണകൂടത്തിലെ രാഷ്ട്രീയ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അനുകൂലിച്ച അദ്ദേഹത്തിന് പക്ഷേ ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.

91- മത്തെ വയസില്‍ അനാരോഗ്യത്തെ തുടര്‍ന്ന് അന്തരിക്കുമ്പോള്‍ സ്വന്തം രാജ്യത്ത് അദ്ദേഹം കൊണ്ടുവരാന്‍ ശ്രമിച്ച ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് റഷ്യ പിന്നോക്കം നടക്കാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. റഷ്യന്‍ വംശീയതയ്ക്ക് രാജ്യത്ത് ശക്തമായ വേരോട്ടം ലഭിച്ചു കഴിഞ്ഞു. പഴയ കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിര്‍ പുടിന് കീഴിയില്‍ റഷ്യ സാമ്രാജ്യത്വ മോഹങ്ങള്‍ പൊടിതട്ടിയെടുത്തു തുടങ്ങി. ചരിത്രം മറ്റൊരു ദിശയിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു.

Pravasabhumi Facebook

SuperWebTricks Loading...