കേരള സവാരി നാളെ മുതല്‍; സര്‍വ്വീസ് ചാര്‍ജ് എട്ട് ശതമാനം മാത്രം.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ ‘കേരള സവാരി’ നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് ഈ സേവനത്തിന് തുടക്കമിടുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മറ്റു ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയില്‍ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുകയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരക്കുള്ള സമയങ്ങളില്‍ മറ്റു ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ സര്‍വീസുകള്‍ക്ക് ഒന്നര ഇരട്ടിവരെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ലഭിക്കാറുമില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കാനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സുരക്ഷയുടേതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വീസാണിത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്‌ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ആപ്പില്‍ ഒരു പാനിക് ബട്ടണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തില്‍ അപകടസാധ്യത തോന്നിയാലോ ഈ ബട്ടണ്‍ അമര്‍ത്താം. തീര്‍ത്തും സ്വകാര്യമായി ഒരാള്‍ക്ക് അത് ചെയ്യാനാവും. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ യാത്രക്കാരന്‍ അത് ചെയ്താല്‍ ഡ്രൈവര്‍ക്കോ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇനി ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റാത്തത്ര അപകട സാഹചര്യത്തിലാണെങ്കില്‍ ബട്ടണ്‍ അമര്‍ത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കില്‍ നേരിട്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കണക്ട്ഡ് ആവും.
വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെന്റര്‍ തയ്യാറാക്കിയിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കാള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വീസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കണ്ടെത്താനാവും വിധമാണ് കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.