ഫത്‌വ പിന്‍വലിച്ചെങ്കിലും വിടാതെ പിന്തുടരുന്ന കൊലക്കത്തി…!
വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ യു എസില്‍ നടന്ന പൊതുപരിപാടിക്കിടെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മതഭ്രാന്തിന്‍റെ ഏറ്റവും ഭീകരമുഖമാണ് വെളിപ്പെടുന്നത്. തലമുറകള്‍ മാറിയാലും മതഭ്രാന്ത് അവസാനിക്കില്ല എന്ന് തെളിയിക്കുകയാണ് റുഷ്ദിക്കുനേരെ നടന്ന വധശ്രമം.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാറ്റാനിക് വേഴ്‌സസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂണ്‍ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍പഠനം. 1968 ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.
സയന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ല്‍ പുറത്തിറങ്ങിയ ഈ നോവലിലൂടെയാണ് അദ്ദേഹം വിശ്വപ്രസിദ്ധനായത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷത്തില്‍ ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിര്‍ണായക സന്ധികളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഒരാളുടെ ജീവിതമായിരുന്നു ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ഈ കൃതിക്ക് ബുക്കര്‍ പ്രൈസ്, അടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ചു.
1988 -ല്‍ ആണ് റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ച പുസ്തകം പുറത്തിറങ്ങിയത്. ‘സെയ്റ്റനിക് വേഴ്‌സസ്’ എന്ന നോവല്‍ നിരൂപക പ്രശംസ നേടിയെങ്കിലും പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുച്ചുവെന്ന് ആേരാപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. മതനിന്ദാപരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് പുസ്തകം നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടു. തുടര്‍ന്നായിരുന്നു ഖുമൈനിയുടെ ഫത്‌വ. 33 വര്‍ഷം മുമ്പാണ് ഇസ്‌ലാമിക വിപ്ലവാനന്തര ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായിരുന്ന ആയത്തുല്ലാ ഖുമൈനി റുഷ്ദിക്കെതിരെ മതശാസനം പുറെപ്പടുവിച്ചത്. സല്‍മാന്‍ റുഷ്ദിയുടെ തലയെടുക്കുന്നവര്‍ക്ക് മൂന്ന് മില്യന്‍ ഡോളര്‍ (23 കോടി രൂപ) നല്‍കുമെന്നായിരുന്നു 1989 ഫെബ്രുവരി 14ന് ഖുമൈനിയുടെ ഫത്‌വ. തുടര്‍ന്ന് ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. ഏറെക്കാലം പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004-ല്‍ ഇറാന്‍ ഫത്‌വ പിന്‍വലിച്ചതോടെയാണ് സജീവമായത്. എന്നാല്‍, ഖുമൈനിയുടെ ഫത്‌വ വന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം 2012-ല്‍ ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള മറ്റൊരു മതകാര്യ ഫൗണ്ടേഷന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ (3.9 കോടി രൂപ) പ്രഖ്യാപിച്ചിരുന്നു. അതു വന്ന് 11 വര്‍ഷങ്ങള്‍ക്കു ശേഷമാണിപ്പോള്‍ റുഷ്ദിക്കെതിരായ ആക്രമണം നടന്നത്.
റുഷ്ദിക്കെതിരായി ഖുമൈനി ഫത്‌വ പുറപ്പെടുവിച്ചത് 1989-ലാണ്. അതു കഴിഞ്ഞ് ഒമ്പതു വര്‍ഷം കഴിഞ്ഞ് ജനിച്ച ലബനീസ് വേരുകളുള്ള യു എസ് പൗരനാണ് ഇക്കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന പൊതുപരിപാടിക്കിടയില്‍ റുഷ്ദിയെ വെട്ടിവീഴ്ത്തിയത്. 24 വയസ്സു മാത്രം പ്രായമുള്ള ഹാദി മത്താര്‍ എന്ന ചെറുപ്പക്കാരന്‍ വേദിയിലേക്ക് കടന്നുചെന്ന് റുഷ്ദിയുടെ മുഖത്തും കഴുത്തിനും വയറിനും കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും റുഷ്ദി അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ ഇപ്പോഴും പങ്കുവെയ്ക്കുന്നുണ്ട്. ചികില്‍സയെ തുടര്‍ന്ന്, യന്ത്രസഹായമില്ലാതെ ശ്വസിക്കാനുള്ള കഴിവ് തിരിച്ചുകിട്ടിയെങ്കിലും റുഷ്ദിയുടെ ആരോഗ്യനില അപകടാവസ്ഥയില്‍ തന്നെയാണ്. ഇന്നലെയാണ്, റുഷ്ദി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് മകന്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കിയത്.
റുഷ്ദിയെ കുറ്റപ്പെടുത്തി വീണ്ടും ഇറാന്‍
റുഷ്ദിക്കെതിരെ അമേരിക്കയില്‍നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് നിഷേധിച്ചുവെങ്കിലും സംഭവത്തെ മൗനമായി ന്യായീകരിക്കുന്ന നിലപാടിലായിരുന്നു ഇറാന്‍ ഭരണകൂടം. റുഷ്ദിക്കെതിരായ വധശ്രമം നടന്നപ്പോള്‍തന്നെ 33 വര്‍ഷം മുമ്പ് ഖുമൈനി പുറപ്പെടുവിച്ച ഫത്‌വ ചര്‍ച്ചാവിഷയമായിരുന്നു. മൂന്നര പതിറ്റാണ്ട് അടുത്തിട്ടും റുഷ്ദിയെ വേട്ടയാടുകയാണ് ആ ഫത്‌വയെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു ഇറാന്‍. റുഷ്ദിയ്‌ക്കെതിരായ ആക്രമണത്തിന്റെ പേരു പറഞ്ഞ് ഇറാനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും എഴുത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ റുഷ്ദിെക്കതിരായി എടുത്ത നിലപാടുകളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും സംഭവത്തിന് ഉത്തരവാദികള്‍ റുഷ്ദിയും കൂട്ടാളികളുമാണെന്നാണെന്നും ഇറാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഔദ്യോഗിക മാധ്യമങ്ങള്‍ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിക്കുന്നതിനു പകരം അക്രമത്തെ പിന്തുണയ്ക്കുന്ന പരോക്ഷ നിലപാടാണ് സ്വീകരിച്ചത്. റുഷ്ദിക്കെതിരായ വധശ്രമം ദൈവിക ശിക്ഷയാണെന്നായിരുന്നു ഒരു പത്രം വിശേഷിപ്പിച്ചത്. ‘പൈശാചിക നയനങ്ങള്‍ അന്ധമാവുമെന്നാ’യിരുന്നു മറ്റൊരു ഇറാന്‍ മാധ്യമം ഇതിനെ വിശേഷിപ്പിച്ചത്. ഈ നിലപാട് ലോകമാകെ ഇറാനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. റുഷ്ദിയുടെ തലയെടുക്കാനുള്ള ഖുമൈനിയുടെ മതശാസനത്തെ പരാമര്‍ശിക്കാത്ത ഇറാന്റെ പ്രതികരണം. എല്ലാത്തിനും കാരണം റുഷ്ദിയാണെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്. തലമുറകള്‍ മാറിയാലും മതഭ്രാന്തിനും അവര്‍ ഉയര്‍ത്തുന്ന കൊലക്കത്തിക്കും അവസാനമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് റുഷ്ദിക്കു നേരെ നടന്ന് വധശ്രമം.