“സവര്‍ക്കറാണ് സ്വാതന്ത്ര്യ സമര സേനാനി, ജവഹർലാൽ നെഹ്‌റു അല്ല” കർണാടകയിൽ സര്‍ക്കാര്‍ പരസ്യം വിവാദത്തില്‍.
കർണാടകയിൽ 2022ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച “ഹർ ഘർ തിരംഗ” പ്രചാരണത്തിനായി കർണാടക സർക്കാർ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തെച്ചൊല്ലി കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മില്‍ രൂക്ഷമായ വാക്ക് പോര്. ജവഹർലാൽ നെഹ്‌റുവിനെ പരസ്യത്തിൽ ഉൾപ്പെടുത്താതെ സവര്‍ക്കറെ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് ഒഴിവാക്കിയതാണ് പരസ്യത്തിൽ കോൺഗ്രസിന് അതൃപ്തിയുണ്ടാകാനുള്ള പ്രധാന കാരണം. എന്നാല്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപക നേതാവ് വിനായക് സവർക്കറെ വിപ്ലവ സവർക്കർ എന്ന് വിശേഷിപ്പിച്ചാണ് പരസ്യത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെഹ്‌റു കാരണം ഇന്ത്യ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടുവെന്ന് ബിജെപി വക്താവ് രവികുമാർ പറഞ്ഞു. ഇരു രാജ്യങ്ങളുടെ വിഭജനത്തിന് നെഹ്‌റുവും പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയും ഉത്തരവാദികളാണ്. അതുകൊണ്ടാണ് പത്രത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഒഴിവാക്കിയത്. എന്നിരുന്നാലും നെഹ്‌റുവിന്റെ ചിത്രം പരസ്യത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. പത്രപരസ്യത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ ഉൾപ്പെടുത്തിയത് അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതുകൊണ്ടാണെന്നും രവികുമാർ പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ നടപടിയെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ രംഗത്തുവന്നു. “ഇത് ഇന്ത്യയുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നാണക്കേടാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതിന്‍റെ പേരില്‍ പ്രധാനമന്ത്രി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ പുറത്താക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
“ഇത്തരം നിസ്സാരതകളെ നെഹ്‌റു അതിജീവിക്കും. തന്റെ സ്ഥാനം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന കർണാടക മുഖ്യമന്ത്രിക്കറിയാം, താൻ ചെയ്തത് തന്റെ പിതാവ് എസ് ആർ ബൊമ്മൈക്കും പിതാവിന്റെ ആദ്യ രാഷ്ട്രീയ ഗുരു എം.എൻ റോയിക്കും എതിരെയുള്ള തെറ്റുകൂടിയാണെന്ന്. വലിയ നെഹ്‌റു ആരാധകർ ആയിരുന്നു ഇരുവരും. ഇത് ദയനീയമാണ്” ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി ജയറാം രമേഷ് ട്വിറ്ററിൽ കുറിച്ചു.
2022ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കാൻ തീരുമാനിച്ച് പത്രത്തിൽ നൽകിയ പരസ്യത്തെ അപകീർത്തിപ്പെടുത്താൻ കർണാടകയിലെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് സംസ്ഥാന ബിജെപി കുറ്റപ്പെടുത്തി.