ഇന്ന് ചോദ്യം ചെയ്തത് പത്തുമണിക്കൂര്‍, നാളേയും ചോദ്യം ചെയ്യും.

Print Friendly, PDF & Email

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകാന്‍ രാഹുലിനോട് ഇഡി ആവശ്യപ്പെട്ടു.രണ്ടാംദിവസമായ ഇന്ന് പത്തുമണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് രാഹുല്‍ ഇഡി ഓഫീസിലെത്തിയത്. ഇന്നലെ ഒന്‍പത് മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് ഇന്നും അറസ്റ്റിലായത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനെ വക വെക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ പൊലീസും നേതാക്കളുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു. യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരായ ആദായനികുതി വകുപ്പിന്റെ അന്വേഷണം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഏജന്‍സി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്. വഞ്ചന, ഗൂഢാലോചന, വിശ്വാസ ലംഘനം എന്നീ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യല്‍ ബിജെപിയുടെ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •