കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല. രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം.
കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ചു. എന്നാല്‍ ഓരോ പ്രദേശത്തും അതാത് സമയത്ത് പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കാമെന്ന് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.
ദേശീയതലത്തിൽ വിശാല കൂട്ടായ്മ എന്ന നിർദ്ദേശമാണ് സിപിഎം പാർട്ടി കോൺഗ്രസ് രണ്ടു ദിവസം ചർച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മ നയത്തിൻറെ അടിസ്ഥാനത്തിലാകണം എന്ന വാദം പാർട്ടി കോൺഗ്രസിൽ ഉയർന്നു. കേരളഘടകത്തിന് പാർട്ടിയിൽ കിട്ടുന്ന സ്വീകാര്യതയുടെ സൂചനയായി കേരള ബദൽ എന്ന നിർദ്ദേശം. ഹിമാചൽപ്രദേശ് കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവർ ഈ നിർദ്ദേശം മുന്നോട്ടു വച്ചു. അരവിന്ദ് കെജ്രിവാൾ ദില്ലി മാതൃക മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കുന്നു. പാർട്ടി കേരള മാതൃക ഉയർത്തിക്കാട്ടാൻ മടിക്കരുത് എന്നാണ് നിർദ്ദേശം. ചർച്ചയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത പി രാജീവ് ടിഎൻ സീമ കെകെ രാഗേഷ് എന്നിവർ സംസ്ഥാനത്ത് സ്വീകരിച്ച നയം വിശദീകരിച്ചിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ അടവു നയമാക്കാതെ പാർട്ടിയുടെ വളർച്ചയ്ക്കുള്ള പ്രചാരണത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടിൽ പശ്ചിമ ബംഗാൾ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. മറ്റു പ്രാദേശിക പാർട്ടികളുമായി ചർച്ച വേണ്ട വിഷയമായതിനാലാണ് കേരള മാതൃക രാഷട്രീയ അടവു നയമാക്കി മാറ്റാത്തത്.
പ്രാദേശിക പാര്‍ട്ടികളുമായി മുന്നണി ചേരാമെന്ന സിപിഎം കേരള ഘടകത്തിന്റെ അഭിപ്രായത്തെ പരിഹസിച്ച് ബംഗാള്‍ ഘടകം. പ്രാദേശിക കക്ഷികളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ബംഗാളില്‍ നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടത്. ബിജെപിയുമായി സഖ്യം കൂടാത്ത എത്ര പാര്‍ട്ടികള്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്നവരാണ്. പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.