പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്…
വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പഞ്ചാബിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ്. ജനവിധി തേടുന്നത് 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ്. ബഹുകോണ മത്സരം നടക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് കടുത്ത പോരാട്ടത്തിലാണ്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ പാർട്ടികൾക്ക് അഭിമാന പോരാട്ടമാണ്.
ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചാരണത്തിൽ സജീവമായതോടെ പഞ്ചാബിൽ ത്രികോണമത്സരമായി. ആം ആദ്മി പാർട്ടി വൻ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിർത്താനുള്ളവ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്,ബിജെപിയുമായി ചേർന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങൾ, മുൻപെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളിൽ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്. സിദ്ധുവിനെ തോൽപ്പിക്കുമെന്നു അകാലിദൾ സ്ഥാനാർത്ഥി ബിക്രം സിങ് മജീദിയ പറഞ്ഞു.
അതേസമയം ഇന്നലെ സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, കോൺഗ്രസ് സ്ഥാനാർഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവർക്കെതിരെ കേസെടുത്തു.

