കൂട്ട വധശിക്ഷ: കോടതി ആധാരമാക്കിയത് സാഹചര്യ തെളിവുകള്‍

Print Friendly, PDF & Email

ഗുജറാത്തിലെ അഹമ്മദാബാദ് ബോംബുസ്‌ഫോടനക്കേസിൽ മലയാളികളടക്കം 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും വിധിച്ച പ്രത്യേക കോടതിയെ ആധാരമാക്കിയത് സാഹചര്യത്തെളിവുകള്‍. പ്രതികൾ ബോംബ് സ്ഥാപിക്കുന്നതിന് ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. എന്നാൽ ഇവരുടെ ഇതര പ്രവൃത്തികൾക്ക് സാക്ഷികളുണ്ടായിരുന്നതും അവയെ കണ്ണിചേർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതും നിർണായകമായി.

56 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളിൽ ഗുജറാത്തിലുള്ളവരെയാണ് ബോംബുകൾ സ്ഥാപിക്കാൻ ആസൂത്രകർ അയച്ചത്. ഇത് നേരിട്ട് കണ്ടവരില്ലെങ്കിലും പ്രതികൾ കള്ളവിലാസത്തിൽ താമസിച്ചതിനും സ്‌ഫോടനനിർമാണസാമഗ്രികൾ വാങ്ങിച്ചതിനുമൊക്കെ തെളിവുകളുണ്ട്. സ്‌ഫോടനത്തിന്റെ അന്നുവരെ പ്രവർത്തിപ്പിച്ചതും പിന്നീട് ഉപയോഗിക്കാഞ്ഞതുമായ ഫോൺനമ്പറുകൾ, മോഷ്ടിച്ച വാഹനങ്ങൾ, വ്യാജവിലാസമുള്ള സിംകാർഡുകൾ, സ്‌ഫോടനത്തിനുള്ള എൽ.പി.ജി. സിലിൻഡറുകൾ തുടങ്ങിയവയൊക്കെ സാക്ഷികളുടെകൂടി സഹായത്താൽ തെളിയിക്കാൻ കഴിഞ്ഞു. ഒരു മാപ്പുസാക്ഷിയുടെ മൊഴി ഏറെ സഹായകരമായി.

വാഗമൺ ക്യാമ്പിൽ പങ്കെടുത്ത തൻവീർ ശൈഖ് എന്ന പ്രതി മജിസ്‌ട്രേറ്റിനുമുന്നിൽ കൊടുത്ത സത്യവാങ്മൂലവും കോടതി സ്വീകരിച്ചു. മോദിയുൾപ്പെടെയുള്ളവരെ വകവരുത്തണമെന്ന് സിമി നേതാവ് സഫ്ദർ നഗോരി ഇവിടെ പ്രഖ്യാപിച്ചതായി ശൈഖ് പറഞ്ഞിരുന്നു. ഇയാൾ മൊഴി പിന്നീട് പിൻവലിച്ചെങ്കിലും കോടതി തെളിവാക്കി.

ആകെ 7025 പേജുള്ള വിധിയിൽ ജിഹാദ് പ്രവർത്തനങ്ങൾ സംബന്ധിച്ചും ജഡ്ജി എ.ആർ. പട്ടേലിന്റെ പരാമർശങ്ങളുണ്ട്. ഖുർആനിൽ വിശ്വസിക്കുന്ന മുസ്‍ലിം സംഘടനകൾ ജിഹാദിന്റെ ശരിയായ അർഥം പ്രചരിപ്പിക്കണമെന്ന് കോടതി നിർദേശിക്കുന്നു. ജിഹാദിനെയും തീവ്രവാദത്തിനെയും ഖുർആൻ വചനങ്ങൾ ഉപയോഗിച്ചുതന്നെ കോടതി വേർതിരിച്ചു. നിരപരാധികളുടെ മരണത്തിൽ പശ്ചാത്താപമില്ലാത്ത പ്രതികൾ സമൂഹത്തിന്റെ നിഴലിൽ വരാൻപോലും യോഗ്യരല്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ജയിലിൽപോലും കഴിയേണ്ടവരുമല്ല -രാജ്യത്ത് ഏറ്റവുമധികം ആളുകൾക്ക് വധശിക്ഷ നൽകിയ വിധിയിൽ ജഡ്ജി ചൂണ്ടിക്കാട്ടി.

വിചാരണക്കോടതിയുടെ വിധിക്കെതിരേ ഉന്നതകോടതികളെ സമീപിക്കുമെന്ന് ജമിയത്ത് ഉലേമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാനാ അർഷദ് മദനി വ്യക്തമാക്കി. ‘വിധി അവിശ്വസനീയമാണ്. രാജ്യത്തെ സമർഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഇവരുടെ മോചനത്തിന് യത്നിക്കും. മുമ്പ് അക്ഷർധാം ആക്രമണക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ടവരെ സുപ്രീംകോടതി വെറുതെ വിട്ടിട്ടുണ്ട്..’ അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്.