ഹിജാബ് : കര്‍ണാടകയില്‍ വിദ്യാലയങ്ങള്‍ അടച്ചിടുന്നു
ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ വിവാദം കത്തി നില്‍ക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റുകളോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്.
കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.