ലോകായുക്തയുടെ തലയരിയാന്‍ ഓര്‍ഡിനന്‍സ്…

Print Friendly, PDF & Email

. ലോകായുക്തയുടെ അധികാരം കവര്‍ന്ന് നിര്‍ജീവമാക്കാനുള്ള ശ്രമത്തില്‍ പിണറായി സര്‍ക്കാര്‍. അതിനായി പുതിയ നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് രണ്ടാം പിണറായി വിജയൻ സർക്കാർ നീക്കം. പുതിയ ഭേദഗതി പ്രകാരം മന്ത്രിമാരുടേയോ ഉദ്യോഗസ്ഥരുടേയോ പേരിലുണ്ടാകുന്ന ലോകയുക്ത വിധി സർക്കാരിന് തള്ളാം. മുഖ്യമന്ത്രിയുടെ പേരിലാണ് വിധി എങ്കില്‍ അത് സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് ഗവര്‍ണര്‍ക്ക് തള്ളാം. അതായത് സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെ ലോകായുക്ത വിധി നടപ്പിലാക്കുവാന്‍ കഴിയില്ല എന്നര്‍ത്ഥം.

ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനുള്ള നിർദ്ദേശം ഭേദഗതിയിലുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്‌ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകാൻ കഴിയുക.

1987-ലെ കേരള പൊതുസേവകരുടെ അഴിമതി കേസന്വേഷണ നിയമത്തിന് ശക്തി പോരെന്ന് കണ്ടിട്ടാണ് ഇന്ന് നിലവിലുള്ള ലോകായുക്ത ആക്ട് 1999-ല്‍ കൊണ്ടുവരുന്നത്.ആരെങ്കിലും അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടുണ്ടെന്ന് പരാതി ലഭിച്ചാല്‍ ലോകായുക്തയ്ക്ക് സ്വന്തമായുള്ള ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷിക്കാം. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ എതിര്‍കക്ഷിയ്ക്ക് നോട്ടീസ് അയച്ച് വിശദമായി അന്വേഷിച്ച് കുറ്റം ചെയ്‌തെന്നു തെളിയിക്കപ്പെട്ടാല്‍ 14ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി എടുത്ത് ലോകായുക്തയെ അറിയിക്കുക എന്നതുമാത്രമാണ് സര്‍ക്കാരിന് ചെയ്യുവാന്‍ കഴിയുക. ലോകായുക്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാലും യുക്താധികാരിയായ മുഖ്യമന്ത്രിയ്ക്ക് അത് തള്ളാനാകുമെന്നാണ് ഇപ്പോഴത്തെ ഭേദഗതി. ഇതോടെ മുഖ്യമന്ത്രി ഒരു സൂപ്പര്‍ ലോകായുക്തയായി മാറുകയാണ്.

ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി യുഡിഎഫ്. മുന്നണിയുടെ പ്രതിനിധി സംഘം ഇതുമായി ബന്ധപ്പെട്ട് ഗവർണറെ കാണും. ജനുവരി 27 വ്യാഴാഴ്ച രാവിലെ യുഡിഎഫ് സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചത്.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. അതോടെ ജലീല്‍ രാജിവക്കുവാന്‍ നിര്‍ബ്ബന്ധിതനായി. അതോടെ 2020 ഡിസംബറില്‍ തന്നെ മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാന്‍ അവശ്യമായ നിയമ ഭേദഗതി വരുത്താന്‍ ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.

ജലീലിന്‍റെ അതേസാഹചര്യത്തില്‍ കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെ അധികാരം ദുരുപയോഗിച്ച് ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൈകടത്തല്‍ നടത്തിയെന്ന രമേശ് ചെന്നിത്തല കൊടുത്ത പരാതി ലോകായുക്ത പരിഗണിച്ചു വരുകായാണ്. ജലീലിന്‍റെ ഗതിതന്നെയായിരിക്കും ബിന്ദുവിനും ഉണ്ടാവുകയെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്

അതോടൊപ്പം മുഖ്യമന്ത്രിക്കും എതിരായ പരാതി ലോകയുക്തയിൽ പരാതി നിലനിൽക്കുകയാണ്. ദുരിതാശ്വാസ നിധി തുക വകമാറ്റിയെന്ന പരാതിയാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ളത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ. ഇതിലെല്ലാം ലോകായുക്തയുടെ നടപടി സര്‍ക്കാരിന് എതിരാകും എന്ന് മുന്‍കൂട്ടി കണ്ടാണ് ലോകായുക്തയുടെ പൂട്ടാനുള്ള സർക്കാരിന്‍റെ ഇപ്പോഴത്തെ നീക്കം.

മുഖ്യമന്ത്രിയേയും ഉന്നതവിദ്യാഭ്യാസ മന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയ കേസുകളില്‍ നിന്ന് രക്ഷപെടുവാനും കെ-റെയില്‍ പദ്ധതിയിലൂടെ നടപ്പാക്കുവാന്‍ പോകുന്ന കോടികളുടെ അഴിമതി ചോദ്യം ചെയ്യപ്പെടാതിരിക്കുവാനുള്ള മുന്‍കരുതലെന്ന നിലയിലുമാണ് ലോകായുക്തയുടെ ചിറകരിഞ്ഞ് നിര്‍വീര്യമാക്കുവാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അഴിമതിക്കെതിരേ സിപിഎമ്മിന്റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണ് എന്ന് ഇതോടെ വീണ്ടുംതെളിയുകയാണ്.