കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ അടിസ്ഥാനമാക്കി ജില്ലകളിലെ കോവിഡ് നിയന്ത്രണം നടപ്പിലായതോടെ കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിലോ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ ആണ് ഒരു ജില്ലയെ കാറ്റഗറി എയിൽ ഉൾപ്പെടുത്തുന്നത്. ഈ മാനദണ്ഡപ്രകാരം കണ്ണൂര്‍ ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ ജില്ലയും കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. നേരത്തെ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി എ-യിൽ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലേക്കാണ് കണ്ണൂരിനെയും ഉൾപ്പെടുത്തിയത്.
ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തയതിനാല്‍ എ കാറ്റഗറിയിലേക്ക് കടന്നുവന്ന കണ്ണൂര്‍ ജില്ലയില്‍ ഇനി മുതല്‍ പൊതുപരിപാടികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മതപരമായ ചടങ്ങുകള്‍, മരണ, വിവാഹ ചടങ്ങുകള്‍ എന്നിവക്ക് ഇനി 50 പേരെ മാത്രമാണ് അനുവദിക്കുക. രോഗികളുടെ എണ്ണം കൂടിയതിനാല്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരുടെ പ്രവേശനം ഇനി കണ്‍ട്രോള്‍ റൂം വഴിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ മാത്രമേ മെഡിക്കല്‍ കോളേജില്‍ ഒപി പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടെ പനി ബാധിച്ചെത്തുന്ന രോഗികള്‍ക്കായി പ്രത്യേക ഫീവര്‍ ക്ലിനിക്കും തയ്യാറാക്കിയിട്ടുണ്ട്.