പുന്നപ്ര-വയലാര്‍ കലാപം: പാര്‍ട്ടി സൃഷ്ടിച്ച കൂട്ടക്കുരുതി…?
കേരള ചരിത്രത്തിലെ രക്തരൂഷിതമായ ഒരേടാണു പുന്നപ്ര-വയലാര്‍ കലാപം. ആയിരത്തിലധികം സാധുമനുഷ്യരെ മരണ ദേവതയ്ക്കു ബലിനല്‍കിയ കൂട്ടക്കൊല. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ വിപ്ലവത്തിന്റെ പരിവേഷം ചാര്‍ത്തിക്കൊടുത്ത ആ കൂട്ടക്കുരുതിയുടെ 71-ാം വാര്‍ഷികമാണ് കഴിഞ്ഞ ഒക്ടോബര്‍ 24ന് ആഘോഷിച്ചത്. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെ നാലുദിവസം മാത്രം നീണ്ട ചോരയില്‍ കുതിര്‍ന്ന ഒരു രാഷ്ട്രീയ നാടകമായിരുന്നു അത്. അതിനു മുമ്പ് തലശേരിയിലും കാവുമ്പായിയിലും കയ്യൂരിലും ഒക്കെ നടന്ന കാര്‍ഷിക കലാപ ങ്ങള്‍ പുന്നപ്ര-വയലാറിന്റെ റിഹേഴ്‌സലുകള്‍ മാത്രമായിരുന്നു. ഏതാണ്ട് പത്തുവര്‍ഷം മുമ്പു മുതല്‍ തന്നെ ആലപ്പുഴയിലും കുട്ടനാടന്‍ പ്രദേശങ്ങളിലും കമ്യൂണിസ്റ്റുകാര്‍ തൊഴിലാളികളെ സംഘടിപ്പിച്ചു തുടങ്ങിയിരുന്നെങ്കിലും പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് പ്രവര്‍ത്തനമെല്ലാം ഒളിവില്‍ വേണമായിരുന്നു.
എന്നാല്‍, 1941 ജൂണ്‍ 22ന് ഹിറ്റ്‌ലര്‍ സോവ്യറ്റ് യൂണിയനെ ആക്രമിച്ചതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുഗ്രഹമായി. അതോടെ അതുവരെ സാമ്രാജ്യത്വ യുദ്ധമെന്ന് അവര്‍ അധിക്ഷേപിച്ചിരുന്ന രണ്ടാം ലോകമഹായുദ്ധം അവര്‍ക്കു ജനകീയ യുദ്ധമായിത്തീര്‍ന്നു. ബ്രിട്ടനും സര്‍വവിധ പിന്തുണയും പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി പാര്‍ട്ടിയുടെമേലുണ്ടായിരുന്ന നിരോധനം പിന്‍വലിക്കപ്പെ ടുകയും ചെയ്തു.
ഇതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പരസ്യമായി പ്രവര്‍ത്തിക്കാമെന്നായി. അതു പരമാവധി പ്രയോജനപ്പെടുത്തി അവര്‍ കലാപങ്ങള്‍ സംഘടിപ്പിച്ചു. ഓരോ ചെറിയ കലാപവും അധികാരം പിടിച്ചെടുക്കാനെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഓരോ ചവിട്ടുപടിയായിരുന്നു. വ്യാവസായികമായും കാര്‍ഷികമായും അക്കാലത്തു തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്നു ആലപ്പുഴയും സമീപ പ്രദേശങ്ങളും. നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങള്‍… വിശാലമായ നെല്‍പ്പാടങ്ങള്‍… കയറ്റിറക്കുമതികളുടെ സമൃദ്ധികൊണ്ടു കിഴക്കിന്റെ വെനീസ് എന്നറി യപ്പെട്ടിരുന്ന ആലപ്പുഴ തുറമുഖം. പതിനായിരക്കണക്കിനു തൊഴിലാളികള്‍. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ലക്ഷ്യം വയ്ക്കുന്ന വിപ്ലവകക്ഷിക്കു പടര്‍ന്നുപന്തലിക്കാന്‍ ഏറ്റവും വളക്കൂറുള്ള മണ്ണ്.
സായുധ കലാപത്തിലൂടെയുള്ള അധികാരം പിടിക്കല്‍തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ, കൈവശം വാരിക്കുന്തവും പിച്ചാത്തിയും ഉള്‍പ്പെടെയുള്ള പ്രാകൃതായുധങ്ങളേ ഉണ്ടായിരുന്നുള്ളൂ. തോക്കുണ്ടായിരുന്നില്ല. കൈയില്‍ കിട്ടിയ മൂന്നോ നാലോ തോക്കുകളാവട്ടെ ഉപയോഗിക്കാന്‍ അറിയുമായിരുന്നുമില്ല! എങ്കിലും പറഞ്ഞുകേട്ട റഷ്യന്‍ വിപ്ലവത്തില്‍നിന്ന് സത്യമറിയാതെ ഉള്‍ക്കൊണ്ട ആവേശമുണ്ടായിരുന്നു. 1871ലെ പാരീസ് കമ്യൂണി നെപ്പറ്റിയും സഖാക്കള്‍ പറഞ്ഞുകൊടുത്തിരുന്നു. തൊഴിലാളിവര്‍ഗം ആയുധമെടുത്തു മുതലാളിവര്‍ഗത്തെ ഉന്‍മൂലനം ചെയ്തുകഴിഞ്ഞാല്‍ സമ്പത്തു മുഴുവന്‍ പങ്കിട്ടെടുക്കാം എന്ന പ്രചോദനവും ഉള്ളിലൊളിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കാം.
കൂലിക്കൂടുതല്‍ ലഭിക്കുമെന്നും നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെയാകുമെന്നും പാവപ്പെട്ട തൊഴിലാളിയുടെ അധ്വാനശക്തി ചൂഷണംചെയ്യുന്നവരാണു മുതലാളിമാരെന്നും സ്റ്റഡിക്ലാസുകളില്‍ പറഞ്ഞുകേട്ടതൊക്കെ അവര്‍ക്കു വിപ്ലവാവേശം പകര്‍ന്നുകൊടുത്തു. പക്ഷേ, ഈ നാട്ടില്‍ ഒരു ഗവണ്‍മെന്റുണ്ടെന്നും അതിനുകീഴില്‍ പട്ടാളവും പോലീസുമുണ്ടെന്നും അവരുടെ കൈയിലെ തോക്കില്‍നിന്നു ചീറി വരുന്ന വെടിയുണ്ടയേറ്റാല്‍ ചത്തുപോകുമെന്നും അവരോര്‍ത്തില്ല; അവര്‍ക്കാരും പറഞ്ഞു കൊടുത്തുമില്ല!
വ്യവസായികളും ജന്‍മിമാരുമെല്ലാം നീതിമാന്‍മാരായിരുന്നെന്നോ അവര്‍ തങ്ങളുടെ കീഴില്‍ പണിയെടുത്തിരുന്ന തൊഴിലാളികളോടു നീതി ചെയ്തിരുന്നുവെന്നോ ആരും വാദിക്കുകയില്ല. ഏതുവിധത്തിലുള്ള ചൂഷണവും ചെറുക്കപ്പെടേണ്ടതും അനീതികള്‍ തിരുത്തപ്പെടേണ്ടതുമാണെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, അതിങ്ങനെയാണോ വേണ്ടിയിരുന്നത്? എട്ടും പൊട്ടും തിരിയാത്ത പാവം മനുഷ്യര്‍. അവര്‍ സഖാക്കള്‍ പറഞ്ഞതൊക്കെ അപ്പാടെ വിഴുങ്ങി. നഷ്ടപ്പെടാനുള്ള ചങ്ങലകളെപ്പറ്റിയും നേടാനുള്ള വലിയ ലോകത്തെപ്പറ്റിയുമുള്ള വാചകക്കസര്‍ത്തുകള്‍ പവിത്രവാഗ്ദാനങ്ങളായി ഉള്‍ക്കൊണ്ടു. പുന്നപ്രയിലും വയലാറിലും സമീപ പ്രദേശങ്ങളിലും നിരവധി തൊഴിലാളി ക്യാമ്പുകള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അവിടെയെല്ലാം യുദ്ധപരിശീലനമാണു നല്‍കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ചില പട്ടാളക്കാര്‍ ചുമതലക്കാരായുമുണ്ടായിരുന്നു. കാര്യത്തിന്റെ ഗൗരവം മണത്തറിഞ്ഞ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ 1946 ഒക്‌ടോബര്‍ ഒന്നിനു അടിയന്തരാധികാര നിയമം പ്രഖ്യാപിച്ചു. പോലീസ് ക്യാമ്പുകള്‍ തുറന്നു. സിപിയുടെ മര്‍ദന മരണത്തില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 17ന് അമ്പതിനായിരത്തോളം കയര്‍ ഫാക്ടറി തൊഴിലാളികള്‍ പണിമുടക്കി. 21ന് ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങളിലെ എഴുപതിനായിരത്തിലധികം തൊഴിലാ ളികള്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു. 22നു നാവിക തൊഴിലാ ളികളും പണിമുടക്കി. വ്യവസായശാലകള്‍ നിശ്ചലമായി. കരയിലും കായലിലും ഗതാഗതം സ്തംഭിച്ചു.
24നു പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച തൊഴിലാളികള്‍ക്കുനേരെ വെടിവയ്പുണ്ടായി. മരണം 200ല്‍ അധികമായിരുന്നു. 25നു സര്‍ സിപി പട്ടാള ഭരണം പ്രഖ്യാപിച്ചു. 27നു വയലാറിലും വെടിപൊട്ടി. മരണമടഞ്ഞവരുടെ എണ്ണം 1500ല്‍ അധികം. മേനാശേരിയില്‍ 120 പേരും ഒളതലയില്‍ പത്തുപേരും വെടിവയ്പില്‍ മരണമടഞ്ഞു. 28നു പണിമുടക്കു പിന്‍വലിച്ചു.
ഈ കലാപത്തില്‍ എത്രപേര്‍ മരണമടഞ്ഞു? അവരാരൊക്കെയാണ്? ആര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം കൃത്യമായറിയാം. അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റു നേതാവും കൊല്ലപ്പെട്ടില്ല. ഒരു നേതാവിനും പരിക്കുപറ്റിയതുമില്ല. കൊല്ലപ്പെട്ടവരെല്ലാം പാവപ്പെട്ട തൊഴിലാളികളായിരുന്നു. അവരില്‍ നല്ലൊരുഭാഗം പേരുടെയും ഊരും പേരും അറിഞ്ഞുകൂടായിരുന്നു. അവരിലധികംപേരും തിരുവിതാംകൂറിനു വെളിയില്‍നിന്ന്, പ്രത്യേകിച്ചു കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കൂടുതല്‍ വേരോട്ടമുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങളില്‍ നിന്ന്, വന്നുചേര്‍ന്ന ചെറുപ്പക്കാരായിരുന്നു. ഇന്നത്തേതുപോലെ വാര്‍ത്താവിനിമയ സൗകര്യങ്ങളൊന്നും ഇല്ലാതിരു ന്നതുകൊണ്ട് ജീവിച്ചിരിക്കുന്നവര്‍ മരിച്ചില്ലെന്നും മരിച്ചവര്‍ ജീവിച്ചിരിപ്പില്ലെന്നും മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളൂ!
കമ്യൂണിസ്റ്റ് പാര്‍ട്ടി വളരെ കരുതിക്കൂട്ടി നടത്തിയ ഒരു നരബലിയായിരുന്നു, പുന്നപ്ര- വയലാറിലേത്. അതുകൊണ്ടാണു നേതാക്കളാര്‍ക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്നത്. പാര്‍ട്ടി വളര്‍ത്താന്‍ അതു സഹായകമായി. അധികാരം കൈയേല്‍ക്കുമ്പോള്‍ രക്തസാക്ഷി പൂജ ചെയ്യാന്‍ ഒരു വലിയ ചുടുകാടും മണ്ഡപവും ഒരുങ്ങിക്കിട്ടുകയും ചെയ്തു.
സര്‍ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനും അമേരിക്കന്‍ മോഡല്‍ ഭരണഘടനയ്ക്കും എതിരേയുള്ള തൊഴിലാളിമുന്നേറ്റമെന്നും സ്വാതന്ത്ര്യ സമരത്തിനുള്ള തൊഴിലാളി പങ്കാളിത്തമെന്നുമൊക്കെ കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാ ലത്ത് ഈ കലാപത്തിനു നീതീകരണങ്ങള്‍ ചമച്ചു. സമരസഖാക്കള്‍ക്കു സ്വാത ന്ത്ര്യസമര പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. പക്ഷേ, ചരിത്രം എന്തു പറയുന്നു?
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയാല്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമായി നിലനില്‍ക്കണമെന്നും അമേരിക്കന്‍ മോഡല്‍ ഭരണഘടന ഉണ്ടാകണമെന്നും സര്‍ സിപി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നതു ശരി തന്നെ. പക്ഷേ, അദ്ദേഹം സ്വതന്ത്ര തിരുവിതാംകൂര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഭരണഘടന പ്രസിദ്ധപ്പെടുത്തിയതും 1947 ജനുവരി 27നായിരുന്നു. കലാപം നടന്നിട്ട് അന്നേ യ്ക്കു മൂന്നുമാസം കഴിഞ്ഞിരുന്നു. എന്നു മാത്രമല്ല, ഇന്ത്യാ-പാക് വിഭജന ത്തിനു പിന്തുണ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയുടെ ഐക്യത്തില്‍ യാതൊരുത്കണ്ഠയും ഉണ്ടായിരുന്നില്ല എന്നു ചരിത്രം നമുക്കു പറഞ്ഞു തരുന്നുമുണ്ട്. അപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയുമായിരുന്നില്ല സമരകാരണം എന്നതല്ലേ വാസ്തവം.
1946 ജൂലൈയില്‍ ഭരണഘടനാ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ഇടക്കാല ഗവണ്‍മെന്റ് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. അതോടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം സമാപ്തമായി. അതുകഴിഞ്ഞ് ഒക്‌ടോബര്‍ അവസാനം തിരുവിതാംകൂറില്‍ മാത്രം ഒരു സ്വാതന്ത്ര്യസമരം എങ്ങനെയാണുണ്ടാവുക. അതും മഹാത്മജിയുടെ അക്രമരഹിത മാര്‍ഗത്തില്‍നിന്നു തികച്ചും വ്യതിചലിച്ച് രക്തരൂഷിതമായ ഒരു സമരപരിപാടി! സ്വാതന്ത്ര്യസമരവും പുന്നപ്ര-വയലാര്‍ കലാപവുമായി ഒരു ബന്ധവുമില്ലെന്നതല്ലേ വാസ്തവം.
പുന്നപ്ര-വയലാര്‍ കലാപത്തോട് ആര്‍ക്കെങ്കിലും വൈകാരികമായ അടുപ്പമുണ്ടായിരുന്നോ? 1919 ഏപ്രില്‍ 13നു നടന്ന ജാലിയന്‍ വാലാബാഗ് വെടിവയ്പിന്റെ ഉത്തരവാദിയായ അന്നത്തെ പഞ്ചാബ് ഗവര്‍ണര്‍ മൈക്കേല്‍ ഒഡയറെ, സര്‍ദാര്‍ ഉദ്ദാം സിംഗ് ഷഹീദ് എന്ന വിപ്ലവകാരി 1940 മാര്‍ച്ച് 13ന് ഇംഗ്ലണ്ടിലെ ഡവണ്‍ഷെയറില്‍ വെടിവച്ചുകൊന്നു. അന്നത്തെ സൈനിക മേധാവി ജനറല്‍ എഡ്വേര്‍ഡ് ഡയര്‍ 1927ല്‍ മരണമടഞ്ഞിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിനും ഒഡയറുടെ അനുഭവംതന്നെ ഉണ്ടാകുമായിരുന്നു.
ഇങ്ങനെയെന്തെങ്കിലും പുന്നപ്ര-വയലാറിന്റെ പില്‍ക്കാലകഥകളിലുണ്ടോ? ഇന്നും നിഗൂഢമായ കാരണങ്ങളുടെ പേരില്‍, സര്‍ സിപിയുടെമേലുണ്ടായ ഒരു വധശ്രമം ഭാഗ്യത്തിനു വീണു കിട്ടിയെന്നു മാത്രം. ആരുടെയും സ്വന്തമല്ലാത്ത, ആരൊക്കെയോ കൊല്ലപ്പെട്ട ഒരു കലാപം മാത്രമായി പുന്നപ്ര-വയലാര്‍ രാഷ്ട്രീയ നൈതികതയ്ക്കു മുന്നില്‍ ചോദ്യചിഹ്നം പോലെ നിലകൊള്ളുന്നു. അതുവഴി ഒരു രാഷ്ട്രീയപ്രസ്ഥാനം വളര്‍ന്നു. അവര്‍ പലകുറി അധികാരത്തിലെത്തി.
പക്ഷേ, അതു കെട്ടഴിച്ചുവിട്ട സമരപരമ്പരകളിലൂടെ കിഴക്കിന്റെ വെനീസ് തകര്‍ന്നു. ആലപ്പുഴ വ്യവസായങ്ങളുടെ ശവപ്പറമ്പായി. കുട്ടനാടന്‍ പാടശേഖരങ്ങള്‍ തരിശായി. കേരളത്തിന്റെ നെല്ലറ തൊഴില്‍ സമരങ്ങളുടെ കലവറയായി. പുന്നപ്രയില്‍ ഒരു വലിയ ചുടുകാടും വയലാറില്‍ പണിതീരാത്ത രക്തസാക്ഷി സ്മാരകവും ബാക്കിയായി. കേരളം കണ്ട ഏറ്റവും വലിയ രാ ഷ്ട്രീയ വഞ്ചനയുടെ കഥകള്‍ രക്തസാക്ഷികളുടെ പിന്‍ഗാമികള്‍ക്കു പറഞ്ഞു നടക്കാറുമായി. ഇതല്ലേ പുന്നപ്ര-വയലാറിന്റെ ബാക്കിപത്രം. അതല്ല, കേരളത്തിന്റെ എല്ലാ വികസന മുന്നേറ്റവും പുന്നപ്ര-വയലാറില്‍ നിന്ന് എന്നാണു വാദമെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന പരിഹാസച്ചിരിക്കു നേരെ നമുക്കു കണ്ണും കാതും പൊത്തേണ്ടി വരില്ലേ…