വിവാദമായ പോലീസ് ക്രൂരതയുടെ ഇരയെ തിരിച്ചറിഞ്ഞു.
മാവേലി എക്സ്‌പ്രസിൽ എ എസ് ഐ യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. പീഡനമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറില്‍ താമസിക്കുന്ന ‘പൊന്നന്‍ ഷമീര്‍ ആണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസം മദ്യപിച്ച് ലക്കുകെട്ട് ടിക്കറ്റില്ലാതെ ട്രെയിൻ യാത്രചെയ്ത ഷമീറിനെ എ എസ് ഐ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വൻ വിവാദമാവുകയും എ എസ് ഐക്കെതിരെ വകുപ്പുതല നടപടി എടുക്കുകയും ചെയ്തു. തുടർന്നാണ് മർദ്ദനമേറ്റ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയത്. പക്ഷെ ആളെ തിരിച്ചറിഞ്ഞുവെങ്കിലും ആളെ കണ്ടെത്തുവാന്‍ പോലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല.