പുതുവ‍ർഷത്തിൽ മൂന്നാം തരംഗമോ…?

Print Friendly, PDF & Email

രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരിക്കുകയാണ്. 71 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് 16764-ലെത്തി. തിങ്കളാഴ്ച്ച് 6242 കേസുകൾ റിപ്പോർട്ട് ചെയ്ത് സ്ഥാനത്താണ് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്. ഇന്നാകട്ടെ കോവിഡ് ബാധിതരുടെ എണ്ണം 36000 ആയി വര്‍ദ്ധിച്ചു. അതായത് 24 മണിക്കൂറില്‍ 36 ശതമാനത്തിന്‍റെ വര്‍ദ്ധനവ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420ഉം ദില്ലിയിൽ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഒമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

പ്രതിദിന രോഗികളുടെ എണ്ണം കുതുച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഓരോ സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിശോധനാ ബൂത്തുകള്‍ സജ്ജമാക്കണം. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ വേണം. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ ടെസ്റ്റിങ് ബൂത്തുകള്‍ സജ്ജമാക്കണം. പനി, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം. രോഗലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈന്‍ ചെയ്യണം. കൊവിഡ് നെഗറ്റീവ് ആകുന്നത് വരെ അവരെ കൊവിഡ് ബാധിതരായി കണക്കാക്കണം എന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.