മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍

Print Friendly, PDF & Email

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് പുതിയ മറുപടി സത്യവാങ്മൂലം തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്‍റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയില്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താൻ അനുവദിക്കണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കി. ഇത് കേരളത്തിന്‍റെ ഇരട്ടത്താപ്പാണെന്നും ഏഴ് കൊല്ലമായി ബേബി അണക്കട്ട് ബലപ്പെടുത്തൽ കേരളം തടസ്സപ്പെടുത്തുകയാണന്നും സുപ്രീം കോടതിയിൽ മുന്‍പ് നൽകിയ സത്യവാംങ്മൂലത്തിൽ തമിഴ്നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

തമിഴ്നാടിന്‍റെ സത്യവാംങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് നവംബര്‍ 22 ലേക്ക് കേസ് മാറ്റിയിരുന്നു. അതുവരെ ഒക്ടോബര്‍ 28 ലെ ഉത്തരവ് അനുസരിച്ചുള്ള ഇടക്കാല സംവിധാനം തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലെ ചോര്‍ച്ചയെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്താൻ തമിഴ്നാടിനോട് ആവശ്യപ്പെടണമെന്ന പെരിയാര്‍വാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റിന്‍റെ ആവശ്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ഇത്തരം ഹര്‍ജികൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന് വേണ്ടിയാണെന്നും ഒന്നിനുപുറകെ ഒന്നായി ഹര്‍ജികൾ നൽകി ഉപദ്രവിക്കുകയാണെന്നും തമിഴ്നാട് വാദിച്ചിരുന്നു. ഈ വാദത്തോട് വിയോജിച്ച കോടതി പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.