നവംബര്‍ 8: ഇന്ത്യന്‍ ജനതയെ വിഢികളാക്കിയ ദിനം അഥവ ഭാരതത്തിന്‍റെ വിഢിദിനം

Print Friendly, PDF & Email

നരേന്ദ്ര മോദി ഭരണമേറ്റെടുത്തതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഖ്യാപനത്തിന്‍റെ അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു ഇന്ത്യ നോട്ട് നിരോധനം ( demonetisation) എന്ന പ്രതിഭാസത്തെ ആദ്യമായി നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra modi) ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് രാജ്യത്ത് വിപണിയിലുള്ള 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായും രാത്രി 12 മണിക്ക് ശേഷം ഈ നോട്ടുകള്‍ക്ക് മൂല്യമുണ്ടാകില്ലെന്നും പ്രഖ്യാപിച്ചു. ഒറ്റ രാത്രികൊണ്ട്, ജീവിതകാലം കൊണ്ടുണ്ടാക്കിയ പണത്തിന് മൂല്യമില്ലാതാകുന്നത് ഇന്ത്യന്‍ ജനത അനുഭവിച്ചറിഞ്ഞു. സാമ്പത്തീക പരിഷ്ക്കരണത്തിന് ജനതയോടെ പിന്തുണ തേടിയ പ്രധാനമന്ത്രി രാജ്യത്ത് കണക്കില്‍പ്പെടാത്ത കള്ളപ്പണ നിക്ഷേപമുണ്ടെന്നും 500 ന്‍റെ 1000 ന്‍റെയും നോട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്ന ഈ പണം കണ്ടെത്തുകയാണ് നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പദ്ധതി പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി മാപ്പ് പറയുമെന്നും അവകാശപ്പെട്ടു. അന്ന് രാത്രി മുതല്‍, ഇന്ത്യന്‍ വിപണിയില്‍ നിന്ന് 500 ന്‍റെയും 1000 ന്‍റയും നോട്ടുകള്‍ അപ്രത്യക്ഷമായിത്തുടങ്ങി.

കള്ളപ്പണം പിടിക്കാന്‍

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു 2016-ലെ നോട്ട് നിരോധനം. കള്ളപ്പണം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാൾ 57 ശതമാനം കൂടിയെന്നാണ് ആർബിഐയുടെ തന്നെ കണക്ക്.

നിരോധിച്ച നോട്ടുകൾ, 2016 ഡിസംബർ 30 -നകം ബാങ്കിൽ നിക്ഷേപിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അത്യാവശ്യ ചിലവിനായി ജനങ്ങള്‍ക്ക് ബാങ്ക് കൗണ്ടറിൽ നിന്ന് ആഴ്ചയിൽ 4,000 രൂപയും , എടിഎമ്മിൽ നിന്ന് 2,000 രൂപയും പിൻവലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒറ്റയടിക്ക് രാജ്യത്തെ വിപണിയിലുണ്ടായിരുന്ന 86 % പണവും തിരികെ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. അതിനായി രാപ്പകലന്യേ രാജ്യത്തെ മൊത്തം ജനങ്ങളും ബാങ്കുകള്‍ക്ക് മുന്നില്‍ രാത്രിയും പകലുമില്ലാതെ ക്യൂ നിന്നു.

പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലം. ബാങ്കിന് മുന്നിലും എടിഎമ്മിന് മുന്നിലും നീണ്ടു നീണ്ടു പോയ ക്യൂ നിന്ന് എത്ര പേർ മരിച്ചു, എത്ര പേർക്ക് സമയത്ത് ചികിൽസ മുടങ്ങി, എത്ര പേരുടെ തൊഴിൽ നഷ്ടമായി എന്ന് തുടങ്ങിയ കണക്കുകള്‍ക്കൊന്നും ഇതുവരെയായും സർക്കാരിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. പ്രത്യക്ഷത്തില്‍ നോട്ട് നിരോധനം ഉണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ചുള്ള എല്ലാ വിവരവും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് മറച്ചുവച്ചു. എന്നാൽ അഞ്ച് വര്‍ഷത്തിനിപ്പുറം ആർബിഐ തന്നെ പുറത്തുവിടുന്ന കണക്കുകൾ കാണുക.

രാജ്യത്തെ നിലനിന്നിരുന്ന സാമ്പത്തികക്രമത്തെ അടിമുടി മാറ്റിക്കൊണ്ടാണെങ്കിലും നോട്ട് നിരോധനം ഉദ്ദേശിച്ച ലക്ഷ്യം നിറവേറിയോ എന്ന് ചോദിച്ചാൽ, അതിന് ഉത്തരം നല്‍കാന്‍ രാജ്യത്തെ പരമോന്നത ബാങ്കായ റിസ‍ർവ് ബാങ്കിന്‍റെ ചില വാർഷിക റിപ്പോർട്ടുകളെ നാം ആശ്രയിക്കേണ്ടിവരും. റിസ‍ർവ് ബാങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഇനിയും എത്തിചേരാനുള്ള നിരോധിച്ച നോട്ടുകള്‍ 1.04 % മാത്രമാണ്. അതായത് രാജ്യത്ത് വിപണിയിലുണ്ടായിരുന്ന 500 ന്‍റെയും 1000 ത്തിന്‍റെയും 99.06 % നോട്ടുകളും തിരികെ ബാങ്കുകളിലെത്തിയെന്ന്. അപ്പോള്‍ നോട്ടുനിരോധനം, രാജ്യത്തെ കള്ളപ്പണം കണ്ടെത്താനെന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ ന്യായീകരണം തകര്‍ക്കപ്പെട്ടു.

നോട്ട് നിരോധനത്തിന് മുൻപ് 500 രൂപയുടെ 1,71,650 ലക്ഷം നോട്ടുകളും 1000 രൂപയുടെ 68,580 ലക്ഷം നോട്ടുകളുമാണ് വിപണിയിലുണ്ടായിരുന്നത്. അതായത്, ആകെ 15.44 ലക്ഷം കോടി രൂപ. തിരികെ നിക്ഷേപിക്കപ്പെട്ടതാകട്ടെ 15.28 ലക്ഷം കോടി രൂപയും. അതായത് 16,000 കോടി രൂപ (1.04% ) മാത്രമാണ് ബാങ്കുകളിൽ തിരികെയെത്താത്തതെന്ന് റിസര്‍വ്വ് ബാങ്കിന്‍റെ കണക്കുകള്‍ കാണിക്കുന്നു.

ഇനി നോട്ട് രഹിതമാക്കി എല്ലാം ഡിജിറ്റൽ ആക്കാനായിരുന്നു എന്നു വാദിച്ചാലും റിസർവ് ബാങ്കിന്‍റെ കണക്ക് പ്രകാരം, സർക്കുലേഷനിലുള്ള കറൻസി 2016-17 സാമ്പത്തിക വർഷത്തിൽ കുറഞ്ഞെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ കുത്തനെ ഉയരുക തന്നെയായിരുന്നു. കൂടാതെ, നോട്ട് നിരോധനത്തിലൂടെ എത്രമാത്രം കള്ളപ്പണം ഇല്ലാതാക്കിയെന്ന് വിശദാംശങ്ങൾ ഇല്ലെന്നും നിരോധിച്ച 15,280 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ തിരികെയെത്തിയെന്നും 2017 സെപ്റ്റംബറിൽ ആർബിഐ, പാർലമെന്‍റ് സ്ഥിരം സമിതിക്ക് ( ഫിനാൻസ് ) മുൻപാകെ പറഞ്ഞു.

അതിനിടെ 2019 മാർച്ചിൽ, ആർടിഐ ആക്ട് പ്രകാരം വെങ്കിടേഷ് നായകിന് ലഭിച്ച മറുപടിയിൽ, നോട്ട് നിരോധനം പ്രഖ്യാപിക്കുന്ന ദിവസം, ദില്ലിയിൽ നടന്ന ആര്‍ബിഐ ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ മിനിറ്റ്സ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി. ആ യോഗത്തില്‍ 2016 നവംബർ 8 ന് പ്രധാനമന്ത്രി മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് രണ്ടര മണിക്കൂർ മുൻപ് ആർബിഐ ഡയറക്ടർ ബോർഡ് ചേര്‍ന്ന യോഗത്തില്‍ നോട്ട് നിരോധനം ഇടക്കാലത്തേക്കെങ്കിലും ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കൂടാതെ കള്ളപ്പണത്തിന്‍റെ ഭൂരിഭാഗവും റിയൽ എസ്റ്റേറ്റ് നിക്ഷേപമായും സ്വർണ്ണ നിക്ഷേപവുമായാണ് രാജ്യത്ത് സൂക്ഷിക്കുന്നതെന്നും അതിനാൽ, കള്ളപ്പണം തിരിച്ച് പിടിക്കാന്‍ നോട്ട് നിരോധനം ഫലപ്രദമല്ലെന്നും യോഗം വിലയിരുത്തിയതായി യോഗത്തിന്‍റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിരുന്നു. ഈ യോഗ ശേഷമാണ് കള്ളപ്പണം തിരിച്ച് പിടിക്കാനാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി രാജ്യത്തെ പൌരന്മാരെ അഭിസംബോധന ചെയ്ത് പറഞ്ഞത്. അന്നത്തെ യോഗത്തില്‍ ആർബിഐ ഗവർണർ ഊർജിത് പട്ടേലും, അന്നത്തെ സാമ്പത്തികകാര്യ സെക്രട്ടറിയും പിന്നീട് ആർബിഐ ഗവർണറുമായ ശക്തികാന്ത് ദാസും പങ്കെടുത്തിരുന്നു.

നോട്ടുനിരോധനം ഉണ്ടാക്കിയ അധിക ചിലവുകള്‍

2017ലെ റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് പ്രകാരം പുതിയ 500, 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ 8,000 കോടി രൂപയാണ് റിസർവ് ബാങ്ക് ചിലവഴിച്ചത്. 2015-16 കാലത്ത് നോട്ടുകൾ അച്ചടിക്കാൻ ആർബിഐ ആകെ ചിലവഴിച്ച 3,421 കോടി രൂപയുടെ ഇരട്ടി വരും ഇത്. അതോടൊപ്പം നിരോധിത നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ചെസ്റ്റുകളിലെത്തിക്കുന്നതും പുതുതായി അച്ചടിച്ച നോട്ടുകള്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ ബാങ്കുകളിലെത്തിക്കുന്നതിനുമുള്ള ചെലവുകളും കണക്ക് കൂട്ടേണ്ടതുണ്ട്. എന്നാല്‍, ഇത്തരം കണക്കുകളൊന്നും തന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

കറന്‍സി ഉപയോഗം കുറയ്ക്കല്‍

2019 ലെ ആർബിഐ വാർഷിക റിപ്പോർട്ട് പ്രകാരം നോട്ട് നിരോധനം കള്ളപ്പണം തിരിച്ച് പിടിക്കാന്‍ എന്നത് പോലെ തന്നെ രാജ്യത്തെ കറന്‍സി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി കൂടിയാണെന്നായിരുന്നു ഭാവിയിലെ മറ്റൊരു നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഏറ്റവും ഒടുവിലെ ആര്‍ബിഐയുടെ കണക്കുകളില്‍ ഇതിന് വിപരീതമായ കണക്കുകളാണുള്ളത്. 2016 നവംബർ മുതൽ 2019 സെപ്റ്റംബർ വരെ പൊതുജനം നോട്ട് ഉപയോഗിക്കുന്നത് 133 % വർദ്ധിച്ചെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ കാണിക്കുന്നു. എന്നാൽ കഴിഞ്ഞ എട്ടാം തീയതി പുറത്തുവന്ന ആർബിഐയുടെ കണക്ക് അനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29 ലക്ഷം കോടി രൂപക്ക് മുകളിലാണ്. എന്നുവെച്ചാൽ നോട്ട് നിരോധനം നടപ്പാക്കിയ സമയത്തേക്കാൾ 57 ശതമാനം കൂടുതൽ.

2016-17 ല്‍ വിപണിയിലുണ്ടായിരുന്ന പണത്തിന്‍റെ മൂല്യത്തില്‍ -3,28,100 കോടിയുടെ ഇടിവ് (19.73 % കറന്‍സി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.) രേഖപ്പെടുത്തിയപ്പോള്‍, തൊട്ടടുത്ത വര്‍ഷം വിപണിയിലേക്ക് 37.01 % നോട്ടുകളും തിരിച്ചെത്തിയെന്ന് കാണാണം. അതായത് നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട കറന്‍സിയുടെ ഏതാണ്ട് ഇരട്ടി കറന്‍സി നോട്ടുകള്‍ വിപണിയിലേക്ക് തന്നെ തിരിച്ചെത്തി. തുടര്‍ വര്‍ഷങ്ങളിലും വിപണിയിലേക്കെത്തികൊണ്ടിരുന്ന നോട്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി പട്ടികയില്‍ വ്യക്തമാണ്. ഏറ്റവും ഒടുവില്‍ 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 28,26,863 കോടി മൂല്യമുള്ള നോട്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാണ്. അതോടൊപ്പം 26,870 കോടി മൂല്യമുള്ള നാണയവും ഇന്ത്യന്‍ വിപണിയില്‍ സജീവമാണെന്ന് കാണാം. ആകെ 28,53,533 കോടി രൂപ മൂല്യമുള്ള കറന്‍സികളും നാണയങ്ങളും വിപണിയില്‍ സജീവമാണെന്നര്‍ത്ഥം. തൊട്ട് മുമ്പത്തെ 2019 -20 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 95,909 കോടി മൂല്യമുള്ള നോട്ടുകള്‍ കൂടി വിപണിയിലേക്ക് തിരിച്ചെത്തി. ആര്‍ബിഐയുടെ വാര്‍ഷിക കണക്ക് പ്രകാരം ഓരോ വര്‍ഷം കഴിയുമ്പോഴും വിപണിയിലേക്ക് തിരിച്ചെത്തുന്ന കറന്‍സിയുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കാണാം. 

അതേ സമയം നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആ മാറ്റം വളര്‍ച്ചയ്ക്ക് പകരം തകര്‍ച്ചയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നാം മോദി സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ പറയുന്നത് നോട്ട് നിരോധനം ഇന്ത്യൻ സാമ്പത്തിക മേഖലയെ തകർത്തെന്നാണ്. കൂടാതെ ഔദ്യോഗിക വളർച്ച നിരക്കിനേക്കാൾ 2-3% എങ്കിലും കുറവാണ് യഥാർത്ഥ വളർച്ച നിരക്കുകളെന്നും അദ്ദേഹം വാദിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ

ആര്‍ബിഐയുടെ ജിഡിപി കണക്കുകള്‍ കാണിക്കുന്നത് 2016 – 2017 സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 2020-21 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ രാജ്യത്തെ ജിഡിപി നിരക്ക് 8.3 ല്‍ നിന്ന് -8.0 ലേക്ക് കുത്തനെ വീണെന്നാണ്. അതോടൊപ്പം അന്താരാഷ്ട്രാ വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് കാരണമാണ് ഇറക്കുമതി വളര്‍ച്ച നെഗറ്റീവ് ആയതെന്നും അതുകൊണ്ടാണ് വളര്‍ച്ച് നിരക്കില്‍ ഉണ്ടാകേണ്ടിയിരുന്ന ഭീമമായ കുറവ് കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതെന്നും കൂട്ടിവായിക്കേണ്ടതുണ്ട്. 

2016 – 17 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -21 സാമ്പത്തിക വര്‍ഷം വരെ രാജ്യത്തെ കാര്‍ഷിക – വനം- മത്സ്യബന്ധന മേഖലകളില്‍ 6.8 % മാനത്തില്‍ നിന്ന് 3.0 % മാനത്തിലേക്ക് വളര്‍ച്ച കൂപ്പുകുത്തിയെന്ന് കാണിക്കുന്നു. അതോടൊപ്പം വ്യാവസായിക മേഖല 8.4 % ത്തില് നിന്ന് -7.4 % ത്തിലേക്കും സര്‍വ്വീസ് മേഖല 8.1 % ത്തില്‍ നിന്ന് -8.4 ശതമാനത്തിലേക്കും കൂപ്പുകുത്തി. രാജ്യത്തെ ഗ്രോസ് വാല്യു ആകട്ടെ 8.0 % ത്തില്‍ നിന്ന് -6.5 % ത്തിലേക്കും കൂപ്പുകുത്തി. 

2016 ഡിസംബർ മുതൽ 2020 ജൂൺ വരെയും ഇന്ത്യയുടെ സാമ്പത്തിക നില താഴോട്ട് തന്നെയെന്ന് ആർബിഐ റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യൻ സാമ്പത്തിക തകർച്ച സൈക്ലിക്കൽ മാത്രമല്ല, ഘടനാപരമായും കൂടിയാണെന്ന പ്രത്യേക കൂടിയുണ്ട്. അതായത്, ഒരു ഉയര്‍ച്ചയ്ക്ക് ഒരു താഴ്ചയുണ്ടെന്നതാണ സൈക്ക്ലിക്കല്‍ സ്വഭാവത്തില്‍ നിന്ന് മാറി ഉയര്‍ച്ചകളില്ലാതെ താഴ്ചമാത്രമാണ് ഇന്ത്യന്‍ സാമ്പത്തിക നില രേഖപ്പെടുത്തുന്നതെന്ന് ആര്‍ബിഐയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു. 

രാജ്യത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ട തരത്തില്‍ കള്ളപ്പണം കണ്ടെടുക്കപ്പെട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം രാജ്യം കറൻസി ഉപേക്ഷിച്ച് ഡിജിറ്റലുമായില്ലെന്നും നാം കൂട്ടി വായിക്കേണ്ടതുണ്ട്. ഇതിനോക്കെ പുറമേ രാജ്യത്തിന്‍റെ സാമ്പത്തിക മേഖല ഓരോ വര്‍ഷം കഴിയും തോറും തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. 

2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കുപ്രസിദ്ധമായ നോട്ടുനിരോധന പ്രഖ്യാപനം

Pravasabhumi Facebook

SuperWebTricks Loading...