പ്രതിക്ഷേധങ്ങള്‍ തണിപ്പിക്കുവാന്‍ എക്സൈസ് തിരുവയല്‍ കുറവു വരുത്തി കേന്ദ്ര സര്‍ക്കാര്‍.

Print Friendly, PDF & Email

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് അസംതൃപ്തിയും പ്രതിക്ഷേധവവും വളരുന്നതിനിടെ നാമമാത്രമായെങ്കിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കുറക്കാന്‍ തയ്യാറായി കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ന് അർധരാത്രി മുതല്‍ ഇളവ് നിലവില്‍ വരും. നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്.

ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതും തീരുമാനത്തിന് വഴിവെച്ചു. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധനവില പ്രതിപക്ഷം വലിയ പ്രചാരണ വിഷയമായി ഉയര്‍ത്താനിരിക്കെയാണ് തീരുവ കുറക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. കഴിഞ്ഞ മാർച്ചിലെ ലോക്ഡൗണിന് ശേഷം പെട്രോളിന് 14 ഉം ഡീസലിന് 12 ഉം രൂപയുമാണ് കേന്ദ്രസർക്കാര്‍ എക്സൈസ് തീരുവ ഇനത്തില്‍ കൂട്ടിയത്. അത്രയും ഇളവ് വരുത്താൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. പകരം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ സംസ്ഥാന സർക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കുവാന്‍ ആലോചിക്കുന്നില്ല എന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ. സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ മാറ്റം വരും. ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും ആയി ആണ് കുറയുക. മോദി സർക്കാരിന്‍റേത് തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സർക്കാരിന്‍റെ കാലത്തെ എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ച് കോണ്‍ഗ്രസ് പറ‍ഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •