ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്തുകാട്ടി കോണ്‍ഗ്രസ്
മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 29 അസംബ്ലി സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം പൂർത്തിയായപ്പോള്‍ ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. മധ്യപ്രദേശിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയും (BJP) സഖ്യകക്ഷികളും വീണ്ടും കരുത്ത് തെളിയിച്ചു. പശ്ചിമബംഗാളില്‍ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളിലടക്കം നാലിടത്തും വൻ ഭൂരിപക്ഷം നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.
ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മാണ്ടിയില്‍ കോണ്‍ഗ്രസും ദാദ്ര നഗർഹവേലിയില്‍ ശിവസേനയും മാധ്യമപ്രദേശിലെ ഖാണ്ഡവയില്‍ ബിജെപിയുമാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണെന്നതിന് പുറമെ മുഖ്യമന്ത്രി ജയ്റാം താക്കൂറിന്‍റെ നാടാണെന്നത് കൂടി മാണ്ടിയിലെ തോല്‍വി ബിജെപിക്ക് കനത്ത പ്രഹരമായി.
ഇതോടൊപ്പം ജൂട്ടാബ് കൊട്കായിലെ ബിജെപിയുടെ സിറ്റിങ് സീറ്റിലടക്കം നിയസഭ ഉപ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ പ്രകടനം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ആത്മഹത്യ ചെയ്ത എംപി മോഹൻ ദേല്‍ക്കറിന്‍റെ ഭാര്യ കാല്‍ബൻ ദേല്‍ക്കര്‍ 51269 വോട്ടിനാണ് ദാദ്ര നാഗര്‍ഹവേലിയില്‍ വിജയിച്ചത്. രാജസ്ഥാനില്‍ ആദിവാസി മേഖലയായ ബിജെപി സിറ്റിങ് സീറ്റ് ദരിയവാദ് പിടിച്ചെടുക്കാനായുതും വല്ലഭ്നഗറില്‍ ജയിച്ചതും രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാരിന് ആശ്വാസമായി.
പശ്ചിമബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കുതിപ്പ് ഉപതെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് ആവർത്തിച്ചു. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും ബിജെപിയെ തോല്‍പ്പിച്ച് വിജയം നേടാൻ തൃണമൂല്‍ കോണ്‍ഗ്രസിനായി. മേയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിഷിത് പ്രമാണിക്കിനോട് 57 വോട്ടിന് തോറ്റ ഉദന്‍ ഗുഹയുടെ അതേമണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ അറുപത്തിനാലായിരം വോട്ടിനാണ് വിജയിച്ചത് .
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ രണ്ട് സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചത്. അതേസമയം റെയ്ഗാവിലെ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസും പിടിച്ചെടുത്തു. അസമിലെ അഞ്ചില്‍ അഞ്ച് സീറ്റിലും വിജയം നേടി ബിജെപിയും സഖ്യകക്ഷിയായ യുപിപിയും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി. തെലങ്കാനയില്‍ ടിആര്‍എസ് വെല്ലുവിളി അതിജീവിച്ച് ബിജെപി സ്ഥാനാർത്ഥിയായ ഏട്ടാല രാജേന്ദ്രർ വിജയം നേടി.
കർണാടകയിലെ സിന്ദ്ഗിയല്‍ വിജയിച്ച കരുത്ത് കാട്ടിയെങ്കിലും ഹാങ്ഗാളില്‍ കോണ്‍ഗ്രസിനോട് തോറ്റത് ബിജെപിക്ക് ക്ഷീണമായി. ബിഹാറില്‍ രണ്ട് സീറ്റിലും ജെഡിയു തന്നെയാണ് വിജയിച്ചത്.