പെഗസസ് അന്വേഷിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതി

Print Friendly, PDF & Email

ഇസ്രയേലിന്റെ പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ പൗരന്മാരുടെ ഫോൺ ചോർത്തിയെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ്‌മാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുംഉൾപ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീംകോടതി റിട്ട. ജസ്റ്റീസ് ആർ.വി രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ് ( സബ്കമ്മിറ്റി ചെയർമാൻ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഒഫ് സ്റ്റാൻഡേർഡൈസേഷൻ) എന്നിവരാണ് അംഗങ്ങള്‍. അവരെ സാങ്കേതികമായി സഹായിക്കുവാനായി ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ.പി. പ്രഭാഹരന്‍ (കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രഫസര്‍), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ( മുംബൈ ഐഐടി പ്രഫസര്‍) എന്നിവരേയും സമിതിയില്‍ അംഗങ്ങളായി നിയമിച്ചു.

പെഗാസെസ് ചാരസോഫ്റ്റ്വയെര്‍ അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന നിർദേശം തള്ളി പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതിയെ വച്ചതോടെ ശക്തമായ സന്ദേശമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നല്‍കിയത്. ഫോണുകള്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ദേശ സുരക്ഷയെ മുന്‍ നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന തൊടു ന്യായത്തെ രൂക്ഷമായ ഭാഷയില് കോടതി വിമര്‍ശിച്ച കോടതി ദേശ സുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളിൽ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് തുറന്നടിച്ചു. .

വിവരങ്ങള്‍ നല്‍കാന്‍ പല കുറി സമയം നല്‍കി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ പരിമിതമായ വിവരങ്ങളുള്ള സത്യവാങ്മൂലമാണ് നല്‍കിയത്. വിവരങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ തങ്ങളുടെ ബാധ്യത കുറഞ്ഞേനെയെന്ന് കോടതി പറഞ്ഞു. സ്വകാര്യതക്കുള്ള അവകാശം ഹനിക്കപ്പെടുന്ന കാര്യമാണ് നടന്നിരിക്കുന്നത്. നിയമത്തിന്‍റെ പിന്‍ബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുത്. ജനാധിപത്യ സമൂഹത്തില്‍ സ്വകാര്യതയെ കുറിച്ച് പൗരന്മാര്‍ക്ക് ഇപ്പോള്‍ ആശങ്കയുണ്ട്. പൗരന്മാരെ ബാധിക്കുന്ന വിഷയത്തെ ഗൗരവത്തോടെ കാണാന്‍ കേന്ദ്രത്തിനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.കോടതിയെ വെറും കാഴ്ചക്കാരാക്കരുതെന്നും ഭരണഘടനാനുസൃതമായി വേണം കാര്യങ്ങള്‍നടപ്പാക്കാനെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സമിതി നിലവില്‍ വന്നതോടെ പെഗാസെസ് ഉപയോഗിച്ചോ ഇല്ലയോ എന്നതില്‍ കേന്ദ്രത്തിന് കൃത്യമായ മറുപടി നല്‍കേണ്ടി വരും. ഫോണുകള്‍ ചോര്‍ത്തപ്പെട്ടെങ്കില്‍ എന്തിന് എന്ന ചോദ്യവും നിര്‍ണ്ണായകമാകും.കെട്ടി ചമച്ച ആരോപണം എന്ന ന്യായീകരണം ഉന്നയിച്ച് ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച സര്‍ക്കാരിനോട് അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരിക്കുകയാണ്. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാ പരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണമാണ് പരമോന്നത കോടതി നടത്തിയിരിക്കുന്നത്.