കെപിസിസി (KPCC) ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.
കെപിസിസി ഭാരവാഹി പട്ടിക (KPCC) പ്രഖ്യാപിച്ചു. 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും. അനിൽ അക്കര, ജോയ്തികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയർത്തിയ എ വി ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കെ.ജയന്തിനെ ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തി.
വി ടി ബൽറാം (V T Balram), എൻ ശക്തൻ (N Sakthan), വി.പി സജീന്ദ്രൻ (V P Sajeendran), വി.ജെ പൗലോസ് (V J Paulose) എന്നിവർ വൈസ് പ്രസിഡൻ്റുമാരാകും. പ്രതാപചന്ദ്രൻ ട്രഷറർ ആകും. ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് വനിതകൾ. ദീപ്തി മേരി വർഗീസും (Deepthi Mary Varghese), അലിപ്പറ്റ ജമീലയും, കെ.എ തുളസിയും ആണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ. പദ്മജ വേണുഗോപാലിനെ (Padmaja Venugopal) നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. ഡോ. പി. ആർ സോന ആണ് നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വനിത.
51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡന്റ്മാറുണ്ടായിരുന്ന സ്ഥാനത്ത് ഇനി 4 പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.