മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം.
അപ്രതീക്ഷതമായി ഉണ്ടായ മഴക്കെടുതിയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ആണ് ദുരിതം പെയ്തിറങ്ങി ജനജീവിതം ദുസഹമാക്കിയത്. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ ഏട്ട് പേര്‍ മരിച്ചു. പന്ത്രണ്ടോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല വെള്ളത്തിലായി.കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലിൽ രണ്ടിടത്തായി നടന്ന ഉരുൾപൊട്ടലിൽ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ കൊക്കയാറിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് പേരെ കാണാതായി. ഇവരിൽ നാല് പേർ കുട്ടികളാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്ത് ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മേജര്‍ അബിൻ പോളിന്‍റെ നേതൃത്വത്തിലുള്ള കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.