പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍ ഒറ്റകെട്ട്.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പില്‍ ആക്കി എന്ന് വരുത്തിതീര്‍ത്ത് ജിഎസ്ടി കൗണ്‍സില്‍. പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ഒറ്റക്കെട്ടായി സംസ്ഥാനങ്ങള്‍ എതിര്‍ത്തു എന്ന കാരണത്താല്‍ ഇന്നലെ ലഖ്‌നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം പരിഗണിക്കാതെ മാറ്റിവച്ചു. ഇതോടെ നൂറും കടന്ന് കുതിക്കുന്ന ഇന്ധനവില അടുത്ത കാലത്തൊന്നും കുറയില്ല എന്ന് വ്യക്തമായിരിക്കുകയാണ്. കേരള ഹൈക്കോടതി നിര്‍ദേശപ്രകാരം ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം പരിഗണിച്ചെന്ന് വരുത്തിതീര്‍ത്ത് ഇന്ത്യന്‍ ജനതയെ വിഢികളാക്കുകയായിരുന്നു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത്
പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുവാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും നിലപാടെടുത്തു. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരേ ആദ്യത്തെ വെടി പൊട്ടച്ചത് കേരളമായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളും സമാനമായ നിലപാടെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നീക്കത്തെ എതിര്‍ത്തു. നികുതിവരുമാനം നഷ്ടപ്പെടുമെന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. കേന്ദ്രസര്‍ക്കാരിനും ഇതേ ആശങ്കയുണ്ട്.