ഭൂമികുഭകോണകേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം – ഹൈക്കോടതി
സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജികളും തള്ളി. ജസ്റ്റിസ് സോമരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ തള്ളിയത്. സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ കേസ്. ഇതിൽ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കർദിനാൾ വിചാരണ നേരിടണമെന്ന ഉത്തരവ് വന്നു. ഇതിനെതിരെയായിരുന്നു കർദിനാളിന്റെ അപ്പീൽ.
മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. വിചാരണാ കോടതിയില്‍ കര്‍ദ്ദിനാള്‍ ഹാജരായി ജാമ്യമെടുത്ത് കേസില്‍ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി നൽകി.
മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സോഴ്സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് സഭ പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയതെന്നും ആദായ നികുതി വകുപ്പിന്റഎ റിപ്പോർട്ടിൽ പറയുന്നു. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
അതിരൂപത വിറ്റ 5 ഭൂമി കച്ചവടത്തിൽ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളും ആണ് ഇൻകം ടാക്സ് കണ്ടെത്തിയത്. ഈ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും വൻ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഇടപാടുകളില്‍ 13 കോടി 77 ലക്ഷം രൂപയുടെ പൂഴ്ത്തിവച്ച വരുമാനമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കള്ളപ്പണ ഇടപാടുകൾക്ക് 3 കോടി നാല്പത്തി രണ്ടു ലക്ഷം രൂപ കൂടി പിഴയടക്കണമെന്ന ഡിമാൻഡ് നോട്ടീസ് ആണ് ഇന്‍കം ടാക്സ് ഇപ്പോള്‍ അതിരൂപതക്ക് നല്‍കിയിരിക്കുന്നത്. ഇതിന് മുമ്പ് ഇതേ വിഷയത്തിൽ 2 കോടി 48 ലക്ഷം രൂപ രൂപത പിഴയടച്ചിരുന്നു.
ഇടനിലക്കാരനും കര്‍ദ്ദിനാള്‍ ആലംഞ്ചേരിയുടെ ബിനാമിയുമാണെന്ന് സംശയിക്കുന്ന സാജു വർഗ്ഗീസിന് 3 കോടി 99 ലക്ഷത്തിന് വിറ്റ കാക്കനാട് ഭാരതമാതാ കോളേജിന് എതിർവശത്തുള്ള ഭൂമി യഥാർത്തത്തിൽ 7 കോടി 83 ലക്ഷം രൂപക്കാണ് വിറ്റതെന്ന് കർദ്ദിനാൾ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും ഇൻകം ടാക്സിനോട് സമ്മതിച്ചിട്ടുണ്ട്. കാക്കനാട് നൈപുണ്യ സ്കൂളിന് എതിർവശത്തുള്ള 68.9 സെന്റ് ഭൂമി വിൽക്കാൻ പ്രൊക്യുറേറ്റർ ജോഷി പുതുവയും സാജു വർഗ്ഗീസുമായുണ്ടാക്കിയ കരാർ ഇൻകം ടാക്സ് പിടിച്ചെടുത്തു. കരാർ പ്രകാരം ഒരു സെന്റ് ഭൂമി 16 ലക്ഷം രൂപക്കാണ് അതിരൂപത വിറ്റത്. എന്നാൽ 3 ലക്ഷത്തി എണ്ണായിരം രൂപ മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിൽ നൽകിയത്.
ഇതുകൂടാതെ സർക്കാർ നിശ്ചയിച്ച തറവിലയിൽ നിന്നും താഴ്ന്ന വിലക്ക് ഭൂമി രജിസ്റ്റർ ചെയ്തതായും ഇൻകം ടാക്സ് കണ്ടെത്തിയിരുന്നു. ദേവികുളത്തെ ഭൂമി വാങ്ങാൻ അതിരൂപത വിൽസൺ പൗലോസ് എന്നയാളുമായുണ്ടാക്കിയ കരാറും ഇൻകം ടാക്സ് പിടിച്ചെടുത്തവയിൽ പെടുന്നു. 3 കോടി രൂപക്ക് കരാറെഴുതിയ ഭൂമി 1 കോടി 60 ലക്ഷം രൂപക്കാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 25 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടു വഴി പണമായി നൽകിയത്. ഇത് പ്രകാരം 2 കോടി 75 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരും ഇതിന് കൂട്ടുനിന്നു. അതിരൂപത വാങ്ങിയ ഭൂമിക്ക് സാജു വർഗ്ഗീസിന്റെ അക്കൗണ്ടിൽ നിന്ന് പണമടച്ചു എന്നാൽ അതിരൂപതയുടെ കള്ളപ്പണം സാജു വർഗ്ഗീസ് സൂക്ഷിച്ചിരുന്നു എന്നാണ് നിഗമനം.
അതിരൂപതയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ വിൽക്കുന്നതിന് ഇടനിലക്കാരനായി അവതരിച്ച സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദ്ദിനാൾ ആലഞ്ചേരിയാണെന്നും, രജിസ്ട്രേഷനുള്ള പേപ്പറുകൾ തയ്യാറാക്കി കർദ്ദിനാളിന് നൽകിയിരുന്നത് സാജുവാണെന്നും മുൻ പ്രൊക്യുറേറ്റർ ഫാദർ ജോഷി പുതുവയുടെ നിർണ്ണായക മൊഴിയുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചു വിൽക്കാൻ ചെന്നൈയിൽ നിന്നുള്ള റാം മോഹൻ റാവു, അശോക് ജി. എന്നിവരുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തിയെന്നും ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി കൊടുത്തിട്ടുണ്ട്. നേരത്തെ പുറത്തുവന്ന KPMG റിപ്പോർട്ടിലും കർദ്ദിനാൾ ആലഞ്ചേരിയും സാജുവർഗ്ഗീസും തമ്മിലുള്ള ബന്ധം പുറത്തു വന്നിരുന്നു. സാജുവിനോട് 10 കോടി രൂപ ദീപിക പത്രത്തിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയതും ജോഷി പുതുവയായിരുന്നു.