സിസ്റ്റർ ലൂസി കളപ്പുരയുടെ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വിധി പറയാനായി മാറ്റി
അഭിഭാഷകൻ്റെ അസാന്നിധ്യത്തിൽ സിസ്റ്റർ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്ന അപൂർവ്വ സംഭവത്തിനും കേരള ഹൈക്കോടതി സാക്ഷിയായി. കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും, മഠത്തിൽ നിന്നും ഇറങ്ങാൻ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട, കോടതികളുടെ പരിഗണനയിലിരിക്കുന്ന സിവിൽ കേസ് തീർപ്പാകുന്നവരെ മഠം വിട്ടിറങ്ങാനാവില്ലെന്നും സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചു. കാൽനൂറ്റാണ്ടിലേറെയായി സന്ന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മഠത്തിൽ നിന്നും പുറത്തായാൽ തനിക്ക് പോകാൻ ഇടമില്ലെന്നും സിസ്റ്റർ ലൂസി ഹൈക്കോടതിയിൽ വാദിച്ചു.
കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി, പൊലീസ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു.
ഹൈക്കോടതിയുടെ ഈ പരാമർശം പിൻവലിക്കണമെന്നും സിസ്റ്റർ ലൂസി കളപ്പുര ക്കോടതിയിൽ വാദിച്ചു. മഠത്തിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ താൻ സഭയിലും,രാജ്യത്തെ മറ്റൊരു കോടതിയിലും പോരാട്ടം നടത്തുകയാണെന്നും, തനിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് ഹൈക്കോടതി ഇടപെടേണ്ടതെന്നും ലൂസി വാദിക്കുന്നു.