ദീര്‍ഘായുസ്സിന്റെ മഹാസൂത്രം സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച ആയുരാചാര്യന്‍.
നൂറാമത്തെ വയസിലും ആരോഗ്യദഢഗാത്രനായ ആയൂർവേദ ആചാര്യൻ പി കെ വാര്യർ ദീര്‍ഘായസ്സിന്റെ മഹാസൂത്രം സ്വന്തം ജീവിതചര്യയിലൂടെ നമ്മെയും വരും തലമുറകളേയും പഠിപ്പിച്ചതിനു ശേഷമാണ് യാത്രയായത്. ചിട്ടയായ ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം. പ്രകൃതിയോടിണങ്ങിയ ഭക്ഷണത്തോടായിരുന്നു താൽപര്യം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് രീതി. വാരിവലിച്ച് ഭക്ഷണം കഴിക്കില്ല.
പുലർച്ചെ നാല് മണിയ്ക്ക് എന്നും എഴുന്നേൽക്കും. മനുഷ്യന്‍റെ ബുദ്ധി ഏറ്റവും വികസിക്കുന്ന സമയായ ബ്രഹ്മമുഹൂര്‍ത്തത്തില്‍ കിടന്നുറങ്ങരുത് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രമാണം. തുടര്‍ന്ന് ജപധ്യാനങ്ങള്‍. രാവിലെ കൃത്യം 7.30ന് പ്രഭാതഭക്ഷണം. ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ ആണ് പതിവ്. ഉച്ചയ്ക്ക് ഒരു മണിയോടെ കുറച്ച് ചോറും, പഴുത്ത പഴങ്ങളും ഉണങ്ങിയ പഴങ്ങളും കഴിക്കും. അധികം മസാലയടങ്ങിയ ഭക്ഷണത്തോട് അദ്ദേഹത്തിന് ഒട്ടും പ്രതിപത്തിയില്ല.അതിനാല്‍ തന്നെ സാമ്പാറോ രസമോ ഒന്നും ഉപയോഗിക്കാറില്ല. വൈകുന്നേരം ചായയോ കാപ്പിയോ വേണം. ലഘുഭക്ഷണമായി കൂടുതലും പഴങ്ങളായിരുന്നു കഴിച്ചിരുന്നത്. ഇളനീർവെള്ളം നന്നായി കുടിക്കും. സന്ധ്യയ്ക്ക് കുളിയും പ്രാർഥനയും കഴിഞ്ഞ് ഏഴരയോടെ അത്താഴം കഴിയ്ക്കും. അതിനുശേഷം പക്ഷിമൃഗാദികൾപോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹം പറയാറ്. ഗോതമ്പിന്റെ ഭക്ഷണത്തോടാണ് കൂടുതൽ താൽപര്യം. ആഴ്ചയിൽ രണ്ട് തവണ മാത്രമേ തല കുളിക്കുകയുള്ളൂ. രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോകും. മനസ്സ് എപ്പോഴും സന്തോഷത്തോടെയിരിക്കണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അതിനാല്‍ അദ്ദേഹം പാട്ടുകളേയും കലകളേയും സ്നേഹിച്ചു. അതിനാല്‍ തന്നെ 100ന്‍റെ നിറവിലും കാര്യമായ രോഗപീഢകളില്ലാതെ ജീവിച്ച് ആയുസിന്‍റെ മാര്‍ഗ്ഗദര്‍ശകനായി.