‘വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയുള്ള ഈ കളിക്ക്’ ജലീലിനെ രക്ഷപെടുത്തുവാന്‍ കഴിയുമോ…???

Print Friendly, PDF & Email

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്.നീളുകയാണ്. നിയമവിരുദ്ധമായി ഖുര്‍ആനുകളും ഭഷ്യകിറ്റുകളും രാജ്യത്ത് വിതരണം ചെയ്തതിന്‍റെ പേരില്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ദേശീയ സുരക്ഷ ഏജന്‍സി ആകട്ടെ ഇത് ഗുരുതരമായ നിയമ ലംഘനമായി കണ്ട് അന്വേഷണം അതിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജലീലിന്‍റെ മേലുള്ള കുരുക്ക് മുറുകമെന്ന കാര്യം ഏതാണ്ട് ഉറപ്പായികഴിഞ്ഞു.

റംസാൻ റിലീഫായി ഭക്ഷ്യക്കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാനാണ് കോൺസുലേറ്റ് മതഗ്രന്ഥം കൈമാറിയതെന്നാണ് ജലീലിന്റെ വാദം. ആയിരം ഭക്ഷ്യക്കിറ്റുകളാണ് മന്ത്രി തന്റെ മണ്ഡലമായ തവനൂരിൽ വിതരണം ചെയ്തത്. എന്നാൽ മതഗ്രന്ഥങ്ങൾ ഇവയ്ക്കൊപ്പം നൽകിയില്ല. മാത്രമല്ല, മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ട് പന്താവൂരിലെ സ്ഥാപനത്തിൽ മതഗ്രന്ഥങ്ങൾ എത്തിച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് ആവശ്യപ്പെട്ടതെന്ന് കണ്ടെത്താനുള്ള പ്രത്യേക അന്വേഷണം. സ്വപ്നയെയും സരിത്തിനെയും ഇതിനായി ചോദ്യംചെയ്യും. സ്വപ്നയും സംഘവുമാണ് മതഗ്രന്ഥങ്ങൾ ആവശ്യപ്പെട്ടതെങ്കിൽ ലക്ഷ്യം സ്വർണക്കടത്താണെന്ന് ഉറപ്പിക്കാം.

ഇതോടെ എങ്ങനെയെങ്കിലും ജലീലിനെ രക്ഷച്ചെടുക്കുക എന്നത് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ ആവശ്യമായി മാറികഴിഞ്ഞു. ഒന്നിന്‍റെ പുറകെ ഒന്നായി ആരോപണ വിധേയമായി കൊണ്ടിരിക്കുന്ന സര്‍ക്കാരിനെ രക്ഷിക്കുവാന്‍ അറ്റകൈ പ്രയോഗമായ വര്‍ഗീയ കാര്‍ഡ് എടുത്തു കളളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും, ജലീലും ഒപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും. യുഎഇ കോണ്‍സിലേറ്റ് വഴി വന്ന വിശുദ്ധ ഖുര്‍ആന്‍ ജലീല്‍ ഏറ്റെടുത്ത് വിതരണം നടത്തിയ നടപടികളെ വിമര്‍ശിക്കുകയും ജലീലിന്‍റെ രാജിക്കായി സമര പരമ്പര സൃഷ്ടിക്കുകയും ചെയ്യുന്ന ബിജെപിയും യുഡിഎഫും മുസ്ലീം വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ നെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്നാണ് സിപിഎംന്‍റെ കണ്ടുപിടുത്തം.

ജലീല്‍ കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ വാട്സ് ആപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട്

ഒരു കിറ്റിന് 500 രൂപ വിലവരുന്ന 10,000 ഫുഡ് കിറ്റുകളും (5 ലക്ഷം രൂപ) ജലീലിന് ലഭിച്ചതായി റിപ്പോർട്ട്. അദ്ദേഹവും കോൺസൽ ജനറലും തമ്മിലുള്ള വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകളിൽ (ജലീൽ തന്നെ പങ്കിട്ടത്), യുഎഇ കോൺസുലേറ്റ് സ്പോൺസർ ചെയ്തതെന്ന് കരുതപ്പെടുന്ന ഫുഡ് കിറ്റുകൾ മന്ത്രി ജലീല്‍ ഒരു സർക്കാർ സ്ഥാപനമായ കൺസ്യൂമർഫെഡ് വഴി ഉപഭോക്തൃ സഹകരണ സ്റ്റോറുകളിലൂടെവിതരണം ചെയ്യുവാനുള്ള സൗകര്യം ഒരുക്കി എന്നാണ് അവകാശപ്പെടുന്നത്. ഖുര്‍ആന്‍ ആകട്ടെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) വാഹനത്തില്‍ സ്വന്തം ജില്ലയായ മലപ്പുറത്തെ എടപ്പാളിലെയും അലത്തിയൂരിലെയും രണ്ട് മത സ്ഥാപനങ്ങളിലേക്ക് എത്തച്ചുവെന്നും പറയുന്നു. യുഎഇയില്‍ നിന്ന് 7750 ഖുര്‍ആനുകള്‍ ഉള്‍ക്കൊള്ളുന്ന 250 പാക്കറ്റുകളാണ് മാർച്ച് നാലിന് യുഎഇ കൊണ്‍സുല്‍ ജനറലിന്‍റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അതില്‍ 992 ഖുര്‍ആനുകള്‍ അടങ്ങുന്ന 32 പാക്കറ്റുകളാണ് കോൺസുലേറ്റിൽ നിന്ന് (സി-ആപ്റ്റ്) വാഹനത്തില്‍ കടത്തിയത്. ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങളെ പറ്റി ആര്‍ക്കും ഒരു വിവരവുമില്ല. അത് ആര് കൈപറ്റിയെന്നും എവിടെയാണെന്നും കണ്ടെത്തണം. ഖുര്‍ആൻ വിതരണം ചെയ്യുന്നത് സാംസ്കാരികവും മതപരവുമായ ഇടപാടാണെന്നും, ഭഷണകിറ്റ് ഇടപാടിനെ യുഎഇ സര്‍ക്കാരിനെ ‘സകാത്ത്’ (ദാനധർമ്മം) ചെയ്യുന്നതിനു സഹായിക്കുകയായിരുന്നു എന്നാണ് ജലീൽ ഇതിനെ പറ്റി പറയുന്ന ന്യായീകരണം.

കാർഗോയില്‍ എത്തിച്ചതെല്ലാം മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്. ഇതും അന്വേഷിക്കുകയാണ്. കാർഗോ എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികൾ ഇളവു നൽകി വിട്ടുകൊടുത്തതും സി-ആപ്‌റ്റിലെത്തിച്ചതും ജൂണിലാണ്. 4479 കിലോ പാഴ്സലിന്റെ വിലയായി 8.95 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ ക്ലിയറിംഗ് ചാർജ് മാത്രമടച്ചാണ് സരിത്ത് കൈപ്പറ്റിയത്. ഇളവുകള്‍ക്കായി തങ്ങള്‍ ആരേയും സമീപിച്ചിട്ടില്ലന്ന് പ്രോട്ടോക്കോള്‍ ഓഫീസ് പറയുന്നു. അതിനാല്‍, നികുതിയിളവിനായി സർക്കാരിന്റെ വ്യാജരേഖകൾ ഹാജരാക്കിയിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

യുഎഇയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരമാണ് മതഗ്രന്ഥം അയയ്ക്കുന്നതെന്നാണ് രേഖകളിൽ. കോൺസുലേറ്റ് വഴി മറ്റ് രാജ്യങ്ങളിലേക്ക് മതഗ്രന്ഥങ്ങൾ അയയ്ക്കുന്ന മതപരമായ രീതി സൗദി അറേബ്യയിലുണ്ടെങ്കിലും യുഎഇക്ക് അത്തരമൊരു നയമില്ല എന്നാണ് യുഎഇ അധികൃതര്‍ പറയുന്നത്. വ്യക്തികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്, അസാധാരണമോ നിയമവിരുദ്ധമോ അല്ല. “ഇത് വർഷങ്ങളായി സംഭവിക്കുന്നു എന്നാണ്” ഗൾഫിലെ ഒരു ഇന്ത്യൻ കോൺസുലേറ്റുമായി അടുത്ത് പ്രവർത്തിച്ച ഒരു മുൻ നയതന്ത്രജ്ഞൻ പിബിന്യൂസിനോട് പറഞ്ഞത്.

യുഎഇയിന്‍ നിന്ന് സ്വീകരിച്ച ഭക്ഷണ കിറ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ ജലീല്‍ വിതരണം ചെയ്യുന്നു

2010 ലെ വിദേശ സംഭാവന റെഗുലേഷൻ (എഫ്‌സി‌ആർ‌എ) നിയമത്തിലെ 35-ാം വകുപ്പ് ഇപ്രകാരം പറയുന്നു: “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ അല്ലെങ്കിൽ സംഘടനയെ പ്രതിനിധീകരിക്കുന്നതോ സഹായിക്കുന്നതോ ആയ ആരെങ്കിലും, ഏതെങ്കിലും വിദേശ സംഭാവന അല്ലെങ്കിൽ ഏതെങ്കിലും വിദേശ സ്രോതസ്സിൽ നിന്നുള്ള ഏതെങ്കിലുംസംഭാവനയോ സമ്മാനമോ സ്വീകരിക്കുവാന്‍ പാടില്ല എന്ന് പറയുന്നു. അങ്ങനെ സ്വീകരിച്ചാല്‍ അഞ്ചുവർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ. ഒരു സ്വകാര്യ വ്യക്തിക്ക് 1ലക്ഷം രൂപയില്‍ താഴെ തുകക്കുള്ള സമ്മാനമോ സംഭാവനയോ സ്വീകരിക്കാമെങ്കിലും സംസ്ഥാന നിയമസഭയിൽ അംഗമായതിനാൽ ജലീലിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടുകയോ ഈ ഇടപാടുകളെക്കുറിച്ച് കേരള പ്രോട്ടോക്കോൾ ഓഫീസറെ അറിയിക്കുകയോ ചെയ്യാതെ യാതൊരു വിധ സമ്മാനങ്ങളോ സംഭാവനകളോ സ്വീകരിക്കുവാന്‍ കഴിയില്ല. “കൂടാതെ, ഒരു സംസ്ഥാന നിയമസഭയിലെ അംഗത്തെ, മറ്റ് സ്ഥാപനങ്ങളിൽ, ഏതെങ്കിലും രൂപത്തിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് എഫ്‌സി‌ആർ‌എ വ്യക്തമായി തടയുന്നു. വ്യക്തി ഒരു പൊതുസേവകനായിക്കഴിഞ്ഞാൽ, വ്യക്തിപരമായ ശേഷിയിൽ പോലും സംഭാവനകൾ സ്വീകരിക്കാൻ അവനോ അവൾക്കോ ​​കഴിയില്ല. മുൻകൂർ അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് തേടണം, ജലീൽ വിദേശ സർക്കാർ ഏജൻസിയിൽ നിന്ന് കറൻസി സ്വീകരിച്ചില്ലെങ്കിലും കേന്ദ്ര വിദേശകാര്യ വകുപ്പിനേയോ പ്രോട്ടോക്കോള്‍ ഓഫീസറേയോ അറിയിക്കാതെ ഖുറാനും ഫുഡ് കിറ്റുകളും സ്വീകരിച്ച് അസോസിയേഷനുകൾക്ക് വിതരണം ചെയ്തിട്ടുണ്ടെങ്കിലും, അത് എഫ്‌സി‌ആർ‌എ യുടെ നഗ്നമായ ലംഘനം തന്നെയാണ്.

താൻ ഖുറാആന്‍ ന്‍റെ ‘സ്വീകർത്താവ്’ ആയിരുന്നില്ലെന്നും അത് വിതരണം ചെയ്യുകയായിരുന്നുവെന്നും ജലീൽ വാദിക്കുന്നു. ദി ഫെഡറലിനായി പത്രപ്രവർത്തകൻ കെ കെ ഷാഹിനയ്ക്ക് നൽകിയ അഭിമുഖത്തിൽ ജലീൽ പറഞ്ഞത്, 200 ലധികം പാക്കറ്റ് ഖുറാൻ കോപ്പികൾ (ഓരോന്നും 1,000 പുസ്തകങ്ങൾ അടങ്ങിയത്) കോൺസുലേറ്റ് കേരളത്തിലെ മതസ്ഥാപനങ്ങൾക്ക് നേരിട്ട് വിതരണം ചെയ്തു. ലോക്ക്ഡൗൺ കാരണം അവർക്ക് 32 പാക്കറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ന്യൂനപക്ഷ, വക് ഫ്, ഹജ്ജ് ക്ഷേമ മന്ത്രി കൂടിയായ ജലീലിനെ കോൺസുലർ ജനറൽ സമീപിച്ച് പകർപ്പുകൾ വിതരണം ചെയ്യാൻ അഭ്യർത്ഥിച്ചു. “അതനുസരിച്ച്, മലപ്പുറത്തെ ചില മതസ്ഥാപനങ്ങളിലേക്ക് പാക്കറ്റുകൾ കൊണ്ടുപോകാൻ ഞാൻ സി-ആപ്റ്റ് വാഹനം ക്രമീകരിച്ചു,” എന്നാണ്.

കസ്റ്റംസ് ക്ലിയറന്‍സിനായി ശരത് അടച്ച തുകയുടെ ബില്ല്

താന്‍ നിയമലംഘനം നടത്തി എന്ന് സ്വയം സമ്മതിക്കുകയാണ് ഇതിലൂടെ ജലീല്‍ ചെയ്തിരിക്കുന്നത്. ഒന്നാമതായി വ്യക്തിയുടേയോ അല്ലങ്കില്‍ എംബസി / കോണ്‍സുലേറ്റ് ജീവനക്കാരുടേയോ സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രമല്ലാതെ കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂട്ടി അനുവാദമില്ലാതെ യാതൊരു വിധ മതഗ്രന്ഥങ്ങളും കൊണ്ടുവന്ന് വില്‍ക്കുവാനോ വിതരണം ചെയ്യുവാനോ പാടില്ല. അതിനാലാണ് യുഎഇ കോണ്‍സിലേറ്റിന്‍റെ പേരില്‍ കസ്റ്റംസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിയമം ലംഘിച്ച് കടത്തികൊണ്ടുവന്ന ഖുര്‍ആന്‍ വിതരണം ചെയ്യുവാന്‍ താന്‍ സഹായിച്ചുവന്ന് സ്വയം അംഗീകരിച്ചതോടെ മന്ത്രിയെന്ന നിലയില്‍ ഗുരുതരമായ നിയമലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്.

കസ്റ്റംസ് അന്വേഷണ പരിധിയിലാണ് ജലീലിന്‍റെ ഈ നിയമ ലംഘനങ്ങള്‍ വരുന്നതെങ്കില്‍ ദേശീയ സുരക്ഷ ഏജന്‍സിയും ജലീലിന്‍റെ മേല്‍ പിടിമുറുക്കി യിരിക്കുകയാണ്. ജലീല്‍ തന്നെ പുറത്തുവിട്ട വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത് ഖുര്‍ആനും ഭക്ഷ്യകറ്റുകളും വിതരണം ചെയ്യുന്നതിന് യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ പറഞ്ഞേല്‍പ്പിച്ചത് സ്വര്‍ണ്ണകടത്ത് റാണി സ്വപ്ന സുരേഷുമായി ബന്ധപ്പെടുവാന്‍ ആണ് എന്നാണ്. നയതന്ത്ര ചാനലിലൂടെ സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിയെങ്കിലും പരമാവധി 152 കിലോഗ്രാം ഭാരമുള്ള ബാഗുകളാണെത്തിച്ചിരുന്നത്. കസ്റ്റംസ് മുപ്പതുകിലോ സ്വർണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോയായിരുന്നു. കോണ്‍സുലേറ്റ് ബാഗേജുകള്‍ വഴി നിരന്തരം സ്വര്‍ണ്ണകടത്ത് നടത്തിയ കള്ളകടത്ത് സംഘം ഭക്ഷ്യകിറ്റുകള്‍ വഴിയും ഖുര്‍ആന്‍ന്‍റെ മറവിലും സ്വര്‍ണ്ണം കടത്തിയിട്ടില്ല എന്ന് എന്താണ് ഉറപ്പ് എന്ന് എന്‍ഐഎ സംശയിക്കുന്നു. ഭക്ഷ്യ കിറ്റിന്‍റേയും ഖുര്‍ആന്‍ന്‍റേയും മറവില്‍ വന്‍തോതില്‍ സ്വര്‍ണ്ണം കടത്തുവാനാണ് സംഘം ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സംശയിക്കുന്നത്. കൂടാതെ, മലപ്പുറത്തേക്ക് ഖുറാന്‍ കൊണ്ടുപോയ സിആപ്റ്റിന്‍റെ മറച്ചുകെട്ടിയ വാഹനത്തിന്‍റെ ജിപിഎസ് തൃശൂര്‍ കഴിഞ്ഞപ്പോള്‍ ഓഫായതിലും ഗവര്‍മ്മെന്‍റ് ഡ്രൈവറെ മാറ്റി വാഹനം ബെംഗളൂര്‍ക്ക് പോയതിലും ദുരൂഹതയുണ്ടെന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടല്‍.

മാത്രമല്ല, യുഎഇയില്‍ നിന്നുള്ള ഖുര്‍ആന്‍നു വേണ്ടി ആര് ആവശ്യപ്പെട്ടു എന്ന ചോദ്യത്തിന്‍റെ ഉത്തരം അതി നിര്‍ണ്ണായകമാണ്. കാര്‍ഗോ കൈപറ്റിയ ശരത്തിന്‍റേയും സ്വര്‍ണ്ണകടത്ത് റാണി സ്വപനയുടേയും പദ്ധതിയായിരുന്നുവോ ഖുര്‍ആന്‍ന്‍റേയും ഭക്ഷ്യപാക്കറ്റുകളുടേയും കടത്തിന്‍റെ പിന്നില്‍ എന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ശരത്തിനേയും സ്വപ്നയേയും ഇനിയുള്ള ചോദ്യം ചെയ്യലിലൂടേയേ ഇക്കാര്യം സ്ഥിരീകരിക്കുവാന്‍ കഴിയൂ. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ സ്വര്‍ണ്ണകടത്തിനു കൂട്ടുനിന്നതിന് ഒരു സംസ്ഥാന മന്ത്രിയുടെ കൈകളില്‍ വിലങ്ങു വീഴുന്ന കാഴ്ചക്ക് സാക്ഷിയാകേണ്ട ഗതികേട് കേരളീയര്‍ക്കുണ്ടാവും. താന്‍ കൈപറ്റി എന്നു ജലീല്‍ പറയുന്ന 32 പാക്കറ്റുകള്‍ക്കു പുറമേയുള്ള പാക്കറ്റുകള്‍ ആര് കൈപറ്റി, എവിടെ വിതരണം ചെയ്തു കസ്റ്റംസ് നടത്തിയ സാമ്പിള്‍ പരിശോദനയില്‍ അധികം വന്ന 14 കിലോ എന്തായിരുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് എന്‍ഐഎക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മതഗ്രന്ഥങ്ങൾ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജലീലിന്റെ നിർദേശപ്രകാരമാണ് സ്വീകരിച്ചതെന്നും മലപ്പുറം പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി വെളിപ്പെത്തിയതും ജലീലിന് കുരുക്കാണ്.

ജലീലിന് വിശദീകരിക്കുവാന്‍ കഴിയാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കെ വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ ലജ്ജിപ്പിക്കുന്ന പച്ചയായ വര്‍ഗ്ഗീയത പറഞ്ഞും ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുവാനായി വിളിച്ചത് സിആര്‍പിസി 160-ാം ചട്ടപ്രകാരം സാക്ഷിയായിട്ടാണെന്ന മുട്ടുന്യായം പറഞ്ഞും രക്ഷപെടുവാന്‍ ശ്രമിക്കുന്ന ജലീലും മുഖ്യമന്ത്രിയും സിപിഎം ഉം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ജലീല്‍ മന്ത്രിയായി ചുമതല ഏല്‍ക്കാനായി രാജ്യത്തിന്‍റെ സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് ജനങ്ങളുടെ മുമ്പില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ്. രാജ്യം കണ്ട ഏറ്റവും പ്രമാദമായ കള്ളക്കടത്തിനെ പറ്റി മന്ത്രി ജലീലിന് അറിവുണ്ടെന്ന് അന്വേഷണ സംഘങ്ങള്‍ക്ക് കൃത്യമായി ബോധ്യം വന്നതിനാലാണ് ജലീലിനെ അന്വേഷണ സംഘങ്ങള്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇനി അതിനെ പറ്റി ജലീലിന് എത്രമാത്രം അറിവുണ്ട് എന്നതിലായിരിക്കും ജലീലിന്‍റെ ഭാവി. ഒരു മന്ത്രിക്ക് രാജ്യദ്രോഹ കുറ്റം ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന് വരുന്നതു തന്നെ അക്ഷന്തവ്യമായ തെറ്റാണ്. ആ തെറ്റിനെ മറക്കാന്‍ വര്‍ഗ്ഗീയ കാര്‍ഡ് എടുത്തു കളിക്കുന്ന ജലീലും മുഖ്യമന്ത്രിയും പിന്നെ സിപിഎം ഉം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല കേരളീയ സമൂഹത്തോടുള്ള കടുത്ത വഞ്ചന കൂടിയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...