അറബികടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു. പേമാരിക്കും കൊടുംങ്കാറ്റിനും സാധ്യത. ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Print Friendly, PDF & Email

മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മേയ് 29നും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 31നും രണ്ട് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി ഉണ്ടായേക്കാവുന്ന പേമാരിയേയും കൊടുങ്കാറ്റിനേയും നേരടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ജില്ലാ ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരള തീരത്തിനോടടുത്ത് ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരളത്തിൽ ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്നൊരുക്കമെന്ന നിലയില്‍ മേയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മേയ് 28 രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ക്യാമ്പുകള്‍ തയ്യാറാക്കിവെക്കാനും അവ പൊതുജനങ്ങളെ അറിയിക്കുവാനും യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കുവാനും തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അണക്കെട്ടുകള്‍ തുറന്നുവിടുവാന്‍ സാധ്യതയുള്ളതിനാല്‍ അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •