കൂടുതല്‍ എംഎല്‍എമാര്‍ രാജിക്ക്. കര്‍ണ്ണാടക മന്ത്രിസഭ പതനത്തിന്‍റെ വക്കില്‍

Print Friendly, PDF & Email

ഇന്നലെ രാജിവച്ച 11കോണ്‍-ദള്‍ എംഎല്‍എമാര്‍ക്കു പുറമേ കൂടുതല്‍ എംഎല്‍എമാര്‍ രാജി വക്കാന്‍ തയ്യാറായതോടെ കര്‍ണ്ണാടകയിലെ മന്ത്രി സഭ ഏത് നിമിഷവും നിലപതിക്കാം. ഇന്നലത്തെ രാജിയോടെ കോണ്‍ഗ്രസ് ദള്‍ സഖ്യത്തില്‍ നിന്ന് രാജിവച്ചവരുടെ എണ്ണം 13 ആയി. കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാരായ സൗമ്യ റെഡ്ഡി, ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവര്‍ കൂടി രാജിക്ക് ഒരുങ്ങി നില്‍ക്കുന്നതായാണ് പുറത്തുവരുന്ന വിവരം. അതോടെ രാജിവക്കുന്ന എംഎല്‍എമാരുടെ എണ്ണം 16 ആകുകയും മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്യും.

മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോയി വ്യക്തമായ ഭൂരിപക്ഷത്തോടെ മന്ത്രിസഭ ഉണ്ടാക്കണമോ അതോ കമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് കേവല ഭൂരിപക്ഷത്തോടെ തൂക്കുമന്ത്രിസഭ ഉണ്ടാക്കണമോ എന്ന ചര്‍ച്ചയിലാണ് ബിജെപി നേതൃത്വം. ഇതിനിടയില്‍ സമവായ നീക്കം ശക്തമായി തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ വീണ്ടും മുഖ്യമന്ത്രി ആവുകയാണെങ്കില്‍ തങ്ങള്‍ രാജിയില്‍ നിന്നു പിന്മാറാം എന്ന് മൂന്നു കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ നിലപാടെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിച്ചില്ല. കോണ്‍ഗ്രസ്-ദള്‍ സഖ്യം തകര്‍ക്കുവാനുള്ള ബിജെപി തന്ത്രമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്.

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന രാമലിംഗറെഢി(ബിടിഎം) യുടെ നേതൃത്വത്തില്‍ എംല്‍എമാരായ മഹേഷ് കുമ്‍‍ടഹള്ളി(അഥനി), ശിവറാം ഹെബ്ബാർ(യല്ലപുര), ബി സി പാട്ടീൽ(ഹെരക്പൂര്‍), മുനിരത്ന, എസ് ടി സോമശേഖർ(യശ്വന്ത്പുര), ബയ്‍രതി ബസവരാജ്(കെആര്‍പുര), പ്രതാപ് ഗൗഡ പാട്ടീൽ(മസ്കി) എന്നിവരും ജെഡിഎസ് എംഎല്‍എ എച്ച് വിശ്വനാഥ് (ഹുണ്‍സൂര്‍)ന്‍റെ നേതൃത്വത്തില്‍), ഗോപലയ്യ( മഹാലക്ഷ്മി ലേഔട്ട്), എം നാരായണഗൗഡ(കെആര്‍പേട്ട്) എന്നിവരും രാജിവച്ചത്. നേരത്തെ രാജിവച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജർക്കിഹോളി, ആനന്ദ് സിംഗ് എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ 12മണിയോടെയാണ് രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. 11എംഎല്‍എമാര്‍ രാജിവക്കുവാന്‍ വിധാന്‍സഭയിലെ സ്പീക്കറുടെ ചേമ്പറില്‍ എത്തിയതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എംഎല്‍എമാര്‍ വരുന്നതറിഞ്ഞ് സ്പീക്കര്‍ ചേമ്പര്‍ വിട്ടതോടെ വിമത എംഎല്‍എമാര്‍ ഗവര്‍ണ്ണറെ കണ്ട് രാജി സന്നദ്ധത അറിയിച്ചു. തുടര്‍ന്ന് ബിജെപി എംഎല്‍എമാരായ അശ്വത് നാരായണന്‍, ലിംബാവലി എന്നിവരുടെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പത്ത് എംഎല്‍മാര്‍ മുബൈക്ക് പറന്നു.

കര്‍ണ്ണാടക നിയമസഭയിലെ ആകെ സീറ്റുകൾ 224ആണ്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ വേണം. കോൺഗ്രസ് – ദൾ സഖ്യസർക്കാരിന്‍റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‍പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ – റാണെബന്നൂർ, എച്ച് നാഗേഷ് – മുൾബാഗൽ) എന്നിവരും സഖ്യ സർക്കാരിനൊപ്പമുണ്ട്. ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 16 എംഎല്‍എ മാര്‍ രാജിവക്കുന്നതോടെ കോണ്‍ഗ്രസ് – ദള്‍ അംഗബലം 104 ആയി കുറയും. രണ്ട് സ്വതന്ത്രരേയും കൂടെ കൂട്ടി മന്ത്രിസഭയെ അട്ടിമറിക്കുവാന്‍ ബിജെപിക്കാകും.

എംഎല്‍എ മാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയുടെ ആകെ ബലം 211ആയി കുറയും. എന്നാലും ഒറ്റക്കു ഭരിക്കുവാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നും ഇപ്പോള്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പു നടന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണം തിരിച്ചുപിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ കര്‍ണ്ണാടകം ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ പോലും അത്ഭുതപ്പെടാനില്ല.

(Visited 12 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •