40 ഓളം ഉത്പന്നങ്ങള്‍ക്ക്  ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു

Print Friendly, PDF & Email

ജി.എസ്.ടി കൗൺസിലിന്റെ 31‌-)മത് യോഗം ഡൽഹിയിൽ ചേര്‍ന്ന്  40 ഓളം ഉത്പന്നങ്ങള്‍ക്ക്  ജിഎസ്ടി നിരക്ക് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു. ഇതില്‍ 33 ഉത്പന്നങ്ങള്‍ 18 ശതമാനത്തില്‍ നിന്ന് 12 ഉം അഞ്ചും ശതമാനമാക്കി  വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിന്റെ സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്.

ശീതീകരിച്ചതോ കവറുകളിൽ പാക്ക് ചെയ്തതോ ആയ പച്ചക്കറികൾക്ക് നികുതി ഒഴിവാക്കി. നേരത്തെ അഞ്ചു ശതമാനമായിരുന്നു നികുതി. സംഗീത പുസ്തകങ്ങൾക്കും  ജനധന യോജന അക്കൗണ്ടുകളുടെ സേവനങ്ങൾക്കും നികുതി ഒഴിവാക്കി. വികലാംഗരുടെ ഉപകരണങ്ങളുടെ പാർട്ട്സുകൾക്ക് നികുതി 28 ൽ നിന്നും അഞ്ചാക്കി കുറച്ചു.മാര്‍ബിള്‍ റബ്ബിള്‍, ഹോളോബ്രിക്‌സ് എന്നിവയുടെ ജിഎസ്ടി നിരക്ക് 12-ല്‍ നിന്ന് അഞ്ചാക്കി വെട്ടിക്കുറച്ചു. സൗരോര്‍ജ പ്ലാന്റുകള്‍ക്കും ജിഎസ്ടി അഞ്ചാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഇക്കോണമി ക്ലാസിന് അഞ്ചും ബിസിനസ് ക്ലാസിന് 12  ശതമാനവും ഇനി ജിഎസ്ടി നല്‍കിയാല്‍ മതി.

ക്രാങ്ക് , ഗിയർ ബോക്സ് തുടങ്ങിയവകളുടെ നികുതി 28 ൽ നിന്ന് 18 ശതമാനമാക്കി. 32 ഇഞ്ച് വരെയുള്ള മോണിട്ടറുകൾക്കും ടിവിക്കും നികുതി 18 ശതമാനമാക്കി കുറച്ചു. പവർ ബാങ്ക് , ഡിജിറ്റൽ ക്യാമറ,വീഡിയോ ക്യാമറ തുടങ്ങിയവകളേയും 18 ശതമാനം നികുതി സ്ലാബിലേക്ക് താഴ്ത്തി. നൂറു രൂപ വരെയുള്ള സിനിമ ടിക്കറ്റുകൾക്ക് നികുതി നിരക്ക് 18 ൽ നിന്ന് 12 ആക്കി കുറച്ചു. നൂറു രൂപയ്ക്ക് മുകളിൽ ഉള്ളതിന് നികുതി 28 ൽ നിന്ന് 18 ആക്കി. ഗുഡ്സ് വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് ജിഎസ്ടി 18 ൽ നിന്ന് 12 ശതമാനമാക്കി.

സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രളയസെസ് സംബന്ധിച്ച് തത്വത്തില്‍ ധാരണയായെങ്കിലും അന്തിമതീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്നും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജിഎസ്ടിയെ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി വ്യക്തമാക്കി.

 

(Visited 16 times, 1 visits today)
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
  9
  Shares