ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ തിരിച്ചുവരവുമായി കോണ്‍ഗ്രസ്

Print Friendly, PDF & Email

സമീപകാല ഇന്ത്യൻ ചരിത്രത്തിലെ സവിശേഷമായൊരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്‍റെ കാലത്താണ് രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സെമിഫൈനൽ കഴിഞ്ഞിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ദേശീയ നേതാവിന്‍റെ തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

2013-ൽ അഞ്ച് വർഷങ്ങൾക്ക് മുമ്പേ ഒരു ഡിസംബർ എട്ടിനാണ് രാജസ്ഥാൻ  പിടിച്ചടക്കി ബിജെപി വൻമുന്നേറ്റം തുടങ്ങിയത്. അതേ രാജസ്ഥാനില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ തേര് തെളിക്കുവാന്‍ ആരംഭിച്ചിരിക്കുന്നത് ചരിത്രത്തിന്‍റെ നിയോഗമായിരിക്കാം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല.

ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെൻഡ് ലോക്സഭയിലും തുടരുന്നതാണ് രാജസ്ഥാന്‍റേയും മധ്യപ്രദേശിന്‍റേയും ഛത്തീസ്ഗഡിന്‍റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 65 ലോക്സഭാ സീറ്റുകളുണ്ട്. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതിൽ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവർത്തിക്കില്ലെന്ന കാര്യത്തിൽ  സംശയമില്ല.

മിസോറാമിലും തെലുങ്കാനയിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസ്സ് വിജയത്തിന്‍റെ ശോഭ കെടുത്തുന്നുണ്ടെങ്കിലും ബിജെപി ഇവിടെ പറ്റേ തൂത്തുവാരപ്പെട്ടു എന്നത് ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെ.

 

(Visited 13 times, 1 visits today)
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
  9
  Shares