ഹത്രാസ് പീഢനം: പോലീസ് എന്താണീ ചെയ്യുന്നതെന്ന് അലഹബാദ് ഹൈക്കോടതി. സ്വമേധയ കേസെടുത്തു.

Print Friendly, PDF & Email

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്ത സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ച കോടതി യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവര്‍ ഒക്ടോബര്‍ 12-ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളുമായി എത്താനാണ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹത്രാസ് ജില്ലാ മജിസ്‌ട്രേട്ട്, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. കോടതിയിലെത്തി തങ്ങള്‍ക്ക് പറയാനുള്ളത് ബോധിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും നിര്‍ദ്ദേശിച്ച കോടതി അവര്‍ക്ക് വേണ്ട എല്ലാ യാത്രാ സൗകര്യം ഏര്‍പ്പെടുത്തികൊടുക്കണമെന്ന് ജില്ലാഭരണകൂടത്തിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. ഉത്തരപ്രദേശിലെ യോഗി ഗവര്‍മ്മെന്‍റിനെ പ്രതിരോധത്തിലാക്കികൊണ്ടുള്ള ഹത്രാസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത് ജസ്റ്റിസുമാരായ രാജന്‍ റോയ്, ജസ്പ്രീത് സിങ്ങ് എന്നിവരുടെ ബെഞ്ച് ആണ്.

കഴിഞ്ഞ സെപ്റ്റംബർ 14 ന് ആണ് രാജ്യത്തെ ഞടുക്കിയ സംഭവ പരന്പരകള്‍ ആരംഭിച്ചത്. യുപിയിലെ ഹാത്രാസ് ജില്ലയില്‍ മാതാപിതാക്കളോടൊപ്പം വയലില്‍ പണിക്കുപോയ 19 വയസുള്ള ദളിത് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് കമാതാപിതാക്കള്‍ പരാതിയുമായി പോലീസിന് സമീപിച്ചെങ്കിലും പോലീസ് കേസെടുക്കുവാനോ അന്വേഷിക്കുവാനോ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ നാവ് മുറിച്ചു മാറ്റപ്പെട്ട് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 22 ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശപ്പിച്ച പെണ്‍കുട്ടിയെ അവിടെ നിന്ന് 28 ന് അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സ്28ന് തിങ്കളാഴ്ച ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. അവിടെ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച പെണ്‍കുട്ടി മരണപ്പെട്ടു.

രണ്ടാഴ്ചയോളം വിവിധ ആശുപത്രികളില്‍ ജീവനുവേണ്ടി പോരാടിയ പെണ്‍കുട്ടി ഉയര്‍ന്ന ജാതിയിൽപ്പെട്ട നാല് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്തതായി മൊഴി കൊടുത്തുവെങ്കിലും അന്വേഷണം കാര്യമായി പുരോഗമിച്ചില്ല. പെണ്‍കുട്ടി മരിച്ചതോടെ വ്യാപകമായി പ്രതിക്ഷേധം ഉയര്‍ന്നു. മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെ പോലീസ് തന്നെ മൃതദേഹം സംസ്കരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുടെ സമ്മതമില്ലാതെ പോലീസ് മൃതദേഹം ഏറ്റെടുക്കുകയും കനത്ത പോലീസ് ബന്ധവസ്സില്‍ ഹത്രാസില്‍ എത്തിക്കുകയും ബുധനാഴ്ച പുലര്‍ച്ച് 2.30 ഓടെ കുടുംബാംഗങ്ങളെ മുഴുവനും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീടിനു സമീപം വിജനമായ സ്ഥലത്ത് യാതൊരു ആചാരങ്ങളും കൂടാതെ പെണ്‍കുട്ടിയുടെ മൃതശരീരം കത്തിക്കുകയായിരുന്നു യുപി പോലീസ്.

“ശവസംസ്കാരത്തിന് കുടുംബം സമ്മതം നൽകിയിട്ടില്ല. ഞങ്ങൾക്ക് ഭയമാണ്” മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. “ഞങ്ങളെ ആരോടും സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല. ഞങ്ങളുടെ വീടിന് പോലീസ് കാവല്‍ നില്‍ക്കുകകയാണ്. യുപി പോലീസില്‍ ഞങ്ങള്‍ക്കു വിശ്വാസമില്ല. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം” പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി.

അതേസമയം, ശവസംസ്കാരം ബലമായി നടത്തിയെന്ന് പോലീസ് നിഷേധിക്കുക മാത്രമല്ല, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഇതുവരെ തെളിവില്ലെന്നും പോലീസ് അവകാശപ്പെടുന്നു. ശവസംസ്കാരത്തിൽ പോലീസിന്റെ “അടിയന്തിരാവസ്ഥ” ഇല്ലെന്നും നടപടിക്രമം “പതിവുപോലെ” പാലിച്ചുകൊണ്ടാണ് നടത്തിയതെന്നും പോലീസ് സൂപ്രണ്ട് (എസ്പി) വിക്രാന്ത് വീർ പറയുന്നു. “കുടുംബത്തിന്റെ ആഗ്രഹപ്രകാരം എല്ലാ നടപടിക്രമങ്ങളും” ചെയ്തു എന്നാണ് ഒറ്റവരി സന്ദേശത്തില്‍ വീര്‍ പിടിഐയോടു പറഞ്ഞത്. “ഹത്രാസിലോ അലിഗഡിലോ ഉള്ള ഡോക്ടർമാർ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉരച്ചിലിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഫോറൻസിക് സഹായത്തിലൂടെ ഡോക്ടർമാർ ഇക്കാര്യം അന്വേഷിക്കും എന്നാണ് യുപിപോലീസിന്‍റെ നിലപാട്. മൃതശരീരത്തില്‍ ഏറ്റ മറ്റ് ഗുരുതരമായ പരിക്കുകളും പോലീസ് നിഷേധിക്കുന്നതായി ഇന്ത്യാ ടുഡേ എസ്പി വിക്രാന്ത് വീർ നെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

“ഞങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല, അവർക്ക് എന്താണ് വേണ്ടത്. ഇത് ഏതുതരം രാഷ്ട്രീയമാണ്, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ല എന്ന് അവര്‍ പറയുന്നു. അവർ ക്രമരഹിതമായ പ്രസ്താവനകൾ നൽകുന്നു. അവര്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കുട്ടി പീഢിപ്പിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിവില്ല എന്ന് അവര്‍തന്നെ പറയുന്നു. ഇനി ഒരു റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയാത്ത വിധം മൃതശരീരം അവര്‍ തന്നെ കത്തിച്ചു കളയുന്നു. കേസ് അവസാനിപ്പിക്കാൻ അവർ ഇതെല്ലാം ചെയ്യുന്നു. അവർക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല.” ദുഖിതരായ കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്ന ഒരു ബന്ധു പി.ടി.ഐയോട് പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *