സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി. നോട്ടീസ്. ഹൈക്കോടതിയില്‍ അഭയം തേടി രവീന്ദ്രന്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് അയച്ചു. ഇത് നാലാം പ്രാവശ്യമാണ് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കുന്നത്. രവീന്ദ്രൻ്റേയും കുടുംബത്തിൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കഴിഞ്ഞ 5 വർഷത്തെ ആദായ നികുതി രേഖകൾ,
കുടുംബത്തിൻ്റെ മുഴുവൻ സ്വത്ത് വിവരങ്ങൾ, വിദേശയാത്രക്ക് പണം മുടക്കിയവരുടെ വിവരങ്ങൾ, വിദേശ യാത്ര യുടെ വിശദാംശങ്ങൾ അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റ് എന്നീ രേഖകള്‍ അടക്കം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക്ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജാരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇപ്രാവശ്യം ആശുപത്രിയില്‍ അഭയം തേടാതെ ഹൈക്കോടതിയെയാണ് രവീന്ദ്രന് അഭയം തേടിയിരിക്കുന്നത്. നിരന്തരം നോട്ടീസ് അയച്ച് തന്നെ ഇ.ഡി. ബുദ്ധിമുട്ടിക്കുകയാണെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതി ഇടപെടണമെന്നും രവീന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചു. താന്‍ രോഗിയാണെന്നും അതിനാല്‍ തന്നെ കസ്റ്റഡിയില്‍ ചെയ്യരുതെന്നുമാണ് രവീന്ദ്രന്റെ ആവശ്യം. ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം എന്നും രവീന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും ഇ.ഡി. ജയിലില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതിയുടെ അനുമതി പ്രകാരം പോലീസിനെ മാറ്റിനിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍. സി.എം. രവീന്ദ്രനുമായുള്ള ബന്ധമാണ് ഇഡി കൂടുതല്‍ ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ കിട്ടുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യുക.