സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണം കൊടുക്കണമെന്ന് കോടതി

Print Friendly, PDF & Email

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതിഉത്തരവിട്ടു. വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം-2018 പ്രകാരം ആണ് കോടതിയുടെ ഉത്തരവ്. കോട്ടയം ജില്ല കോടതിയുടെതാണ് ഉത്തരവ്. സിസ്റ്റര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

അപായസാധ്യത നിലനില്‍ക്കുന്നതും കരുതല്‍ വേണ്ടതുമായ സാക്ഷിയായ കാറ്റഗറി-എ യില്‍ ആണ് സി. ലിസി വടക്കേലിനെ കോടതി പരിഗണിച്ചിരിക്കുന്നത്. വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യത്തെ കോടതി ഉത്തരവ് ആണിത്. നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോററ്റിയും (NLSA) ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍റ് ഡവലപ്പ്മെന്‍റ് (BPRD)ഉം സംയുക്തമായി സാക്ഷികളുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീംന് 2018ല്‍ സുപ്രീം കോടതി അംഗീകാരം നല്‍കിയതോടെയാണ് ഈ നിയമം രാജ്യത്ത് നിലവില്‍ വന്നത്.

ഫ്രാന്‍സിസ്കന്‍ ക്ലാരറ്റ് കോണ്‍ഗ്രിഗേഷനില്‍(എഫ്.സി.സി) അംഗമായ സിസ്റ്റര്‍ ലിസി വടക്കേല്‍ നിലവില്‍ എഫസിസിയുടെ മൂവാറ്റുപുഴയിലുള്ള ജ്യോതിര്‍ഭവനിലാണ് താമസിക്കുന്നത്. ഒരു ക്രിസ്ത്യന്‍ സ്ത്രീ നടത്തുന്ന കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി സി. ലിസിയെ മാറ്റിപാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ കേസിലെ മുഖ്യ സാക്ഷിയായ സി.ലിസി ഫ്രാങ്കോക്കെതിരെമൊവി കൊടുത്തതോടെ സഭാധികാരികള്‍ കന്യാസ്ത്രീക്കെതിരെ തിരിയുകയായിരുന്നു.കന്യാസ്ത്രീയെ പീഢിപ്പിത്ത കേസില്‍ താന്‍ സാക്ഷിയാണന്നറിഞ്ഞതിനു ശേഷം മഠം അധികൃതര്‍ തനിക്ക് മരുന്നും ഭക്ഷണവും മാത്രമല്ല തലയില്‍ തേക്കാന്‍ എണ്ണപോലും നല്‍കുന്നില്ല എന്ന് സി.ലിസ്സി കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. താന്‍ മഠത്തില്‍ നിന്ന് സ്വയം പുറത്തുപോയി ഏതെങ്കിലും സര്‍ക്കാര്‍ അനാഥാലയത്തില്‍ ജീവിച്ചുകൊള്ളാന്‍ മഠം അധികൃതര്‍ നിര്‍ബ്ബന്ധിക്കുകയാണെന്നാണ് സി.ലിസി വെളിപ്പടുത്തിയത് പൊതുസമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ് സി സി) അംഗമായ സി.ലിസി വടക്കേല്‍. ബിഷപ്പിനെതിരേ മൊഴി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ ഇവരെ എഫ്‌സിസിയുടെ വിജയവാഡ പ്രോവിന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു.അവിടെ വച്ച് തനിക്ക് മാനസികവും വൈകാരികവുമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു വെന്നും ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയാണുണ്ടായതെന്നും സി. ലിസി പിന്നീട് വെളിപ്പെടുത്തിയിരുന്നു. തിരിച്ചു വന്നശേഷവും സി. ലിസിയോട് തിരിച്ച് വിജയവാഡയിലേക്ക് എത്തണമെന്നും അല്ലെങ്കില്‍ മൂവാറ്റുപുഴയിലെ മഠത്തില്‍ നിന്നും പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു മൂവാറ്റുപുഴയിലുള്ള ജ്യോതിര്‍ഭവനില്‍ സി.ലിസി വടക്കേല്‍ താമാസിച്ചിരുന്നത്.

സി. ലിസിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായതോടെ പ്രതികരണവുമായി രംഗത്തുവന്ന എഫ്‌സിസി അധികൃതര്‍ സിസ്റ്റര്‍ക്കെതിരേ ഗുതുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ബിഷപ്പിനെതിരേ മൊഴി കൊടുത്തതിന്റെ പേരില്‍ പ്രതികാരം വീട്ടുന്നവെന്ന ആരോപണം നുണയാണെന്നും മൂവാറ്റുപുഴയില്‍ അനധികൃതമായാണ് താമസിക്കുന്നതെന്നും എഫ്‌സിസി വിജയവാഡ പ്രൊവിന്‍സ് സുപ്പീരിയര്‍ പ്രസ്താവനയിറക്കി. സി. ലിസി തിരികെ വരാത്തപക്ഷം മഠത്തില്‍ നിന്നും പുറത്താക്കുമെന്ന നിലപാടാണ് എഫ്‌സിസി തുടര്‍ന്നത്.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സഹചര്യത്തില്‍ സാക്ഷികളായവര്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍ പ്രധാനമായും സംരക്ഷണം ആവശ്യമായ വ്യക്തിയായി ചൂണ്ടിക്കാട്ടിയിരുന്നതും സി. ലിസി വടക്കേലിനെയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കോടതി സിസ്റ്റര്‍ ലിസിക്കു ആവശ്യമായ സംരക്ഷണം കൊടക്കുവാന്‍ ഉത്തരവിട്ടിരിക്കുന്നത്.

(Visited 12 times, 1 visits today)
  • 5
  •  
  •  
  •  
  •  
  •  
  •  
  •  
    5
    Shares