സിസ്റ്റര്‍ അഭയ വധ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും പിഴയും. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

Print Friendly, PDF & Email

സിസ്റ്റര്‍ അഭയ വധ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും പിഴയും. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും പിഴയും. അഞ്ച് ലക്ഷം രൂപ വീതമാണ് പിഴ. തെളിവു നശിപ്പിച്ചതിന് മറ്റൊരു 50000 രൂപ പിഴയും കൂടി കോടതി വിധിച്ചു. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം. ഐ.പി.സി. 302, 201(കൊലപാതകം, തെളിവു നശിപ്പിക്കല്‍) വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം കൂടാതെ മഠത്തിൽ അതിക്രമിച്ചു കയറിയതിനാണ് രണ്ടാമത്തെ ജീവപര്യന്തം. ഇതുകൂടാതെ, തെളിവ് നശിപ്പിച്ചതിന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവു ശിക്ഷയും വിധിച്ചു. എന്നാല്‍ ശിക്ഷകള്‍ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

11.10-ഓടെ കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. മഠത്തില്‍ അതിക്രമിച്ചു കയറിയ തോമസ് കോട്ടൂര്‍ ഗുതുതരമായ കുറ്റമാണ് ചെയ്തത്. സ്റ്റെഫയാകട്ടെ സി.അഭയക്കൊപ്പം ജീവിച്ചുകൊണ്ടാണ് കൊടും ക്രൂരക‍ൃത്യം ചെയ്തത്. അതിനാല്‍ പരമാവധി ശിക്ഷക്ക് പ്രതികള്‍ അര്‍ഹരാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നൽകി.

എന്നാല്‍, കേസിലെ രണ്ടു പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. താന്‍ നിരപരാധി ആണെന്നും കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തനിക്ക് 73 വയസുണ്ടെന്നും കാന്‍സറിനു പുറമേ മറ്റ് പലവിധ രോഗങ്ങളും തന്നെ അലട്ടുന്നുണ്ടന്നും ദിവസവും 20 എം.ജി ഇൻസുലിൻ വേണമെന്നും കോട്ടൂര്‍ കോടതിയിൽ പറഞ്ഞു.

താൻ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികൻ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാൽ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സി.സ്റ്റെഫിയുടെ വാദം. തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തൻ്റെ ഉത്തരവാദിത്തമാണെന്നും സ്റ്റെഫി കോടതിയെ അറിയിച്ചു. തനിക്ക് പെൻഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും സ്റ്റെഫി കോടതിയില്‍ പറഞ്ഞു.

28 വര്‍ഷത്തിലേറെ കാലം നീണ്ട സിസ്റ്റര്‍ അഭയ വധക്കേസില്‍ ഇന്നലെയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. തുടര്‍ന്ന് പ്രതികളെ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടു വന്നു തുടര്‍ന്നാണ് സിബിഐ കോടതി ജഡ്ജി വിധി പ്രസ്ഥാവിച്ചത്. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. ദൃക്‍സാക്ഷികളാരുമില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ബ്രെയിന്‍ മാപ്പിങ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികള്‍ക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാന്‍ സി.ബി.ഐക്കു സഹായകമായി. കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണം നടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയില്‍നെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരെ കൂറുമാറ്റത്തിന് കേസെടുക്കുന്നതിനുള്ള നടപടികള്‍ സിബിഐ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം കേസിന്‍റെ തെളിവുകള്‍ നശിപ്പിച്ചതിന്‍റെ പേരില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി കെടി മൈക്കിളിന്‍റെ പേരിലും നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റിയും സിബിഐ ആലോചിക്കുന്നുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •