സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ്…

Print Friendly, PDF & Email

കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്‍ഡൗണും കാരണം തകര്‍ന്ന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആത്മനിര്‍ഭര്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക പാക്കേജ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരും. ഇതോടെ വികസിത യൂറോപ്യന്‍ രാജങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളുടെ നിലവാരത്തിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം തുടങ്ങി സമൂഹത്തിന്‍റെ സര്‍വ്വ തലങ്ങളിലുമുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുംവിധമാണ് പാക്കേജ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ ഇത് സജ്ജമാക്കും. പാക്കേജിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് തൂണുകളിലാണ് രാജ്യത്ത് നിലനിൽപ്പ്. സാമ്പത്തികം, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ , ഭൂപ്രകൃതിയുടെ വൈവിധ്യങ്ങൾ എന്നിവയാണവ. അവയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •