സംവരണം മൗലിക അവകാശമല്ല – സുപ്രീം കോടതി

Print Friendly, PDF & Email

സംവരണം മൗലികാവകശമല്ലെന്നും സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്നും ഇതിനെ മൗലികാവകാശമായി കാണാനാവില്ലെന്നും സുപ്രീം കോടതി രണ്ടംഗബെഞ്ചിന്റെ നിര്‍ണ്ണായക വിധി. ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസുമാരായ എല്‍. നാഗേശ്വരറാവു, ഹേമന്ത്ഗുപ്ത എന്നിവരാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കാവുന്ന വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എഞ്ചിനീയര്‍മാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി-പട്ടികവര്‍ഗ സംവരണം പാലിക്കാത്തതിനെതിരെ സംസ്ഥാന ഹൈക്കോടതിയില്‍ ഹര്‍ജി വരികയും അതിന്മേല്‍ സര്‍ക്കാരിനോട് സംവരണം പാലിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിനെതിരായ അപ്പീലിന്മേലാണ് സുപ്രീംകോടതിയുടെ വിധി. ‘സംവരണം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരുവിധ നിര്‍ബന്ധവുമില്ലെന്നത് സംശയരഹിതമാണ്. ഒരാള്‍ക്ക് സംവരണം ആവശ്യപ്പെടാനുള്ള മൗലികാവകാശമില്ല. സംവരണം പാലിക്കണമെന്ന് സര്‍ക്കാരിനോട് കല്‍പിക്കാന്‍ കോടതിക്ക് കഴിയില്ല’.
എന്ന് കോടതി വിധിയില്‍ പറയുന്നു. സംവരണം പാലിക്കുന്നതിന് മതിയായ പരിശോധനകള്‍ നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് പറഞ്ഞ കോടതി, ആ വിവരങ്ങള്‍ ശരിയാണോയെന്ന് കോടതിക്ക് പരിശോധിക്കേണ്ട കാര്യമില്ലെന്നുകൂടി വ്യക്തമാക്കി.

ഉത്തരാഖണ്ഡ് പൊതുമരാമത്തുവകുപ്പില്‍ അസി.സിവില്‍ എഞ്ചിനീയര്‍മാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയില്‍ 2012ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതി നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ സംവരണത്തെ എതുര്‍ക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അവ നിര്‍ത്തലാക്കുന്നതിനും സാന്പത്തിക സംവരണം പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും കഴിയും. നിലവിലുള്ള സംവരണ രീതികള്‍ മാറ്റി പകരം സാന്പത്തിക സംവരണം കൊണ്ടുവരുക എന്ന് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ വളരെ കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നയം ഇനി ഏറെ ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കുവാന്‍ അവര്‍ക്ക് കഴിയും.

പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബല്‍, ദുഷ്യന്ത് ദാവെ തുടങ്ങിയവര്‍ കോടതിയുടെ നിലപാടിനെതിരെ തല്‍സമയംതന്നെ പ്രതികൂലമായി പ്രതികരിച്ചെങ്കിലും അവ ചെവിക്കൊള്ളാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. ഭരണഘടനയുടെ 16(4), 16 (4 എ) വകുപ്പുകളാണ് അഭിഭാഷകര്‍ സംവരണത്തിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്. സംവരണം നിര്‍ബന്ധമല്ലെന്നും സര്‍ക്കാരിന് അനിവാര്യമാണെന്ന് തോന്നുന്ന പക്ഷം നടപ്പിലാക്കാവുന്ന ഒന്നാണ് സംവരണം എന്നും വ്യാഖ്യാനിക്കാവുന്നതാണ് കോടതിയുടെ വിധി.

  •  
  •  
  •  
  •  
  •  
  •  
  •