ശബരിമല: സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം ഇന്ന്. ആകാംക്ഷയില്‍ കേരളം.

Print Friendly, PDF & Email

ശബരിമല യുവതീപ്രവേശ വിധിക്കെതിരേ സമർപ്പിച്ച 49 പുനഃപരിശോധനാ ഹർജികൾ ഇന്ന്  സുപ്രീംകോടതി പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ്  പുനഃപരിശോധന ഹര്‍ജികൾ  സുപ്രീംകോടതി ചേംബറിൽ (അടച്ചിട്ട കോടതിയിൽ) വൈകീട്ട് മൂന്നിന് പരിഗണിക്കുക.  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹർജികൾ തുറന്നകോടതിയിലും കേൾക്കും.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പരിഗണിക്കുക. ചേംബറിൽ വെച്ചു തന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘട ബെഞ്ചിന്‍റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികൾ. കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികൾ ആവശ്യപ്പെടുന്നു.

ഭരണഘടന ബെഞ്ചിന‍്റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളിൽ പറയുന്നുണ്ട്. ഹര്‍ജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്‍.  ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി  എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയിൽ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും.

കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്ന കോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല.

പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികൾ നിലനിൽക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. റിട്ട് ഹർജിയിലെ വിധിക്കെതിരായ ഹർജികളായതിനാൽ തള്ളാം. അല്ലങ്കില്‍  പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കേൾക്കാൻ തീരുമാനിക്കാം. അതിനാൽ, പുനഃപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കുകയോ അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാൽ, വിശാല ബെഞ്ചിന് വിടുകയോ ചെയ്യാം. എന്തായാലും ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ സംമ്പന്ധിച്ച് നിര്‍ണ്ണായക കോടതി വിധികളാണ് ഇന്നു വരാനിരിക്കുന്നത്.

 

 • 7
 •  
 •  
 •  
 •  
 •  
 •  
  7
  Shares