ശബരിമല: റിവ്യൂ പെറ്റീഷനില്‍ തീരുമാനം ഇന്ന്. പരിഗണിക്കുവാന്‍ സാധ്യത കുറവെന്ന് നിയമവിദഗ്ധര്‍

Print Friendly, PDF & Email

ശബരിമല കേസിലെ ഭൂരിപക്ഷവിധിയെ അട്ടിമറിക്കുന്ന വിധത്തില്‍
നിയമനിര്‍മാണം സാധ്യമല്ലന്നും മൗലികാവകാശനിഷേധത്തെ നിയമ നിര്‍മാണ ത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്നും നിയമവിദഗ്ധര്‍.  ശബരിമല യുവതികളുടെ പ്രവേശനത്തെ സംമ്പന്ധിച്ച സിപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 19 റിവ്യൂ പെറ്റീഷനുകള്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിയമജ്ഞരില്‍ നിന്ന് ഇത്തരം അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

സാധാരണഗതിയില്‍ ശബരിമലകേസിലെ വിധിക്കെതിരേ റിവ്യൂഹര്‍ജി നിലനില്‍ക്കില്ല. റിവ്യൂഹര്‍ജി അപ്പീലിന് തുല്യമായ ഒന്നല്ല. സുപ്രീംകോടതി ചട്ടങ്ങളിലെ 47-ാം വകുപ്പനുസരിച്ചു റിവ്യൂ അധികാരം വിരളമായിമാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. എന്തെങ്കിലും കാര്യം വിധിയില്‍ വിട്ടുപോയാലോ, പ്രകടമായ എന്തെങ്കിലും പിഴവ് വിധിയിലുണ്ടായാലോ അത് തിരുത്താന്‍മാത്രമേ റിവ്യൂ ഹര്‍ജികൊണ്ടും തെറ്റുതിരുത്തല്‍ ഹര്‍ജികൊണ്ടും കഴിയൂ. വിഷയത്തിന്റെ ഭിന്നവശങ്ങള്‍ വിലയിരുത്തി എഴുതിയ വിധി കുറച്ച് റിവ്യൂ ഹര്‍ജികളുടെമാത്രം അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ സാധ്യത കുറവാണ്.

ഏതെങ്കിലും ഒരു നിയമത്തിലെ അടിസ്ഥാനപരമായ പാളിച്ചയെന്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണഘടനാ കോടതി ആ നിയമം റദ്ദുചെയ്താല്‍ ആ പാളിച്ച പരിഹരിച്ചു കൊണ്ടു മാത്രം, അതേവിഷയത്തില്‍ മറ്റൊരു നിയമനിര്‍മാണമാകാം എന്നതാണ് നിയമതത്ത്വം. എന്നാല്‍, യുവതികളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന ബന്ധപ്പെട്ട ചട്ടം സുപ്രീംകോടതി റദ്ദാക്കിയത് അത് ലിംഗസമത്വത്തിനും തുല്യതയ്ക്കും സ്ത്രീയുടെ വ്യക്തിത്വത്തിനും എതിരുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ്.  യുവതികളെ മാറ്റിനിര്‍ത്തുന്ന സമ്പ്രദായം മൗലികാവകാശലംഘനമാണ്. അതുകൊണ്ടുതന്നെ, മൗലികാവകാശനിഷേധത്തെ നിയമനിര്‍മാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല.

യുവതികളെ വിലക്കിക്കൊണ്ട് വീണ്ടും ഒരു ഓര്‍ഡിനന്‍സോ നിയമമോ നിര്‍മിക്കുന്നപക്ഷം, ആ നിയമം മൗലികാവകാശങ്ങള്‍ക്ക് എതിരായിട്ടുള്ളതും കോടതിവിധിയെ ചോദ്യം ചെയ്യുന്നതുമായിരിക്കും. ഇത്തരത്തില്‍, ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പ്രഭാവം ഇല്ലാതാക്കുന്ന വിധത്തില്‍ ഒരു നിയമനിര്‍മാണം സാധ്യമല്ല.

കോടതി ആവശ്യപ്പെടാതെതന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പോകുന്നുവെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനവും തെറ്റാണ്. അങ്ങനെയൊരു നടപടിക്രമം ഇല്ല. കോടതി അത്തരം ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന പ്രസ്താവനയ്ക്ക് നിയമത്തിന്റെ പിന്‍ബലമില്ലന്നും നിയമവിദഗ്ധര്‍ പറയുന്നു.

ശബരിമല വിധിക്കെതിരെ ഓര്‍ഡിനന്‍സിറക്കാന്‍  കേന്ദ്രത്തിനാണോ അതോ സംസ്ഥാനത്തിനാണോ അധികാരം എന്ന ചോദ്യത്തിന്,  ഒരു പ്രസക്തിയുമില്ല.  ഭരണഘടനാബെഞ്ചിന്റെ വിധിയെ നിര്‍വീര്യമാക്കുന്ന നിയമം നിര്‍മിക്കാന്‍ ആര്‍ക്കാണ് അധികാരം?. തെറ്റിദ്ധാരണയില്‍നിന്നുണ്ടായതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ ചോദ്യമാണതെന്നും നിയമജ്ഞര്‍ പറയുന്നു.

ഭൂരിപക്ഷ കോടതിവിധി വന്നുകഴിഞ്ഞാല്‍ അതാണ് രാജ്യത്തെ നിയമം. അതനുസരിക്കാന്‍ രാജ്യത്തെ എല്ലാ അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. ഭരണഘടനയുടെ 141, 142 അനുച്ഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിധി പുനഃപരിശോധിക്കപ്പെടാത്തിടത്തോളം, കോടതിതന്നെ മാറ്റിയെഴുതാത്തിടത്തോളം അതാണ് പരമമായ നിയമം. ആള്‍ക്കൂട്ടങ്ങളുടെ അഭിപ്രായങ്ങളാണ് നിയമമെന്നുവന്നാല്‍ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും നിലനില്‍പ്പുണ്ടാവില്ല. നിയമവാഴ്ച ഇല്ലാതായാല്‍ അരാജകത്വമാണ് ഫലം. അതിനാല്‍ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം നിയമവാഴ്ചക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

(Visited 34 times, 1 visits today)
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares