ശബരിമല ക്ഷേത്രത്തില്‍ തന്ത്രി നടത്തിയ ശുദ്ധികൃയ താന്ത്രാചാരം ലംഘിച്ച് – ഡോ.രാജന്‍ ഗുരുക്കള്‍

Print Friendly, PDF & Email

“തന്ത്രി ഒരു സാധാരണ പൗരനാണ്. അദ്ദേഹം ഭരണഘടനാതീതനല്ല. തന്ത്രിക്കും ഈ രാജ്യത്തെ നിയമം ബാധകമാണ്”. ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവരുടെ നടപടിയെ വിമര്‍ശിച്ച് ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ.രാജന്‍ ഗുരുക്കള്‍ പറയുന്നു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

തന്ത്രിക്ക് വേണ്ടത്ര നിയമബോധമോ ഭരണഘടനാ പരിജ്ഞാനമോ ഉണ്ടാവണമെന്നില്ല. കാരണം അദ്ദേഹത്തിനു ജ്ഞാനം വേണ്ടത‌് ക്ഷേത്ര തന്ത്രത്തിലാണ്. അതുണ്ടാവണം. പക്ഷെ ഇവിടെ അദ്ദേഹത്തിനു താന്ത്രിക വിദ്യയിലും വേണ്ടത്ര പരിജ്ഞാനം ഉണ്ടെന്ന് കരുതുക വയ്യ.

കാരണം, പ്രസാദവും ബിംബവും ശുദ്ധം മാറിയെന്ന‌് നിശ്ചയിക്കുന്നത‌് ആഗമവിധി പ്രകാരമാണ്. സ്ത്രീപ്രവേശം കൊണ്ട‌് ക്ഷേത്രമോ പ്രതിഷ്ഠയോ അശുദ്ധമാകുമെന്ന് ഒരാഗമത്തിലും പറയുന്നില്ല. പിന്നെയുള്ളത് ജാത്യാചാരപ്രകാരമുള്ള അയിത്തമാണ്. അതനുസരിച്ചായിരുന്നോ തന്ത്രി പരിഹാരക്രിയ ചെയ്തത്?. എങ്കില്‍, അത് ഗുരുതരമായ തെറ്റാണ്. രാജ്യത്തെ ഭരണഘടനക്കും നിയമവ്യവസ്ഥകള്‍ക്കും എതിരാണ്.

വിധിപ്രകാരമുള്ള ശുദ്ധിക്രിയ പ്രായശ്ചിത്തഹോമം ചെയ‌്താവണം. അർധ കൃച്ഛം, അത്ഭുതശാന്തി, തത്വഹോമം തുടങ്ങിയവയിലേതെങ്കിലും നിർബന്ധമാണ‌്. ഏതിനായാലും ഒരുമണിക്കൂർ പോര. ഇനി കലശമാണെങ്കിലത‌് തത്വകലശമായിരിക്കണം. അതും ഒരുമണിക്കൂർകൊണ്ട‌് തീരില്ല. മാത്രവുമല്ല, ഹോമത്തോടൊപ്പം പശുസ‌്മാർത്തം, പശുദ്ദാനം തുടങ്ങിയവ വേണം. അതുംപോര. തിടമ്പ് ആവാഹക്കുറ്റിക്കുള്ളിലാക്കി പാലും തൈരും നെയ്യും ചാണകവും ഗോമൂത്രവും നിറച്ച‌് അടച്ച‌് ധ്യാനക്രിയ വേണം. പഞ്ചഗവ്യം പൂജിച്ച‌് ബിംബത്തിലും പീഠത്തിലും തളിച്ച‌് അഷ്ടബന്ധകലശമാടണം. എങ്കിലേ ബിംബശുദ്ധി വീണ്ടുകിട്ടൂ. പിന്നെ ഗോദോഹനം ചെയ‌്ത‌് പ്രാസാദശുദ്ധി വരുത്തണം. ക്ഷേത്രത്തിനകത്ത‌് പശുവിനെയും കിടാക്കളെയും കെട്ടി പുല്ലുതീറ്റി ഗോനിവാസം ചെയ‌്ത‌് അടിച്ചുതളിച്ച‌് പ്രസാദം കഴുകണം. പരമ്പരാഗത ആചാരം ഇതാണ്. ഇതിനൊക്കെ ഒരുപാടു ദിവസം പിടിക്കും. ഇതൊന്നും ശബരിമലയില്‍ ചെയ്തിട്ടില്ല.
ഒരു മണിക്കൂർ നടയടച്ചു ശുദ്ധിക്രിയ നടത്തി, അത്രമാത്രം!. തന്ത്രിക്ക‌് തോന്നുമ്പോലെയോ അല്ലെങ്കിൽ അദ്ദേഹത്തിനറിയുമ്പോലെയോ എന്തെങ്കിലും കാട്ടിക്കൂട്ടിയാണോ ശുദ്ധിക്രിയ നടത്തേണ്ടത്?. അതെവിടുത്തെ ആചാരമാണ്..???. തന്ത്രാചാരം ലംഘിക്കാനുള്ളതല്ല.

ക്ഷേത്രാചാരം താഴമൺ തന്ത്രിക്കും ചില സമുദായക്കാർക്കും മാത്രം തോന്നുന്നവയും അവർക്കറിയാവുന്ന കുറച്ചുകാലത്തെ പതിവും അല്ല. ഒരുകാലഘട്ടത്തിലെ വൈദികർ ചിട്ടപ്പെടുത്തിയ ആഗമികതന്ത്ര പാഠവും ദീർഘകാലം ഇവിടെ അനുസരിച്ച‌് പോരുന്നവയുമാണ്. പക്ഷെ, അന്നത്തെ ശുദ്ധാശുദ്ധസങ്കൽപ്പം ജാത്യാചാരങ്ങളുടെ ഭാഗമായിരുന്നു.

സമൂഹം മാറി. ജാതിയടിസ്ഥാനമാക്കിയുള്ള അയിത്താചാരം അനാചാരമാവുകയും അയിത്തംകൊണ്ട‌് ദേവന്റെ ശുദ്ധം മാറുമെന്ന വിശ്വാസം അന്ധവിശ്വാസമാവുകയും ചെയ്‌തു. അതൊക്കെ ജനം സംഘടിത സമരങ്ങളിലൂടെ നിർത്തലാക്കിച്ചവയാണ്. എന്താണശുദ്ധമെന്ന‌് നമ്മുടെ സാമൂഹ്യനീതിബോധത്തിനും സായൻസികയുക്തിക്കുമനുസരിച്ച‌് കാലോചിതമായി വിവേചിക്കണം. അതാണു നിയമം. ക്ഷേത്രം അശുദ്ധമാകാതെ നോക്കാം. പക്ഷേ, അതു തന്ത്രവിധിപ്രകാരമാവണം. ആചാരം ലംഘിക്കുന്നത‌് പൊറുക്കാത്ത തന്ത്രി ഒരുകാരണവശാലും തന്ത്രാചാരം ലംഘിച്ചുകൂടാ”.

(Visited 28 times, 1 visits today)
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
  9
  Shares