വിശക്കുന്ന ഇന്ത്യക്കാരന്‍റെ മുമ്പില്‍ ‘സപ്തപദി’യുമായി പ്രധാനമന്ത്രി

Print Friendly, PDF & Email

വിശക്കുന്നവന്‍റെ മുമ്പില്‍ ദൈവം പോലും അപ്പത്തിന്‍റെ രൂപത്തില്‍ വരുവാനേ ധൈര്യപ്പെടുകയുള്ളൂ എന്നാണ് വെപ്പ്. എന്നാല്‍ കൊറോണ ബാധയില്‍ ദുരിതത്തിലായ ഇന്ത്യന്‍ ജനതക്കു മുമ്പില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത് ‘സപ്തപദി’യുമായിട്ടായിരുന്നു. എന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സപ്തപദി’ എന്നല്ലേ… ഹൈന്ദവാചാരമനുസരിച്ച് വിവഹ സമയത്ത് ദമ്പതികളെടുക്കുന്ന വൃതവാഗ്നാനം പോലെ, ബുദ്ധയിസത്തിലെ ധര്‍മ്മസൂത്രങ്ങള്‍ പോലെ, ബൈബളിലെ പത്തുകല്‍പ്പനകള്‍ പോലെ ഇന്ത്യന്‍ ജനത ഈ കൊറോണ കാലത്ത് നെഞ്ചോടു ചേര്‍ത്തുപിടിക്കേണ്ട ഏഴ് ഉപദേശങ്ങളാണ് അത്. വിശപ്പുകൊണ്ട് വശം കെട്ട ജനകോടികള്‍ക്ക് മൂന്നുനേരം ഉരുവിട്ടാഹരിക്കുവാനുള്ള സപ്താക്ഷരിമന്ത്രം…!.

1. വയോജനങ്ങളെയും നേരത്തെ രോ​ഗമുള്ളവരേയും പരിപാലിക്കുക.
2.സാമൂഹിക അകലം പാലിക്കണം, മാസ്ക് ഉപയോഗിക്കണം.
3.പ്രതിരോധ ശേഷി വ‌‌ർധിപ്പിക്കുവാനായി ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച ആയുഷ് നിർദ്ദേശങ്ങൾ പാലിക്കണം.
4.ആരോഗ്യസേതു ആപ്ലിക്കേഷൻ ‍ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കുക.
5.പാവപ്പെട്ടവരെ സഹായിക്കുക.
6.ആരെയും ജോലിയിൽ നിന്ന് പുറത്താക്കരുത്. കൂടെ ജോലി ചെയ്യുന്നവരോട് ദയവ് കാണിക്കണം.
7.കൊവിഡ് യോദ്ധാക്കളെ ബഹുമാനിക്കുക.

പ്രിയപ്പെട്ട പ്രധാനമന്ത്രീ ഈ സപ്തപദി മൂന്നു നേരം ഉരുവിട്ടാഹരിച്ചാല്‍ വിശപ്പു മാറില്ല. ഉപദേശങ്ങളല്ല ഇന്ത്യന്‍ ജനതക്കു വേണ്ടത്. വിശപ്പിന് അപ്പവും കിടക്കുവാന്‍ പാര്‍പ്പിടവുമാണ്. “ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു” എന്ന് പ്രധാനമന്ത്രി പറയുന്നു. പ്രധാനമന്ത്രിയുടെ നമിക്കല്‍ അല്ല വേണ്ടത്. വേണ്ടത് അപ്പമാണ്… നഷ്ടപ്പെട്ട തൊഴിലാണ്… രോഗത്തിന് ചികിത്സയും മഹാമാരിയില്‍ നിന്ന് മോചനവും ആണ്. അതിനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്. അതിന് രാജ്യം എന്ത് ചെയ്യുന്നു എന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്.

സ്വന്തം ജന്മഭൂമിയില്‍ എത്തിച്ചരാന്‍ കാത്തുകെട്ടികിടക്കുന്ന ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരെ പറ്റി പ്രധാനമന്ത്രിക്ക് ഒന്നും പറയുവാനുണ്ടായില്ല. സ്വന്തം നാട്ടിലെത്തുവാന്‍ കഴിയാതെ ദുരിത മനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ പറ്റി പ്രധാനമന്ത്രിക്ക് യാതൊരു വേവലാതിയുമില്ല. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ പുനര്‍ ജീവിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. ആരെയും ജോലിയിൽ നിന്ന് പുറത്താക്കരുത്, കൂടെ ജോലി ചെയ്യുന്നവരോട് ദയവ് കാണിക്കണം എന്നു പറയുന്ന പ്രധാനമന്ത്രിക്ക് പിച്ചച്ചട്ടിയെടുത്ത തൊഴില്‍ ദാതാക്കളുടെ പുനര്‍ജീവനത്തിന് മാര്‍ഗ്ഗങ്ങളൊന്നും ചൂണ്ടികാണിക്കുവാനില്ല. ഇന്നു രാവിലെ പത്തുമണിക്ക് പ്രധാനമന്ത്രിരാജ്യത്തോട് സംസാരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ കാത്തിരുന്നത്. അവരെ തികച്ചും നിരാശപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി.

  •  
  •  
  •  
  •  
  •  
  •  
  •