ലോക്ഡൗണ്‍ പിന്‍വലിച്ചാലും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങില്ല…?
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടിക്കേണ്ടെന്ന തീരുമാനവുമായി ബസുടമകള്‍. കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങളും കടുത്ത നിബന്ധനകളും പാലിച്ച് ബസ് സര്‍വീസ് നടത്തുക അസാധ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ ഒരു വര്‍ഷം ബസുകള്‍ ഓടിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ വന്ന് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചാലും കര്‍ശന നിയന്ത്രണങ്ങളോടെയേ കുറേ കാലത്തേക്കെങ്കിലും സര്‍വ്വീസ് നടത്തുവാന്‍ കഴിയുകയുള്ളു. പഴയപോലെ തിക്കിതിരക്കിയുള്ള യാത്ര അനുവദിക്കാന്‍ വഴിയില്ല. യാത്രക്കാരുടെ ഇടയിലും സാമൂഹിക അകലം നിര്‍ബ്ബന്ധമാക്കും. അതോടെ ഒരു ബസ്സില്‍ 15ഓ 20തോ ആള്‍ക്കാരില്‍ കൂടുതല്‍ കയറ്റുവാന്‍ കഴിയാതെ വരും. ഈ നിബന്ധനകള്‍ കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊണ്ണൂറ് ശതമാനം ബസ് ഉടമകളും ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കുറഞ്ഞത് രണ്ടുമാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിലേ ഇന്‍ഷ്വറന്‍സിലും നികുതിയിലും ഇളവു ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്കാന് ബസ് ഉടമസ്ഥരെ പ്രേരിപ്പിക്കുന്നു.
സംസ്ഥാനത്ത് ആകെയുള്ളത് 12,600 സ്വകാര്യ ബസുകള്‍ ആണ്. ഈ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12,000 ബസുകള്‍ ലോക്ക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ഇതിനെ അതിജീവിക്കണമെങ്കില്‍ യാത്ര നിരക്ക് ഇപ്പോഴത്തേതിലും ഇരട്ടിയാക്കണം. ഇത് യാത്രക്കാരുടെ വലിയ പ്രതിക്ഷേധത്തിന് കാരണമാകും. സര്‍ക്കാര്‍ അത് അനുവദിക്കുവാന്‍ സാധ്യതയില്ല. അതിനാല്‍ ബസ്സുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കു മാത്രമേ തങ്ങളുടെ മുന്പില് വഴിയുള്ളുവെന്നാണ് ബസ് ഉടമസ്ഥരുടെ നിലപാട്. അരലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുമെന്നതിനുമപ്പുറം യാത്രക്കാരും ബസുകള്‍ ഓടാതാകുന്നതോടെ കഷ്ടപ്പാടിലാകും. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് കരുതുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.