തെറ്റുപറ്റിയോ ഡബ്ല്യുഎച്ച്ഒക്ക്..? ധനസഹായം നിര്‍ത്തലാക്കി യു.എസ്..!
കോവിഡ് മഹാമാരി ലോകത്തെ കീഴ് പ്പെടുത്തിക്കൊണ്ടിരിക്കവെ ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യൂ.എച്ച്.ഒ) ധനസഹായം താല്‍ക്കാലികമായി നിര്‍ത്തലാക്കി യു.എസ് പ്രസിഡണ്ട്. രണ്ടു മൂന്നു മാസത്തേക്ക് ധനസഹായം പിടിച്ചുവയ്ക്കാനാണ് ട്രംപിന്റെ തീരുമാനം.യു.എസില്‍ കോവിഡ് പടര്‍ന്നു പിടിച്ചതിന് പിന്നില്‍ ഡബ്ല്യൂ.എച്ച്.ഒയാണ് എന്നാരോപിച്ചാണ് ട്രംപിന്റെ ആരോപണം. സംഘടന ചൈനയെ വഴി വിട്ടു സഹായിക്കുന്നു എന്നും അ്ദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഷത്തില്‍ 400-500 മില്യണ്‍ യു.എസ് ഡോളറാണ് യു.എസ് സംഘടനയ്ക്ക് സഹായമായി നല്‍കാറുള്ളത്. ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയ നടപടി ആരോഗ്യ വിദഗ്ദ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യസംഘടനയുടെയും മറ്റു മാനുഷിക സംഘടനകളുടെയും വിഭവങ്ങള്‍ കുറയ്ക്കേണ്ട സമയമിതല്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.
കോവിഡ് 19-മായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ലോകാരോഗ്യസംഘടനയെ പറ്റി ഉയര്‍ന്നിട്ടുള്ളത്. ജനുവരി 14-ന് ‘പുതിയ ഇനം കൊറോണ വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുമെന്നതിന് വ്യക്തമായ തെളിവില്ല’ -എന്ന് ഡബ്ല്യു.എച്ച്.ഒ. ട്വിറ്ററിൽ പറഞ്ഞു. ചൈനയുടെ വാക്ക് മാത്രം വിശ്വസിച്ചായിരുന്നു ഡബ്ലുഎച്ച്ഒയുടെ ഈ നലപാട്. അന്നുതന്നെ പുതിയ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് തയ്വാൻ ലോകാരോഗ്യസംഘടനയ്ക്ക് മുന്നറിയിപ്പ് നൽകുകയുംചെയ്തിരുന്നു. ഒരാഴ്ചക്കു ശേഷം ജനുവരി 22-ന് മാത്രമാണ് മുന്‍ നിലപാട് തിരുത്തി ‘വുഹാനിൽ വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കു പകരുന്നതായി കാണുന്നു’ എന്ന് ഡബ്ല്യു.എച്ച്.ഒ. ട്വീറ്റു ചെയ്തത്. ഇന്ന് അമേരിക്ക ഡബ്ലുഎച്ച്ഒക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണവുമാണിത്.
2020 ജനുവരി 30ന് ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതേദിവസം തന്നെ ലോകാരോഗ്യ സംഘടന പറഞ്ഞത് ‘കോവിഡ് വ്യാപനം തടയാൻ യാത്രാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ട ആവശ്യമില്ലന്നായിരുന്നു’. ഡബ്ലുഎച്ച് ഒയുടെ വാക്ക് വിശ്വസിച്ചാണ് തങ്ങളുടെ രാജ്യത്ത് കോവിഡ് നിയന്ത്രണ നടപടികളെടുക്കുവാന്‍ വൈകിയതെന്നും അതിനാല്‍ അമേരിക്കയില്‍ കോവിഡ്-19 പടരുവാനുള്ള കാരണം ഡബ്ലുഎച്ച് ഒ ആണെന്നുമുള്ള ട്രംപിന്റെ ആരോപണത്തിന്റെ കാതല്‍ ഇതാണ്. തുടര്‍ന്ന് മാർച്ചിൽ, തായ്വാന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഡബ്ല്യു.എച്ച്.ഒ.യുടെ മുതിർന്ന ഉദ്യോഗസ്ഥൻ വിസമ്മതിച്ചതായിറിപ്പോര്ട്ട് പുറത്തു വന്നു. ചൈനയുടെ സമ്മർദത്തെത്തുടർന്ന് ആയിരുന്നു ഡബ്ല്യു.എച്ച്.ഒ ഇത്തരമൊരു നിലപാട് എടുത്തതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. വുഹാനില്‍ പൊട്ടിപുറപ്പെട്ട നോവല്‍ കൊറോണ രോഗത്തെ നിസാരവത്കരിക്കുവാന് ആദ്യഘട്ടത്തില്‍ ചൈന ശ്രമിച്ചിരുന്നുവെന്നും ആ ശ്രമങ്ങളെ ഡബ്ല്യു.എച്ച്.ഒ നിശബ്ദമായി പിന്തുണച്ചിരുന്നുവെന്നും ആണ് ഉയരുന്ന ആരോപണം. ഇതിന്റെ ബാക്കിപത്രമാണ് ഡബ്ല്യു.എച്ച്.ഒ ക്കുള്ള സാന്പത്തിക സഹായം തടഞ്ഞുവച്ച ട്രംപിന്റെ നടപടി.