ലഫ്. ഗവര്‍ണ്ണര്‍ വസതിയലെ സമരം: കേജരിവാളിനെ തളയ്ക്കാന്‍ കഴിയാതെ മോദിയും കോണ്‍ഗ്രസ്സും 

Print Friendly, PDF & Email

ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബബൈജാല്‍ന്റെ വസതിയില്‍ 6 ദിവസമായി്ട്ട് മുഖ്യമന്ത്രി കേജരിവാളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ധര്‍ണ്ണയും നിരാഹാര സമരവും പുതിയ തലത്തിലേക്ക്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയും മോദിക്കെതിരെയും പ്രതിക്ഷേധവുമായി ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് കൂറ്റന്‍ റാലി നടത്തുന്നതോടെ പ്രതിക്ഷേധം കേന്ദ്രസര്‍ക്കാരനെതിരെ പ്രത്യക്ഷമായി തന്നെ തിരിയുകയാണ്.

മണ്ടിഹൌസ് മെട്രോ സ്‌റ്റേഷനില്‍ നിന്നും ഇന്ന് 4 മണിക്ക് പ്രതിക്ഷേധ മാര്‍ച്ച് തുടങ്ങും. ആം ആദ്മി പാര്‍ട്ടിയുടെ പ്രക്ഷോപങ്ങളില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭത്തിനായിരിക്കും ഡല്‍ഹി സാക്ഷ്യം വഹിക്കുക. ജന ലക്ഷങ്ങളായിരിക്കും മോദിക്കെതിരെ ഒന്നിക്കുക. സമരം നേരിടാന്‍
രണ്ടുമണിക്കു ശേഷം ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയര്‍ , കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ കേജരിവാളിനെ ലഫ്.ഗവര്‍ണ്ണറുടെ വസതിയില്‍ പോയി കാണാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കെജ്രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചാണ് അവര്‍ കേന്ദ്രത്തിന് മറുപടി നല്‍കിയത്.

പിന്നീട് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെ ദില്ലി വിഷയം ദേശീയ വിഷയമായി മാറിക്കഴിഞ്ഞു. ഈ നാല് മുഖ്യമന്ത്രിമാരുടെ നീക്കം കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും മാത്രമല്ല കോണ്‍ഗ്രസ്സിനെയും ഞെട്ടിച്ചിട്ടുണ്ട്.

വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ ഫയല്‍ ഒപ്പുവയ്ക്കാത്തതും ഐ.എ എസുകാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാത്തതുമാണ് ലഫ്.ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ നിരാഹാരം ഇരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും സംഘത്തെയും പ്രേരിപ്പിച്ചത്. സ്വയംഭരണ അവകാശം ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ ഐ.എ.എസുകാര്‍ക്കെതിരായി നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ ഐഎഎസ്സുകാരെ
പിന്തുണച്ച്‌, എഎപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടങ്കോലിടുകയാണ് ലഫ്.ഗവര്‍ണര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ലഫ്.ഗവര്‍ണ്ണര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് കെജ്‌രിവാളിനോടൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും ലഫ് ഗവര്‍ണ്ണറെ കാണുവാന്‍ വസതിയില്‍ നേരിട്ടെത്തിയെങ്കിലും കൂടികാഴ്ചക്ക് സമയം അനുവദിച്ചില്ല. തുടര്‍ന്ന് ഗവര്‍ണ്ണറെ കണ്ടിട്ടേ പോവുകയുള്ളു എന്നുപറഞ്ഞ് ഗവര്‍ണ്ണറുടെ വസതിയില്‍ തുടരുകയായിരുന്നു. സമരം ആറ് ദിവസം പിന്നിട്ടെങ്കിലും ഇതുവരെ ഇവരെ ചര്‍ച്ചക്ക് വിളിക്കാന്‍ ലഫ്.ഗവര്‍ണര്‍ തയ്യാറായിട്ടില്ല.

ലോക്‌സഭ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ , ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും ഒരേപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.  ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച്  ഡല്‍ഹി ഗവണ്മെന്റിനെ ഇല്ലാതാക്കാം എന്ന മോഡിയുടെ കുരുട്ടുബുദ്ധിയെ ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കണ്ടത്.

ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഭരണപക്ഷമായ എ.എ.പി ആരോപിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാഥവ്, നടന്‍ കമല്‍ഹാസന്‍ തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഇതോടെ കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്.

പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ തീവ്രശ്രമമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. “നിങ്ങളുടെ വീട്ടിനു മുന്നില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചു, പക്ഷേ ആ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ രാഷ്ട്രീയം കളിക്കുന്നതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ 6 ദിവസമായി ലഫ്.ഗവര്‍ണ്ണറുടെ വീട്ടില്‍ കുത്തിയിരിക്കുന്നു… ഇനി നിങ്ങളാണ് ഉണരേണ്ടത്”  വീടുകള്‍ കയറി എ.എ.പി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നു, ഒപ്പുശേഖരണം നടത്തുന്നു. ഒപ്പു ശേഖരണത്തിന് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്.

രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതമാക്കുന്ന അവസ്ഥ സൃഷ്ടിക്കുക വഴി ജനവിരുദ്ധ നിലപാടുകളാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ കെജ്‌രിവാളിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലും എ.എ.പിക്ക് നാല്‌
എം.പിമാരുള്ള പഞ്ചാബിലും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. ഡല്‍ഹി സര്‍ക്കാറിനെ വെട്ടിലാക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ തന്നെയാണ് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ആം ആദ്മിക്കൊപ്പം നിന്നിട്ടും ബി ജെ പിക്ക് പിന്തുണ നല്‍കി കോണ്‍ഗ്രസ്സ് സ്വയം അപഹാസ്യരായിരിക്കുകയാണ്. ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കളിയില്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ് പരോക്ഷമായി ലഫ്.ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയാണെന്ന എ.എ.പിയുടെ പ്രചരണം ജനരോക്ഷം കോണ്‍ഗ്രസ്സിനെതിരെയും തിരിച്ചിട്ടുണ്ട് ‘കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ’ എന്ന ചോദ്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്സ്. കേരളം, ആന്ധ്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, യു.പി, കര്‍ണാടക സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ കെജ്‌രിവാളിനൊപ്പം നിലപാട് എടുത്തത് അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിക്ക് വലിയ പ്രഹരം തന്നെയാണ്.

രാജ്യ വ്യാപകമായി ഡല്‍ഹിക്ക് സ്വയം ഭരണം വേണമെന്ന ആവശ്യത്തിന് പിന്തുണ ആര്‍ജ്ജിക്കാനും എ.എ.പിക്കും കെജ്‌രിവാളിനും താരപരിവേഷം ലഭിക്കുവാനും ലഫ്.ഗവര്‍ണ്ണറുടെ ഓഫീസിലെ ഈ കുത്തിയിരിപ്പ് സമരം കാരണമായിട്ടുണ്ട്. കേജരിവാളിനെ തല്ലാന്‍ എടുത്ത വടികൊണ്ട് സ്വയം അടി വാങ്ങി മോദി വീണ്ടും പരിഹാസ്സനാവുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്സാകട്ടെ, ഡല്‍ഹിയിലെ ശത്രുവിനെ തുരത്താന്‍ മറ്റൊരു മുഖ്യശത്രുവിനെ കൂട്ട് പിടിച്ചതിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്.

(Visited 23 times, 1 visits today)
  • 7
  •  
  •  
  •  
  •  
  •  
  •  
  •  
    7
    Shares