റേഡിയേഷന്‍ തടയാനുള്ള ‘ചാണക ചിപ്പ്’; തെളിവ് ചോദിച്ച് ശാസ്ത്രജ്ഞര്‍

Print Friendly, PDF & Email

കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്‍റെ കീഴില്‍ വരുന്ന ഏജന്‍സിയായ രാഷ്ട്രീയ കാമധേനു അയോഗ് പുറത്തിറക്കിയ റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചാണക ചിപ്പിന്‍റെ ശാസ്ത്രീയ തെളിവ് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍. ഐഐടി മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ 400ഓളം ശാസ്ത്രജ്ഞരാണ് ഇത്തരമൊരു അവകാശവാദം ഉയര്‍ത്താന്‍ രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വെളപ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്തയച്ചത്.

ഒക്ടോബര്‍ 13നാണ് ചാണക ചിപ്പുകള്‍ പുറത്തിറക്കിയ വിവരം വല്ലഭായി കത്തിരീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചിപ്പ് പുറത്തിറക്കിയത് എന്നായിരുന്നു വല്ലഭായി കത്തിരീയ അവകാശപ്പെട്ടത്. ഇതി സംബന്ധിച്ച പരീക്ഷണങ്ങള്‍ എവിടെ വച്ചാണ് നടന്നത്? എപ്പോഴാണ് നടന്നത്? ആരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടന്നത്? ഇത് സംബന്ധിച്ച ഗവേഷണ വിവരങ്ങള്‍ ഏത് ശാസ്ത്ര മാസികയിലാണ് പ്രസദ്ധീകരിച്ചത്? ഈ ഗവേഷണത്തിനായി പൊതു ഖജനാവില്‍ നിന്നുള്ള പണമാണോ ചെലവിട്ടത്? ആരാണ് പണം നല്‍കിയത്? തുടങ്ങിയ ചോദ്യങ്ങളാണ് കാമധേനു അയോഗ് ചെയര്‍മാന്‍റെ മുന്പില്‍ ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ദേശീയതലത്തില്‍ രാഷ്ട്രീയ കാമധേനു അയോഗ് സംഘടിപ്പിക്കുന്ന കാമധേനു ദീപാവലി അഭിയാന്‍ പ്രഖ്യാപന സമയത്താണ് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ ചാണക ചിപ്പിന്‍റെ കാര്യം വെളിപ്പെടുത്തിയത്. പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചിപ്പാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് കത്തിരീയ അവകാശപ്പെട്ടത്. ഈ ചിപ്പ് നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം. ഇത് നിങ്ങളുടെ മൊബൈലിന്‍റെ റേഡിയേഷന്‍ കുറയ്ക്കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് വല്ലഭായി കത്തിരീയ പറഞ്ഞിരുന്നു. രാജ്യത്തെ 500 ഓളം ഗോ ശാലകള്‍ ഇത്തരം ചാണകം കൊണ്ടുള്ള റേഡിയേഷന്‍ ചിപ്പ് നിര്‍മ്മിക്കുന്നുണ്ടെന്നും, അത് 100 മുതല്‍ 50 രൂപവരെ രൂപയ്ക്ക് ലഭിക്കുമെന്നും. ഇത് കയറ്റുമതി വരെ ചെയ്യുന്ന വ്യക്തികളുണ്ടെന്നും വല്ലഭായി കത്തിരീയ അവകാശപ്പെട്ടിരുന്നു.

രാജ്യത്തെ കന്നുകാലി സമ്പത്തിനെ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് വേണ്ടി 2019 ഫെബ്രുവരി 6 ന് മൃഗ, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്‍റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥപിച്ച ഏജന്‍സിയാണ് രാഷ്ട്രീയ കാമധേനു അയോഗ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *