റിന്‍സണ്‍ന്റെ ഘാതകരെ പോലീസ് പിടിച്ചതായി സൂചന
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട റിന്സണ് (23)ന്റെ ഘാതകരെ പോലീസ് പിടിച്ചതായി സൂചന. ആസാം സ്വദേശികളായ സഹോദരങ്ങളും സുഹൃത്തായ ഒറീസ സ്വദേശിയും ചേര്‍ന്നാണ് റിന്‍സണെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്. ആസാമില്‍ നിന്നും മറ്റും തൊഴിലാളികളെ കൊണ്ടു വന്ന് ബെംഗളൂരുവിലെ തൊഴില്‍ മേഖലകളിലേക്ക് സപ്ലെ ചെയ്യുന്നവരാണ് പ്രതികളെന്നാണ് അറിയുന്നത്. റിന്‍സണ്‍റെ കൈവശമുണ്ടായിരുന്ന മൊബൈലുകളും പണവും വാഹനവും മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയെതെന്നാണ് സൂചന. പ്രതികള്‍ റിന്‍സണ്‍റെ മൊബൈലില്‍ സിം കാര്‍ഡ് മാറ്റി പുതിയ സിം ഇട്ടതോടെയാണ് പ്രതികളെ കണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞത്. മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തുവാനും പോലീസിനു കഴിഞ്ഞുവെന്നാണ് അറിയുന്നത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോലീസ് കേന്ദ്രങ്ങള്‍ തയ്യാറായിട്ടില്ല. കെജിഹള്ളി പോലീസാണ് കേസന്വേഷണം നടത്തുന്നത്. കേസന്വേഷണം സുഗമമായി നടത്തുന്നതിനായി തമിള്‍നാട് പോലീസില്‍ നിന്ന് കേസ് നേരത്തെതന്നെ ബംഗളൂരു പോലീസ് ഏറ്റെടുത്തിരുന്നു. മരണമടഞ്ഞ റിന്‍സണെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ശരീരത്തില്‍ കണ്ട മുറിവുകള്‍ മരണകാരണമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹൊസൂര്‍ പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
സ്വന്തമായ റിനോള്‍ഡ് ലോഡ്ജി കെഎ 51 എഎ 9202 ടാക്സി കാറുമായി മാര്‍ച്ച് 18ന് രാത്രി 12.30ന് യലഹങ്കയില്‍ വച്ച് കാണാതായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയും ആര്.ടി നഗര്‍ കാവല്‍ബൈരസാന്ദ്രയില്‍ താമസക്കാരനുമായ ടി. എല്‍ സോമന്റെ മകന് റിന്‍സണ്‍ന്റെ മൃതദേഹം തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഹൊസൂരില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ബീദരപ്പള്ളി ഗവര്‍മ്മെന്റ് സ്കൂളിനു സമീപം ഓവ് ചാലില്‍ കണ്ടെത്തുകയായിരുന്നു. അജ്ഞാത ബോഡി എന്ന നിലയില്‍ ഹൊസൂര്‍ ഗവര്‍മെന്റ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച റിന്‍സണ്‍ന്റെ മൃതശരീരം റിന്‍സനെ കാണാതായിട്ട് എട്ടാം നാള് ; 24ന് ആണ് തിരിച്ചറിഞ്ഞത്. റിന്‍സ നെ കാണാതായ അന്ന് രാത്രി 3.30നോട് റിന്സണ് കാറുമായി ഹൊസൂര്‍ അതിര്‍ത്തിയിലെ അത്തിബല്ല ടോള്‍ ബൂത്ത് കടന്നു പോയെന്ന് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് തിരച്ചറിഞ്ഞു. തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ വാഹനം തമിഴ്നാട് അതിര്‍ത്തി കടന്നുവെന്ന് തമിഴ്നാട് പോലീസിനെ അറിയിച്ചതോടെയാണ് അജ്ഞാത മൃതദേഹം ഹൊസൂര്‍ ഗവര്‍മ്മെന്റ് ആശുപത്രിയില്‍ ഉള്ള വിവരം കര്‍ണ്ണാടക പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതശരീരം റിന്‍സണ്‍ന്റേതാണെന്ന് തിരച്ചറിയുകയായിരുന്നു.
2 - 2Shares