റഫാൽ രേഖകൾ മോഷണം പോയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍

Print Friendly, PDF & Email

റഫാൽ രേഖകൾ മോഷണം പോയെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വിഷയം വിവാദമായതോടെ മലക്കം മറിഞ്ഞു. റഫാൽ രേഖകൾ മോഷണം പോയി എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും റഫാൽ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ പുനഃപരിശോധനാ ഹർജിയിൽ ഉപയോഗിച്ചെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ നിലപാട്.

“രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെട്ടു. ഗുരുതരമായ ഈ കൃത്യം ചെയ്തവര്‍ക്കെതിരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെയും ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുo”എന്നാണ് അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ”പ്രതിരോധമന്ത്രാലയത്തിലെ രേഖകൾ മോഷണം പോയി” എന്ന് സുപ്രീംകോടതിയിൽ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.

റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാർച്ച് ആറിന് കേന്ദ്രസർക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തിൽ ചീഫ് എഡിറ്റർ എൻ റാം റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും കെ കെ വേണുഗോപാൽ പറഞ്ഞു.

പ്രതിരോധമന്ത്രാലയത്തിൽ തന്നെയുള്ള ചിലർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചു. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്. ഇതും കുറ്റകരമാണ്. – എന്നും കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

റാഫേല്‍ ഇടപാടില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തിന്‍റെ മേല്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നത് തടയുന്നതിനു വേണ്ടിയാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടു വെന്നും മോഷ്ടിക്കപ്പെട്ട രേഖയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ എത്തിയ പുനപരിശോധന ഹര്‍ജി തള്ളിക്കളയണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദമുഖം ഉന്നയിച്ചത്. എന്നാൽ രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് എജിയ്ക്ക് കേൾക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ പേരിൽ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കേസ് ഇനി ഈ മാസം 14-ന് പരിഗണിക്കാനിരിക്കെയാണ് അറ്റോർണി ജനറൽ തന്‍റെ നിലപാട് തിരുത്തുന്നത്. അതോടെ സര്‍ക്കാരിന്‍റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.

ഇതിന്‍റെ പേരിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.

  •  
  •  
  •  
  •  
  •  
  •  
  •