രൂപയുടെ മൂല്യം റിക്കോര്‍ഡ് തകര്‍ച്ചയില്‍

Print Friendly, PDF & Email

ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 74 ഉം കടന്ന് രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പോളിസികളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ 74.15ലാണ് നിലവില്‍ രൂപയുടെ വ്യാപാരം. അതേസമയം, 754.25 പോയിന്റ് ഇടിഞ്ഞ് 34,389.87ലും നിഫ്റ്റി 280.85 പോയിന്റ് ഇടിഞ്ഞ് 10,318.65 ലും വ്യാപാരം പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്ക് റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതാണ് വിപണിക്കു തിരിച്ചടിയായത്.

2018 വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ 13.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കറന്‍സികളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടെ രൂപയില്‍ നടക്കുന്നത്.

വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് മികച്ച നേട്ടമാണ് ഇത് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണി എക്സ്ചേഞ്ച് സെന്ററുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാസാദ്യം ശമ്പള ദിവസങ്ങള്‍ കൂടി ആയതിനാല്‍ പണം അയക്കുന്നവരുടെ എണ്ണത്തില്‍ വരും ദിവസങ്ങളിലും വര്‍ദ്ധനവുണ്ടാകും. എന്നാല്‍ രൂപയുടെ മൂല്യം ഉയരുമെന്ന പ്രതീക്ഷയില്‍ പണം അയക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കാമെന്ന് കരുതുന്നവരും കുറച്ചല്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎഇ ദിര്‍ഹത്തിന് 21 രൂപ വരെ ലഭിക്കുന്ന സ്ഥിതിവിശേഷം അധികം വൈകില്ലെന്നാണ് ഗള്‍ഫിലെ സാമ്പത്തിക വിദഗ്ദരുടെയും അഭിപ്രായം. അതേസമയം ഇത് മുതലാക്കാനായി ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും പണം നാട്ടിലേക്ക് അയക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

 

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share

Pravasabhumi Facebook

SuperWebTricks Loading...